കൊല്ലം: കേരളത്തിന്റെ പൊതുബോധത്തെ തിരുത്തി എഴുതിയ ദാര്‍ശനികനായിരുന്നു പി.പരമേശ്വര്‍ജി എന്ന് ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്.സഞ്ജയന്. ഓലയില്‍ മാധവസദനില് സംഘടിപ്പിച്ച പി.പരമേശ്വര്‍ജി സ്മരണാഞ്ജലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭഗവദ്ഗീതയും, ആദ്ധ്യാത്മരാമായണവും ജനഹൃദയങ്ങളിലേക്ക് ഭാവാത്മകമായി പകര്‍ന്നു നല്കാന് അദ്ദേഹത്തിനായി. കേരളത്തെ ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്ക് നയിച്ച കര്‍മ്മയോഗിയാണ് അദ്ദേഹം. ജീവിത ദൗത്യവുമായി ബന്ധപ്പെട്ട് എല്ലാത്തരം കടന്നാക്രമണങ്ങളെയും നേരിട്ടു. ആശയ സംവാദങ്ങളില്‍ സ്വധര്‍മ്മം ഉയര്‍ത്തിപ്പിടിച്ചു. വിരുദ്ധ ചേരിയിലുള്ളവരുമായി അവരുടെ ആശയങ്ങളോട് വിയോജിച്ചുകൊണ്ട് തന്നെ ആത്മബന്ധത്തോടെ പെരുമാറാന്‍ പരമേശ്വര്ജിക്കായി. ദേശീയതയെയും സംസ്കാരത്തെയും കടന്നാക്രമിക്കുന്ന വേളയിലെല്ലാം ഋഷി തുല്യമായ ഇടപെടലുണ്ടായി. പി.പരമേശ്വര്‍ജി തലമുറകള്‍ക്ക് പ്രചോദനമാണ്. പാഠ്യവിഷയമാകേണ്ട ജീവിതയാത്രയായിരുന്നു അദ്ദേഹത്തിന്റെതെന്നും ആര്. സഞ്ജയന് പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി ജോയിന്റ് സെക്രട്ടറി ശ്രീകണഠന് അധ്യക്ഷനായി. ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്കപ്രമുഖ് സി. കെ. ചന്ദ്രബാബു, സെക്രട്ടറിമാരായ രാജു സി വലിയകാവ്, ചന്ദ്രശേഖരന്, സോമയാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: