അമ്പലപ്പുഴ: സ്വകാര്യ ക്ലിനിക്കുകള്‍ രോഗികളെ പിഴിയുന്നു. നടപടി സ്വീകരിക്കാതെ അധികൃതര്‍. ജില്ലയില്‍ സ്വകാര്യ ഡിസ്പന്‍സറികളും ക്ലിനിക്കുകളുമാണ് രോഗികളില്‍ നിന്ന് ചികിത്സക്കും മരുന്നിനുമായി വന്‍ തുക ഈടാക്കുന്നത്. കോവിഡ് കാലമായതിനാല്‍ മെഡിക്കല്‍ കോളേജാശുപത്രിയിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും കടുത്ത നിയന്ത്രണമായതിനാല്‍ ഭൂരിഭാഗം രോഗികളും ഇത്തരം സ്വകാര്യ ഡിസ്പന്സറികളെയും ക്ലിനിക്കുകളെയുമാണ് ചികിത്സക്കായി ആശ്രയിക്കുന്നത്.
ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് കൂടുതല്‍ പേരും ഇപ്പോഴും സ്വകാര്യ ക്ലിനിക്കുകളെയാണ് ആശ്രയിക്കുന്നത്. ഇത് മുതലെടുത്തു കൊണ്ട് വലിയ തുകയാണ് പല ക്ലിനിക്കുകളും ഈടാക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരാണ് ഇത്തരം ക്ലിനിക്കുകള്‍ നടത്തി രോഗികളെ പിഴിയുന്നത്. നിസാര രോഗത്തിന് ചികിത്സ തേടിയെത്തായാലും 350 മുതല്‍ 500 രൂപ വരെയാണ് ഓരോ രോഗിയില്‍ നിന്നും ഈടാക്കുക. പ്രത്യേകിച്ചും മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഒപി സമയം അവസാനിച്ചു കഴിഞ്ഞാല്‍ ഭൂരിഭാഗം രോഗികളും ആശ്രയിക്കുന്നത് ഇത്തരം സ്വകാര്യ ക്ലിനിക്കുകളെയാണ്.
കോവിഡ് കാലമായിട്ടും സ്വകാര്യ ഡിസ്പെന്‍സറികളും ക്ലിനിക്കുകളും വന്‍ തുകയാണ് പാവപ്പെട്ട രോഗികളില്‍ നിന്നു പോലും ഈടാക്കുന്നത്. സ്വകാര്യ മേഖലയിലായതിനാല്‍ ഇതിനെതിരെ പരാതിപ്പെടാനും മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുകയാണ് സാധാരണക്കാര്‍. പാവപ്പെട്ട രോഗികളെ പിഴിഞ്ഞ് ഇത്തരത്തില്‍ ചികിത്സ നടത്തുന്ന സ്വകാര്യ ക്ലിനിക്കുകള്‍, ഡിസ്പന്സറികള് എന്നിവക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: