ന്യൂദല്‍ഹി: തിരുവനന്തപുരം വിമാനതാവളം സ്വകാര്യവത്കരിച്ചതില്‍ മുഖ്യമന്ത്രി തുടര്‍ച്ചയായി പച്ചകള്ളം പറയുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. രാജ്യത്തെ ആറു വിമാനത്താവളങ്ങഹ ലേലത്തിന് നല്‍കാനുള്ള തീരുമാനത്തെ നീതി ആയോഗ് എതിര്‍ത്തു എന്ന തരത്തിലുള്ള വാദം കേരളാ മുഖ്യമന്ത്രി ഉയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ മറുപടി കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ലോക്സഭയില്‍ നല്കി.
അഹമ്മദാബാദ്, ജയ്പൂര്‍, ലക്നൗ, ഗുഹാവട്ടി, തിരുവനന്തപുരം , മംഗലാപുരം തുടങ്ങി 6 വിമാനത്താവളങ്ങളുടെയും നടത്തിപ്പ്, പരിപാലന ചുമതല പൊതു സ്വകാര്യ പങ്കാളിത്തോടെ 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതിലെ വ്യവസ്ഥകള്‍ നിശ്ചയിച്ചതും കൈമാറ്റത്തില്‍ അന്തിമ തീരുമാനമെടുത്തതും നീതി ആയോഗ് സി.ഇ.ഒ യുടെ നേതൃത്വത്തില്‍ ഉന്നത സെക്രട്ടറിതല സംഘമാണ്. ഇതില്‍ ധനവകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും ഉള്‍പ്പെടുന്നു.
ലേല നടപടികളില്‍ സുതാര്യത പൂര്‍ണമായും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഈ രംഗത്തെ മുന്‍ പരിചയം അടക്കമുള്ള കാര്യങ്ങളാണ് ലേലത്തിന് പരിഗണിച്ചത്. യാത്രകാര്‍ക്ക് കൂടുതല്‍ തുക കാണിച്ച കമ്പനിയെ ആണ് ലേലത്തിലൂടെ തെരഞ്ഞെടുത്തത്. ഏതെങ്കിലും തരത്തില്‍ നീതി ആയോഗോ, ധനവകുപ്പോ ലേലത്തിന് എതിര്‍പ്പുയര്‍ത്തിയിട്ടില്ലെന്ന് സാമ്പത്തിക കാര്യ വകുപ്പ് വ്യക്തമാക്കുന്നു. ഒരു കമ്പനിക്ക് തന്നെ ഒന്നില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ കൈമാറുന്നതില്‍ തടസ്സമില്ലെന്ന് ഉന്നതിധാകാര സെക്രട്ടറിതല സംഘത്തിന്റെ യോഗത്തില്‍ തീരുമാനം എടുത്തിട്ടുള്ളതാണ്.
കാര്യങ്ങള്‍ ഇങ്ങിനെയാണെന്നിരിക്കെ വിമാനത്താവളം ലേലം ചെയ്തതതുമായി ബന്ധപ്പെട്ട് നിരുത്തരവാദിത്തപരമായ പരമാര്‍ശങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സര്‍ക്കാരിന്റെ തന്നെ കമ്പനി ലേലത്തില്‍ പങ്കെടുത്തിരുന്നതിനാല്‍ ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിക്കും അറിയാവുന്നതാണ്. അതു കൊണ്ട് ജനങ്ങളുടെ മുന്നില്‍ പച്ചകള്ളം പറയുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: