തൃശൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്സെന്റി വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആബ്സെന്റി വോട്ടര്‍മാരെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് പോസിറ്റീവ് ആയ വ്യക്തികള്‍, നിരീക്ഷണത്തിലുള്ളവര്‍ എന്നിവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം. ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനായി പ്രദേശിക തലത്തില്‍ ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍ തുടങ്ങിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.
ആബ്സെന്റി വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കി അപേക്ഷാ ഫോറം വീടുകളില്‍ വിതരണം ചെയ്യും. പൂരിപ്പിച്ച് വരണാധികാരികള്‍ക്ക് കൈമാറണം. അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ അഞ്ച് ദിവസങ്ങള്‍ വരെയാണ് അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്കാവുന്ന സമയം. എന്നാല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ പോസ്റ്റല്‍ ബാലറ്റ് മുഖേന മാത്രം വോട്ടവകാശം വിനിയോഗിക്കണം. ഇവര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ ഹാജരായി വോട്ടു രേഖപ്പെടുത്തുവാന്‍ സൗകര്യമുണ്ടായിരിക്കില്ലെന്നും കലക്ടര്‍ പറഞ്ഞു.
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹോര്‍ഡിംഗ് അടിയന്തരമായി എടുത്തുമാറ്റണം. ഹോര്‍ഡിംഗ് എടുത്തുമാറ്റിയിട്ടുണ്ടെന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉറപ്പു വരുത്തുകയും വേണം. അതിരപ്പിള്ളി മേഖലയില്‍ പൊതുജനങ്ങള്‍ക്ക് അപകടരമായ വിധത്തില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതായി കണ്ടതിനെ തുടര്‍ന്ന് ബോര്‍ഡുകള്‍ അടിയന്തരമായി എടുത്തുമാറ്റുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടര്‍നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ഒരു ബൂത്തില്‍ 1000 വോട്ടര്‍ മാത്രം
കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായി ഒരു ബൂത്തില്‍ 1000 വോട്ടര്‍മാര്‍ക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താന്‍ അനുമതി. ജില്ലയില്‍ നിലവില്‍ 2298 പോളിങ് സ്റ്റേഷനുകളാണുള്ളത്. പുതിയ നിര്‍ദ്ദേശപ്രകാശം 1560 ഓക്സിലറി പോളിംഗ് സ്റ്റേഷനുകള്‍ കൂടി ഉള്‍പ്പെടുത്തി 3858 പോളിംഗ് സ്റ്റേഷനുകളായി പുനക്രമീകരിച്ചിട്ടുണ്ട്. ഓക്സിലറി പോളിങ് സ്റ്റേഷനുകള്‍ പ്രധാന പോളിങ് സ്റ്റേഷന് കേന്ദ്രത്തില്‍ നിന്നും 200 മീറ്റര്‍ പരിധിക്കുള്ളില്‍ വരത്തക്കവിധം പരമാവധി സജ്ജീകരിക്കും.
പ്രസ്തുത പോളിങ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യവും സാമൂഹിക അകലം പാലിച്ച് ക്യൂ പാലിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ചില പ്രദേശങ്ങളിലെ പോളിങ് സ്റ്റേഷന് പ്രധാന കെട്ടിടങ്ങള്‍ നാശോന്മുഖമായതിനെ തുടര്‍ന്ന് വെളിച്ചുമാറ്റിയിട്ടുണ്ട്. ഇവിടങ്ങളില്‍ അനുയോജ്യമായ സ്ഥലത്ത് പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് കലക്ടര്‍ ഷാനവാസ് അറിയിച്ചു.
സ്പെഷ്യല്‍ പോളിങ് ടീമുകളെ നിയോഗിച്ച് പോസ്റ്റല്‍ ബോലറ്റ് രേഖപ്പെടുത്തുമ്പോള്‍ കഴിഞ്ഞ തദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേരിട്ട പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ യഥാവിധി പോസ്റ്റല്‍ വകുപ്പ് മുഖേന ബന്ധപ്പെട്ട വോട്ടര്‍മാര്‍ക്ക് യഥാസമയത്ത് ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പോസ്റ്റല്‍ ബാലറ്റുകളില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നതിന് സാധ്യതയുണ്ടെങ്കില്‍ ഇത് കൃത്യമായി നിരീക്ഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: