കോഴിക്കോട്: ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് വിശ്വാസികളോട് പറയാന്‍ സിപിഎം തയാറുണ്ടോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. പുതിയ സത്യവാങ്ങ്മൂലമൊന്നുമല്ല കൊടുക്കേണ്ടത്. കേരളത്തിലെ ജനങ്ങള്‍ക്കു മുന്‍പാകെ പശ്ചാത്താപ കുറിപ്പ് അവതരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം ടി രമേശ്.
ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി അവിടത്തെ ആചാരങ്ങള്‍ തകര്‍ക്കാന്‍ സാമൂഹിക വിരുദ്ധര്‍ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നത് പറ്റിപ്പോയ വലിയ തെറ്റാണെന്ന് കേരളത്തിലെ ജനങ്ങളോട് ഏറ്റുപറയാന്‍ പാര്‍ട്ടി നേതൃത്വം തയാറാകണം. അതല്ലാതെ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാമെന്ന് സിപിഎം വിചാരിക്കരുത്. എന്താണ് സിപിഎം നിലാപാട് എന്ന് ചോദിച്ച എം ടി രമേശ് പശ്ചാത്തപിക്കാനോ, കുമ്പസാരം നടത്താനാണോ ആണ് ഉദ്ദേശ്യമെങ്കില്‍ അത് പറയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ വിശ്വാസികളെ മുഖവിലയ്‌ക്ക് എടുക്കണമെന്നുള്ള നിലപാടാണ് സിപിഎമ്മിനെങ്കില്‍ അതും വ്യക്തമാക്കണം. ഇക്കാര്യത്തിലെ ഒളിച്ചുകളി പാര്‍ട്ടി അവസാനിപ്പിക്കണം. ഭൂരിപക്ഷ ഇതര സമൂഹത്തിന്റെ വോട്ട് കിട്ടാന്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമത്തിനിടയില്‍ കഴിഞ്ഞതെല്ലാം പെട്ടെന്ന് മറക്കുമെന്ന് വിചാരിച്ചാല്‍ അത് കേരളത്തിലെ ജനങ്ങളുടെ ഓര്‍മശക്തിയെ സിപിഎം വെല്ലുവിളിക്കുകയായിരിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഎം നേതാവ് എം വി ഗോവിന്ദന്റെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എം ടി രമേശിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: