ന്യൂദല്‍ഹി: അടുത്ത ചര്‍ച്ചയ്ക്കുള്ള തീയതി തീരുമാനിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ഇടനിലക്കാര്‍. പ്രക്ഷോഭം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ തുടരാനും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരക്കാരുടെ നീക്കം. എന്നാല്‍ ‘സമരജീവികള്‍’ എന്നൊരു പ്രത്യേക വിഭാഗം രാജ്യത്തുണ്ടായിട്ടുണ്ടെന്ന മോദിയുടെ രാജ്യസഭയിലെ പരാമര്‍ശത്തോട് സമരക്കാര്‍ അനുകൂലിച്ചില്ല.
സമരക്കാര്‍ അടുത്തവട്ട ചര്‍ച്ചയ്ക്ക് തയ്യാറെന്നും യോഗത്തിന്റെ സമയവും തീയതിയും സര്‍ക്കാര്‍ പറയണമെന്നും സമരത്തിന് മുന്നില്‍ നില്ക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച അംഗവും പ്രക്ഷോഭകരുടെ നേതാവുമായ ശിവ് കുമാര്‍ കക്ക അറിയിച്ചു. ‘സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനെ ഞങ്ങള്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നെല്ലാം ചര്‍ച്ചകള്‍ക്ക് വിളിച്ചിട്ടുണ്ടോ, കേന്ദ്രമന്ത്രിമാരുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. സര്‍ക്കാരുമായി സംസാരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’-അദ്ദേഹം പറഞ്ഞു.
11 പ്രാവശ്യം ഇതിനോടകം സമരക്കാരും സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും നിയമങ്ങള്‍ പിന്‍വിക്കണമെന്നും താങ്ങുവില സംബന്ധിച്ച നിയമപരമായ ഉറപ്പുവേണമെന്നുമുള്ള പിടിവാശി തുടരുകയാണ് ഇടനിലക്കാര്‍. നിയമങ്ങള്‍ ഒന്നരവര്‍ഷത്തേക്ക് മരവിപ്പിച്ച് നിര്‍ത്താമെന്ന നിര്‍ദേശം അവസാനവട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ വച്ചുവെങ്കിലും പ്രതിഷേധക്കാര്‍ അതു തള്ളുകയായിരുന്നു. ചന്തകള്‍ ആധുനികവത്കരിക്കുമെന്ന് പ്രധാനമന്ത്രി ഇന്ന് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.
‘താങ്ങുവിലയുണ്ടായിരുന്നു, താങ്ങുവില ഇപ്പോഴുമുണ്ട്, താങ്ങുവില തുടരും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരക്കാര്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നും ചര്‍ച്ചയ്ക്കായി എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുന്നതിനാല്‍ ഒരുമിച്ചിരുന്ന് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ സഭയില്നിന്നുകൊണ്ട് അവരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തില്‍ രാജ്യസഭയിലെ മറുപടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: