ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അക്രമമായിരുന്നെങ്കില് ശനിയാഴ്ച വ്യാജവാര്‍ത്തയിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് സമരക്കാരുടെ ശ്രമം. ഡ്രോണ്‍ ഉപയോഗിച്ച് കര്‍ഷകവേദിയില്‍ രണ്ട് നാടന്‍ ബോംബുകള്‍ ഇട്ടുവെന്നാണ് തല്പരകക്ഷികള് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
നിഷേധവുമായി ദല്‍ഹി പൊലീസ് ഉടന്‍ രംഗത്തെത്തി. ഇത് വെറും ഭാവനാസൃഷ്ടിയാണെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു. ട്രോളി ടൈംസ് എന്ന ട്വിറ്റര്‍ പേജിലാണ് ബോംബിട്ട വാര്‍ത്ത ആദ്യം എത്തിയിത്. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി ഓഫീസില്‍ ബോംബിട്ടെന്നായിരുന്നു വ്യാജവാര്‍ത്ത. കര്ഷകമാര്ച്ചിനോടനുബന്ധിച്ച് ഇറക്കുന്ന ദ്വൈവാരിക എന്നാണ് ട്രോളി ടൈംസ് സ്വയം അവകാശപ്പെടുന്നത്.
കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ സ്റ്റേജ് ദല്‍ഹി ഭാഗത്ത് നിന്നും സംയുക്ത മോര്‍ച്ച സ്റ്റേജില്‍ നിന്നും പൊലീസ് ബാരിക്കേഡുപയോഗിച്ച് വേര്‍പ്പെടുത്തി എന്നതായിരുന്നു രണ്ടാമത്തെ വ്യാജവാര്‍ത്ത. ഇതും ദല്‍ഹി പൊലീസ് നിഷേധിച്ചു. ദല്‍ഹിയില്‍ നിന്നും സംയുക്ത മോര്‍ച്ച സ്റ്റേജില്‍ നിന്നും സ്വതന്ത്രമായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി ഓഫീസില്‍ എത്താമെന്നായിരുന്നു ദല്‍ഹി പൊലീസിന്റെ വിശദീകരണം.
വെള്ളടാങ്കുകളും മൊബൈല്‍ കക്കൂസുകളും ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്നതായിരുന്നു മറ്റൊരു നുണ. ഇതും പൊലീസ് നിഷേധിച്ചു. വാട്ടര്‍ ടാങ്കുകളും മൊബൈല്‍ കക്കൂസുകളും ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: