തിരുവനന്തപുരം: ട്രഷറിയില്‍ സോഫ്‌റ്റ്‌വെയര്‍ പിഴവ്. സ്ഥിര നിക്ഷേപം ഇട്ടയാള്‍ക്ക്, അത് പിന്‍വലിച്ചപ്പോള്‍ കൂടുതല്‍ തുക അക്കൗണ്ടിലെത്തി. ഓണ്‍ലൈനായി തുക മാറ്റിയപ്പള്‍ ഒന്നര ലക്ഷത്തോളം രൂപയാണ് അധികമായി അക്കൗണ്ടില്‍ എത്തിയത്.
കടയ്‌ക്കാവൂർ സബ് ട്രഷറിയിൽ കഴിഞ്ഞ 30ന് അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ച ആൾക്കാണ് തൊട്ടടുത്ത ദിവസം ഒന്നര ലക്ഷം രൂപ പലിശയിനത്തിൽ ലഭിച്ചത്. എട്ടര ശതമാനം പലിശയ്‌ക്ക് 366 ദിവസത്തേയ്‌ക്കാണ് പണം നിക്ഷേപിച്ചിരുന്നത്. ശനിയാഴ്ച പണം നിക്ഷേപിച്ച ഇവർക്ക് തിങ്കളാഴ്ച ഒന്നര ലക്ഷം രൂപ അക്കൗണ്ടില്‍ വരികയായിരുന്നു. ഇതിൽ നിന്നും ആദായ നികുതിയായി 12,500 രൂപ പിടിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് പിഴവ് പുറത്തു വരുന്നത്.
തുടർന്ന് നടന്ന പരിശോധനയിൽ 366 ദിവസമെന്നത് 366 ആഴ്ച എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടു. എഫ്ഡി അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈനായി സേവിംഗ്‌സ് അക്കൗണ്ടിലേക്ക് പണം മാറ്റുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു പിഴവ് സംഭവിച്ചത്. സംസ്ഥാന ട്രഷറി സോഫ്റ്റ്‌വെയറിലുണ്ടായ പിഴവാണ് ഇതിന് കാരണം. ഡാറ്റാ എന്‍ട്രിയിലെ പിശക് മാത്രമാണ് ഇതെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് ട്രഷറി ഡയറക്ടറേറ്റ് വിശദീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: