കൊച്ചി : ട്വന്റി 20 മോഡലില്‍ വീണ്ടും സിനിമ നിര്‍മിക്കാന്‍ ഒരുങ്ങി അമ്മ. ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടു. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനവേദിയില്‍ മോഹന്‍ലാലാണ് പുതിയ സിനിമയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.
അമ്മ സംഘടനയ്ക്കു വേണ്ടി കുറച്ചുകാലം മുമ്പ് ട്വന്റി 20 സിനിമ എന്ന പേരില്‍ സിനിമ ചെയ്തിരുന്നു. അതുപൊലെ വീണ്ടും ഒരു സിനിമ കൂടി ചെയ്യുകയാണ്. ഇതിനായുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നാണ് മോഹന്‍ലാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമാ ഇന്‍ഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ‘ട്വന്റി 20’ പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഏകദേശം 135ഓളം പ്രവര്‍ത്തകര്‍ക്ക് ഇതില്‍ അഭിനയിക്കാന്‍ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്കും വേണ്ടിയിരുന്നത്. ഇതൊരു മഹത്തായ സിനിമയാണ്. ചിത്രം ആശീര്‍വാദ് ആകും നിര്‍മിക്കുക. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ. രാജീവ് കുമാര്‍ എഴുതിയിരിക്കുന്നു. ഇതൊരു ക്രൈം ത്രില്ലറാണ്. പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്ന് ചിത്രം സംവിധാനം ചെയ്യും. മോഹന്‍ലാല്‍ പറഞ്ഞു.
സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. ചിത്രത്തിന്റെ പേര് നിര്‍ദേശിക്കാന്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരവും ‘അമ്മ’ സംഘടന ഒരുക്കുന്നു. അതിന്റെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും മോഹന്‍ലാല്‍ പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ട് അറിയിച്ചു. 10 കോടി മുതല്‍ മുടക്കില്‍ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മമ്മൂട്ടിയായിരുന്നു ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: