മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ആശാനുമായുള്ള എന്റെ അടുപ്പത്തിന് ഏകദേശം നാല്പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഞാന്‍ കഥകളി പഠിക്കാന്‍ ഒരുങ്ങുന്നത് 1975 ലാണ്. ഈ കാലഘട്ടത്തിലെ ഒന്നാംനിര സ്ത്രീവേഷക്കാരുടെ പട്ടികയില്‍ ഗോവിന്ദന്‍കുട്ടി ആശാനുണ്ട്. അന്ന്, കുടമാളൂര്‍ കരുണാകരന് നായരാശാന്, ചിറക്കര മാധവന്‍കുട്ടി, കോട്ടയ്ക്കല്‍ ശിവരാമന്, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി എന്നിവരായിരുന്നു എന്റെ അറിവിലെ മുന്‍നിര സ്ത്രീവേഷക്കാര്‍. ഇതില്‍ കോട്ടയ്ക്കല്‍ ശിവരാമാശാന്റെ വേഷം കാണാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. അന്ന് എന്നെ വളരെ ആകര്‍ഷിച്ച വേഷസൗന്ദ്യരമായിരുന്നു ഗോവിന്ദന്‍കുട്ടി ആശാന്റേത്. 1980ല്‍ കലാമണ്ഡലം കൃഷ്ണന് നായരാശാന് മാര്‍ഗിയില്‍ അധ്യാപകനായി വന്നു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച ശിക്ഷണം കൊണ്ട് എനിക്കും സ്ത്രീവേഷക്കാരുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞു. ഈ കാലത്തൊരിക്കല്‍ ഗോവിന്ദന് കുട്ടി ആശാന്റെ കിര്‍മ്മീരവധത്തിലെ ലളിത കാണാനിടയായി. ആ വേഷസൗന്ദര്യവും, അവതരണവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ആകര്‍ഷണം പിന്നീട് വളരെ അടുപ്പത്തിലാക്കി.
ഞങ്ങള്‍ തമ്മില്‍ ഇരുപത് വയസ്സിന്റെ വ്യത്യാസമുണ്ട്. ഞാന്‍ ആശാനെന്ന് വിളിക്കുന്നെങ്കിലും, എന്നെ അദ്ദേഹം ഒരു സഹോദരനെ പോലെയാണ് കാണാറുള്ളത്. ഞങ്ങള്‍ ഒന്നിച്ച് ധാരാളം കൂട്ട് വേഷങ്ങളുണ്ടായിട്ടുണ്ട്. നളചരിതം നാലാംദിവസത്തിലെ അദ്ദേഹത്തിന്റെ ദമയന്തിയും, എന്റെ കേശിനിയും ഉഷ-ചിത്രലേഖ, സൈരന്ധ്രി -സുദേഷ്ണ ഇങ്ങനെയുള്ള സ്ത്രീവേഷങ്ങളുടെകൂടെയും കുചേലന്-കുചേല പത്നി, ഹംസം-ദമയന്തി, സുദേവന്-ദമയന്തി, ശുക്രന്-ദേവയാനി തുടങ്ങിയ പുരുഷ വേഷങ്ങളോടൊപ്പവും ധാരാളം അരങ്ങുകള്‍ ഉണ്ടായിട്ടുണ്ട്. നല്ലൊരു സ്ത്രീവേഷക്കാരനെന്ന പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും, തനിക്ക് ലഭിക്കുന്ന പുരുഷവേഷങ്ങളും ചെയ്യാന്‍ മടിച്ചിരുന്നില്ല അദ്ദേഹം.
കഥകളിത്തനിമ നഷ്ടപ്പെടാതെ, കഥാപാത്രബോധത്തോടെ നല്ല വൃത്തിയിലും വെടിപ്പിലും മുദ്രകാണിക്കുന്നതിലൂടെയും ചൊല്ലിയാടുന്നതിലൂടെയും അദ്ദേഹം അന്നത്തെ പല സ്ത്രീവേഷക്കാരെയും പിന്നിലാക്കിയിരുന്നു. സന്താനഗോപാലത്തിലെ ബ്രാഹ്മണനും നളചരിതത്തിലെ സുദേവനുമൊക്കെ അദ്ദേഹത്തിന്റെ പ്രത്യേകം എടുത്തുപറയേണ്ട വേഷങ്ങളാണ്. എണ്‍പത് വയസ് പിന്നിട്ട കാലഘട്ടത്തിലും ഇത്തരം വേഷങ്ങള്‍ക്ക് കൊടുത്ത ആര്‍ജ്ജവവും, ഊര്‍ജ്ജവും കഥകളിയോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണമാണ് സൂചിപ്പിക്കുന്നത്.
ഒരു കഥകളി കലാകാരനെന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ്. ആശാന്റെ വീടുമായി എനിക്ക് വലിയ അടുപ്പമായിരുന്നു. കുടമാളൂര്‍ ആശാന്റെ മകളും, ഗോവിന്ദന്‍കുട്ടി ആശാന്റെ പത്നിയുമായ അന്തരിച്ച കുട്ടിച്ചേച്ചി എനിക്ക് സഹോദരീ തുല്യയായിരുന്നു. ആശാന്റെ മക്കളായ ഉണ്ണിയും മുരളീകൃഷ്ണനും എനിക്ക് സഹോദരതുല്യരാണ്.
കഴിഞ്ഞ മാസം ഒരു കളിസ്ഥലത്തുനിന്നാണ് രോഗം അദ്ദേഹത്തെ ബാധിക്കുന്നത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വളരെ സന്തോഷവാനായിട്ടായിരുന്നു സംസാരിച്ചത്. ഇത്ര പെട്ടെന്ന് അദ്ദേഹം യാത്രപറയുമെന്ന് പ്രതീക്ഷിച്ചില്ല. കലാകാരന് എന്ന നിലയ്ക്കും വ്യക്തിയെന്ന നിലയ്ക്കും ഉന്നത സ്ഥാനത്ത് നില്ക്കുന്ന ഗോവിന്ദന് കുട്ടി ആശാന്റെ വേര്‍പാട് കഥകളി ലോകത്തെ ദുഃഖത്തിലാഴ്ത്തുന്നു. ആശാന്റെ ആത്മാവിന് നിത്യശാന്തി നേരുകയെന്നതേ ഈ കോവിഡ് കാലത്ത് നമുക്ക് കരണീയമായിട്ടുള്ളൂ. പോകാനോ, കാണാനോ കഴിയില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: