കൊല്ലം: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറ മണ്ഡലത്തില്‍ നിന്നും ഷിബുബേബിജോണ്‍ മത്സരിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായുള്ള യോഗങ്ങളും സമ്മേളനങ്ങളുമായി ആര്‍എസ്പിയുടെ വിവിധ പോഷകസംഘടനകള്‍.
യുവജനവിഭാഗമായ ആര്‍വൈഎഫ് ശക്തികുളങ്ങര ലോക്കല്‍ കണ്വന്ഷന് വള്ളിക്കീഴ് എന്‍എസ്എസ് ഹാളില്‍ ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് പള്ളിക്കാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ആര്‍എസ്പി ജില്ലാ കമ്മിറ്റിയംഗം കെ.പി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഷിബു ബേബിജോണിന്റെ വിജയത്തിനായി യൂത്ത് സ്ക്വാഡ് രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു.
കഴിഞ്ഞ തവണ ആദ്യമായാണ് ആര്‍എസ്പി മണ്ഡലത്തില്‍ പരാജയപ്പെട്ടത്. സിപിഎം സ്വതന്ത്രനായി മത്സരിച്ച് പിന്നീട് മത്സരഘട്ടത്തില്‍ സിഎംപിയായ എന്‍. വിജയന്‍പിള്ളയായിരുന്നു ജേതാവായത്. എംഎല്‍എയായിരിക്കെ 2020 മാര്‍ച്ച് 7നായിരുന്നു അദ്ദേഹം മരിച്ചത്. പിന്നീട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഉപേക്ഷിച്ചു. 2016ല്‍ 58477 വോട്ട് ഷിബുവും 64666 വോട്ട് വിജയന്‍പിള്ളയും നേടി. ലോകസഭാ തെരഞ്ഞെടുപ്പ് നടന്ന 2019ല്‍ ആര്‍എസ്പി നില മെച്ചപ്പെടുത്തി. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മുന്നേറ്റം കാഴ്ച വയ്ക്കാന്‍ സാധിച്ചതിന്റെ പിന്‍ബലത്തിലാണ് ആര്‍എസ്പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കോണ്‍ഗ്രസിനെ കടത്തിവെട്ടികൊണ്ടുള്ള ഇടപെടലുകള്‍ നടത്തിയാണ് ഷിബുബേബിജോണ്‍ മണ്ഡലം നിറഞ്ഞത്. ഗണേഷ്കുമാര് വിരുദ്ധ സമരത്തില്‍ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്റ്റേഷനില്‍ നിന്നും ഇറക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ മുമ്പ് എത്തിയത് ഷിബുവായിരുന്നു. ഇതിന്റെ പേരില്‍ അഭിനന്ദനവുമായി യൂത്ത് നേതാവിട്ട ഫേയ്സ് ബുക്ക് പോസ്റ്റ് കോണ്‍ഗ്രസ് നേതൃത്വത്തിന് നാണക്കേടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: