പുനലൂര്‍: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തായ സാന്ത്വന സ്പര്‍ശം മെഗാ അദാലത്തില്‍ പുനലൂരില്‍ പങ്കെടുത്ത മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചതോടെ അദാലത്തില്‍ പങ്കെടുത്തവര്‍ ആശങ്കയില്‍. മന്ത്രിമാര്‍ ഉള്‍പ്പെടെ മൂവായിരത്തോളം ആളുകളാണ് കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നും കൃത്യമായി പാലിക്കാതെ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്.
പുനലൂരില്‍ നടന്ന അദാലത്തില്‍ പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളില്‍ നിന്നായി രോഗികളുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കടകംപള്ളിയ്‌ക്ക് പുറമെ വനം മന്ത്രി കെ.രാജു, ജെ. മേഴ്‌സിക്കുട്ടിയമ്മ, കളക്ടര്‍, ആര്‍ഡിഒ, തഹസീല്‍ദാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. അദാലത്തില്‍ എത്തിയവരെ യാതൊരു മുന്‍കരുതലുകളും കൂടാതെയാണ് പങ്കെടുപ്പിച്ചത്. അദാലത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ കാട്ടിയ അശ്രദ്ധ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണ് മന്ത്രിക്ക് രോഗം സ്ഥിതികരിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്. കോവിഡ് വ്യാപനം ശക്തമായിതന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാതെ ആളുകളെ കൂട്ടിയുള്ള അദാലത്തിനെതിരെ വിവിധതലങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുകയാണ്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്‌ക്ക് ബലിയാടാകേണ്ടത് രോഗികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ്. പ്രായമായവരും മാരക രോഗങ്ങള്‍ ബാധിച്ചവരുമുള്‍പ്പെടെയുള്ളവര്‍ അദാലത്തില്‍ പങ്കെടുത്തിരുന്നു.
സമാനമായ രീതിലാണ് കൊല്ലം എസ്എന്‍ കോളേജില്‍ സംഘടിപ്പിച്ച അദാലത്തിലും മന്ത്രി പങ്കെടുത്തത്. മന്ത്രിക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ജനങ്ങള്‍. സാമൂഹിക അകലം പാലിക്കണമെന്ന് നിരന്തരം പറയുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പരാതി പരിഹാര അദാലത്ത് ഇപ്പോള്‍ സംഘടിപ്പിക്കുന്നത്.
















