തിരുവനന്തപുരം : കോവിഡ് രോഗ പ്രതിരോധത്തില്‍ കേരളം ദയനീയമായി പരാജയപ്പെട്ടതായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ. അടിസ്ഥാന സൗകര്യങ്ങളും അനുകൂല സാഹചര്യങ്ങളും ഏറെയുണ്ടായിരുന്നിട്ടും കേരളം കോവിഡിനെതിരായ പ്രവര്‍ത്തനത്തില്‍ ഏറെ പിന്നോട്ടുപോയി. സംസ്ഥാനസര്‍ക്കാരിന് കാഴ്ചപ്പാടോ നയമോ ഇല്ലാതിരുന്നതാണ് കാരണം. സര്‍ക്കാരിന്റേത് നിരുത്തരവാദ സമീപനമാണ്.
കേന്ദ്രം എല്ലാവിധ പിന്തുണയുമായി ഉണ്ടായിരുന്നിട്ടും കേരളം പരാജയപ്പെട്ടത് ഗൗരവമുള്ളതാണ്. സംസ്ഥാനത്തിനു വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതു തുടരുകയും ചെയ്യും. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി എത്തിയ നദ്ദ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നിപ വൈറസ് ഉണ്ടായപ്പോഴും പുറ്റിങ്ങല്‍ ദുരന്ത സമയത്തും കേരളത്തോട് കേന്ദ്രം കാണിച്ച സമീപനവും അന്ന് ആരോഗ്യമന്ത്രിയായിരുന്ന നദ്ദ ചൂണ്ടികാട്ടി.
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് ബിജെപിയുടെ നിലപാടില്‍ മാറ്റമൊന്നുമില്ല. അക്കാര്യം ജനങ്ങള്‍ക്ക് ബോധ്യമുള്ളതുമാണ്.ഇപ്പോള്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. കോടതി വിധി വന്നശേഷം അടുത്ത നടപടി. ഇപ്പോള്‍ ശബരിമല പ്രശ്നം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് വോട്ട് നേടാന്‍ വേണ്ടി മാത്രമാണ്. കോണ്‍ഗ്രസ് അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തത്. രാഹുല്‍ ഗാന്ധി ശബരിമല പ്രശ്നത്തില്‍ എന്താണ് പ്രതികരിക്കാത്തതെന്നും ജെ പി നദ്ദ ചോദിച്ചു.
നിയമസഭാ സ്പീക്കര്‍ അടക്കം സ്വര്‍ണ്ണക്കടത്ത് കേസില്‍ പങ്കാളിയാണ്. ഈ വിഷയങ്ങള്‍ എല്ലാം ബിജെപി പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കും. പിണറായി വിജയന് ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലു വിളിക്കുകയാണ്. സിഎജിക്ക് എതിരായ പ്രമേയം ഭരണഘടനയ്ക്ക് എതിരായ ആക്രമണമാണ്. അത് അപകടകരമാണ്.
പിഎസ്സി സിപിഎമ്മുകാരെ നിയമിക്കാനുള്ള ഏജന്‍സിയായി മാറി. നിലവിലെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് മലയാളികള്‍ക്ക് തന്നെ അപമാനമാണ്. ഇതില്‍ മന്ത്രിമാരുടെ പങ്ക് ഇനി പുറത്ത് വരാനിരിക്കുന്നതേയുള്ളൂ എന്നും നദ്ദ ആരോപിച്ചു
സ്വര്‍ണക്കടത്തിലും ലൈഫ് പദ്ധതിയിലും കെ ഫോണ്‍ പദ്ധതിയിലും നടക്കുന്നത് വ്യാപക അഴിമതിയാണെന്നാണ് നദ്ദയുടെ ആരോപണം. കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ച മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ എതിര്‍ക്കുന്നു.
എല്‍ഡിഎഫിനും യുഡിഎഫിനും ആകെയുള്ളത് അധികാരക്കൊതി മാത്രമാണ്. . ആശയപരമായി പാപ്പരായി. മുഖ്യമന്ത്രിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് പുറത്തായെന്നും നദ്ദ ആരോപിച്ചു
ബിജെപിയ്ക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താനാകും. നിലവിലെ ബിജെപി സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് നേരിടാന്‍ പ്രാപ്തരാണ്. നേതാക്കളില്‍ വിശ്വാസമുണ്ട്. സംസ്ഥാന നേതൃത്വത്തില്‍ വിഭാഗീയതയില്ല. പാര്‍ട്ടിയില്‍ എല്ലാവര്ക്കും അഭിപ്രായ സ്വന്തന്ത്ര്യം ഉണ്ടെന്നും നദ്ദ. സഭാ തര്‍ക്കത്തില്‍ എല്ലാവര്ക്കും സ്വീകാര്യമായ ഫോര്‍മുല ഉണ്ടാകുമെന്നും നദ്ദ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: