കൊച്ചി: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃക്കാക്കര സ്വദേശി നജീബ് ആണ് അറസ്റ്റിലായത്. നജീബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആണ് എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ഉണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായി ടെലികോം വകുപ്പ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. തൃക്കാക്കരയിലും മറൈന്‍ ഡ്രൈവിലും കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. എക്സ്ചേഞ്ച് നടത്തിയ വണ്ണപ്പറം സ്വദേശി റസല്‍ മുഹമ്മദിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദേശത്തു നിന്ന് വരുന്ന കോളുകള്‍ ഇന്‍റര്‍നെറ്റ് സഹായത്തോടുകൂടി ലോക്കല്‍ കോളുകള്‍ ആയി കണ്‍വേര്‍ട്ട് ചെയ്തത് പ്രതികള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു. ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് കോള്‍ റൂട്ട് ചെയ്ത് ചെറിയ വാടകയ്‌ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കി വന്‍ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്സ്ചേഞ്ചുകള്‍. വിവിധ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും.
സമാനമായ മറ്റൊരു സംഭവത്തില്‍ കണ്ണൂരിലും കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ കാക്കേയങ്ങാട് സ്വദേശിയായ 34കാരനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കാക്കയങ്ങാട് കവലയില്‍ വിവോ സെന്‍റ്റോ ഷോപ്പിങ് കോംപ്ലെക്സിന്റെ ഒന്നാം നിലയില്‍ സിപ്പ് സോഫ്റ്റ് ടെക്നോളജി എന്ന ഷോപ്പിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചെയ്ഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: