തിരുവനന്തപുരം: ക്രൈസ്തവ നാടാര്‍ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ നാടാര്‍ സമുദായം പൂര്‍ണമായും ഒബിസിലാവും. ഹിന്ദു നാടാര്‍ വിഭാഗങ്ങള്‍ക്കും, എസ്ഐയുസി വിഭാഗങ്ങള്‍ക്കും മാത്രമാണ് ഇതുവരെ സംവരണം ഉണ്ടായിരുന്നത്. ഇതേരീതിയിലുളള സംവരണം തങ്ങള്‍ക്കും വേണമെന്നായിരുന്നു മറ്റ് നാടാര്‍ വിഭാഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്ത്.
അതേസമയം, സിഡിറ്റിലെ 110 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍ ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ത്ഥികളും യുവജനസംഘനടകളും ഉയര്‍ത്തുന്ന എതിര്‍പ്പുകളൊന്നും കാര്യമാക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഈ മാസം അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാനും ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പെന്ഷന് പ്രായം കൂട്ടേണ്ടെന്നും തീരുമാനിച്ചു. ശമ്പള പരിഷ്ക്കരണ കമ്മിഷന് റിപ്പോര്‍ട്ട് അംഗീകരിച്ച മന്ത്രിസഭായോഗം ശുപാര്‍ശകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കാന് മൂന്നംഗ സെക്രട്ടറി തല സമിതിയെയും നിയോഗിച്ചു. ധനകാര്യവകുപ്പ് അഡിഷണല്‍ചീഫ് സെക്രട്ടറിയാണ് സമിതിയുടെ അദ്ധ്യക്ഷന്‍. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം ഇതിന്റെ അടിസ്ഥാനത്തിലാവും ഏപ്രിലില്‍ പുതുക്കിയ ശമ്പളം നല്‍കുക. ആരോഗ്യ വകുപ്പിലെ ശമ്പള പരിഷ്കരണം അതേപടി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: