ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎം കൗണ്ടറില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ പ്രതിക്ക് 10 വര്‍ഷം തടവ് സിറ്റി സിവില്‍ ആന്‍ഡ് സെഷന് കോടതി ശിക്ഷിച്ചു. ബെംഗളൂരു കോര്പ്പറേഷന് ബാങ്ക് ഉദ്യോഗസ്ഥ തിരുവനന്തപുരം സ്വദേശി ജ്യോതിയെ ആക്രമിച്ച് പണവും ആഭരണവും കവര്‍ന്ന കേസില്‍ ആന്ധ്രപ്രദേശ് സ്വദേശി മധുകര്‍ റെഡ്ഡി (36) ആണ് ശിക്ഷിച്ചത്.
2013 നവംബര്‍ 19ന് ബെംഗളൂരു കോര്പ്പറേഷന് സര്‍ക്കിളില്‍ കോര്പ്പറേഷന് ബാങ്കിന്റെ എടിഎം കൗണ്ടറിലായിരുന്നു സംഭവം. രാവിലെ ആറരയോടെ എടിഎം കൗണ്ടറിലെത്തിയ ജ്യോതിയെ മധുകര്‍ റെഡ്ഡി ആക്രമിച്ചശേഷം പണം തട്ടിയെടുക്കുകയായിരുന്നു.
ജ്യോതി എടിഎമ്മിനകത്ത് പ്രവേശിച്ചതിന് പിന്നാലെ അതിക്രമിച്ച് കടന്ന മധുകര്‍ റെഡ്ഡി എടിഎമ്മിന്റെ ഷട്ടര്‍ താഴ്ത്തി. തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന മാരകായുധമെടുത്ത് ഭീഷണിപ്പെടുത്തി ജ്യോതിയോട് പണം പിന്‍വലിക്കാന്‍ പറഞ്ഞു.
ജ്യോതി വിസമ്മതിച്ചതോടെ ബാഗില്‍നിന്നും വെട്ടുകത്തിയെടുത്ത് ആക്രമിച്ചു. തലയില്‍ വെട്ടേറ്റ ജ്യോതി മാസങ്ങളോളും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പണവും ആഭരണങ്ങളുമായി ആന്ധ്രാപ്രദേശിലേക്ക് കടന്ന മധുകര്‍ റെഡ്ഡിയെ 2017 മാര്‍ച്ചില്‍ ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടിയാണ് മധുകര്‍ റെഡ്ഡി ബെംഗളൂരുവിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: