ന്യൂദല്‍ഹി:സാമൂഹ്യമേഖലയ്ക്കും വികസന പദ്ധതികള്‍ക്കും മൂലധനം കണ്ടെത്തുന്നതിനും, സ്വകാര്യ മൂലധനം, സാങ്കേതികവിദ്യ, കേന്ദ്ര പൊതുമേഖലാ സഥാപനങ്ങളില്‍ മികച്ച മാനേജ്മെന്റ് രീതികള്‍ അവലംബിക്കുക എന്നിവയും ലക്ഷ്യമിട്ടുമുള്ള ഓഹരി വിറ്റഴിക്കല്‍ നയമാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. കേന്ദ്ര പൊതുമേഖലാ സഥാപനങ്ങളുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി പൊതു ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. തന്ത്രപരവും അല്ലാത്തതുമായ എല്ലാ മേഖലകളിലും ഓഹരി വിറ്റഴിക്കലിന് വ്യക്തമായ രൂപ രേഖ തയ്യാറാക്കും.
ഇനിപ്പറയുന്ന കാര്യങ്ങളാണ് നയത്തിന്റെ സവിശേഷതകളായി മന്ത്രി ഉയര്‍ത്തിക്കാട്ടിയത് :
1. നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ നയത്തിന്റെ പരിധിയില്‍ വരും.
2. ഓഹരി വിറ്റഴിക്കേണ്ട മേഖലകളുടെ ദ്വിമുഖ വര്‍ഗ്ഗീകരണം:
1. തന്ത്രപ്രധാന മേഖല:
സ്വകാര്യവല്‍ക്കരിക്കുകയോ ലയിപ്പിക്കുകയോ മറ്റ് പൊതുമേഖലാ സ്ഥാപങ്ങളുടെ ഉപസ്ഥാപനമാക്കുകയോ വഴി പൊതുമേഖലയുടെ സാന്നിധ്യം പരമാവധി കുറയ്ക്കുക. ഇതിന് കീഴില്‍ വരുന്നത് 4 മേഖലകള്‍:
ആണവോര്‍ജ്ജം, ബഹിരാകാശം, പ്രതിരോധം
ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍
ഊര്‍ജ്ജം, പെട്രോളിയം, കല്‍ക്കരി, മറ്റ് ധാതുക്കള്‍
ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, സാമ്പത്തിക സേവനങ്ങള്‍
2. തന്ത്രപ്രധാനമല്ലാത്ത മേഖല: ഈ മേഖലയില്‍, പൊതുമേഖലാ കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കും, ലാഭകരമല്ലാത്തവ അടച്ചുപൂട്ടും.
ബി.പി.സി.എല്‍., എയര്‍ ഇന്ത്യ, ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ. ബാങ്ക്, ബി.ഇ.എം.എല്‍., പവന് ഹന്‍സ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി സഭയെ അറിയിച്ചു. ഐ.ഡി.ബി.ഐ.ബാങ്കിന് പുറമെ രണ്ട് പൊതുമേഖലാ ബാങ്കുകളെയും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയും സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശം 2021-22 ല്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഈ സമ്മേളനത്തില്‍ തന്നെ ആവശ്യമായ നിയമ ഭേദഗതികളിലൂടെ എല്‍.ഐ.സി.യുടെ ഓഹരി വിറ്റഴിക്കലിന് തുടക്കമിടും.
തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനുള്ള കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ അടുത്ത പട്ടിക തയ്യാറാക്കാന്‍ നീതി ആയോഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2020-21ല്‍ ഓഹരി വിറ്റഴിക്കലില്‍ നിന്ന് 1,75,000 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു.
പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നതിന്, കേന്ദ്ര ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രോത്സാഹന പാക്കേജ് തയ്യാറാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
നിഷ്ക്രിയ ഭൂമിയില്‍ നിന്നുള്ള ധനാഗമ മാര്‍ഗ്ഗത്തിനായി പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. സാമ്പത്തിക ദൗര്‍ബല്യവും നഷ്ടവും നേരിടുന്ന പൊതു മേഖല സ്ഥാപനങ്ങള്‍ സമയബന്ധിതമായി അടച്ചുപൂട്ടുന്നതിനായി പുതിയ സംവിധാനം ഒരുക്കാനായും ബജറ്റില്‍ നിര്‍മ്മല സീതാരാമന് ശുപാര്‍ശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: