ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന രാഷ്‌ട്രപതി റാം നാഥ് കോവിന്ദിന്റെ അനുമതി. തുടര്‍ന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ആരംഭിച്ചു. പതിനൊന്ന് മണിക്കാണ് ബജറ്റ് അവതരണം. ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇത്. ചരിത്രത്തിലാദ്യമായി പൂര്‍ണമായും കടലാസ് രഹിത ബജറ്റ് ആണ് ഇത്തവണ അവതരിപ്പിയ്‌ക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ആന്‍ഡ്രോയിഡ്, ഐഒഎസ് സ്മാര്‍ട്ട്ഫോണുകള്‍ക്കായി പ്രത്യേക ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും. അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ അസാധാരണ ബജറ്റാകുമെന്ന് സൂചനയാണ് നിര്‍മല സീതാരമന്‍ നല്‍കുന്നത്.
കൊവിഡ് മൂലമുണ്ടായ ബിസിനസ് പ്രതിസന്ധി കണക്കിലെടുത്ത് ചെറുകിട വ്യവസായങ്ങള്‍ക്കും, ടൂറിസം മേഖലയ്‌ക്കും, റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്കും ഓട്ടോമൊബൈല്‍ മേഖലയ്‌ക്കും നികുതിയിളവുനല്‍കിയേക്കുമെന്ന് സൂചനയുണ്ട്. ഊര്‍ജം, ഖനനം, ബാങ്കിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കാനും നീക്കങ്ങള്‍ നടക്കുന്നതായാണ് വിവരം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരി വില്‍ക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബിഎസ്ഇ സെന്‍സെക്സ് തുടര്‍ച്ചയായി ആറാം ദിവസവും താഴുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ ഇന്ത്യ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കാനിടയുണ്ടെന്നും സാമ്പത്തികരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്നതിനിടയിലും ബജറ്റ് അവതരണം അടുക്കുന്നതോടെ കാര്‍ഷികമേഖലയ്‌ക്ക് പ്രതീക്ഷയേറുകയാണ്. കര്‍ഷകര്‍ക്കായുള്ള കുസും യോജന നീട്ടിനല്‍കിയേക്കുമെന്നും കര്‍ഷകര്‍ക്ക് സബ്ഡിഡി നിരക്കില്‍ സൗരോര്‍ജം ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: