കൊവിഡ് പ്രതിരോധത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ കേരളത്തിന്റെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. 2020 ജനുവരി മുപ്പതിനാണല്ലോ രാജ്യത്ത് ആദ്യമായി തൃശൂരില്‍ ചൈനയില്‍നിന്നെത്തിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മഹാമാരി വിതച്ച മരണഭീതിയില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളെല്ലാം കരകയറുമ്പോഴും കേരളം പഴയ അവസ്ഥയിലേക്ക് തിരിച്ചുപോവുകയാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ ആര്‍ക്കും കണ്ണടയ്ക്കാനാവില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ച കേസുകളില്‍ പകുതിയോളവും കേരളത്തിലാണ്. രോഗവ്യാപന നിരക്ക് ഉയര്‍ന്നുതന്നെ നില്ക്കുന്ന മഹാരാഷ്ട്രയില്‍പ്പോലും കേരളത്തിന്റെ പകുതി കേസുകളേ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളൂ. എറണാകുളമടക്കം സംസ്ഥാനത്തെ പല ജില്ലകളും പഴയ നിലയിലേക്ക് തിരിച്ചുപോയിരിക്കുന്നു. ഇവിടങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ദല്‍ഹി പോലെയും മുംബൈ പോലെയും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ രോഗവ്യാപനം വന്‍തോതില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടും കേരളത്തില്‍ എന്തുകൊണ്ട് അതിന് കഴിയുന്നില്ല എന്ന ചോദ്യം പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. ഇരുപത് കോടിയിലേറെ ജനസംഖ്യയുള്ള ഉത്തര്പ്രദേശുപോലും രോഗവ്യാപനം തടയുന്നതില്‍ വന്‍ നേട്ടം കൈവരിച്ച സാഹചര്യത്തിലാണ് കേരളം വല്ലാതെ പിന്നിലായിപ്പോയിരിക്കുന്നത്.
പ്രതിരോധ മരുന്ന് വികസിപ്പിക്കാന്‍ കഴിയാതിരുന്നപ്പോഴും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ കഴിഞ്ഞതിനാലാണ് രോഗവ്യാപനം നിയന്ത്രണത്തില്‍ വന്നത്. ജനങ്ങള്‍ വലിയ തോതില്‍ സോപ്പുപയോഗിച്ച് കൈകഴുകാനും, മാസ്ക് ധരിക്കാനും, സാമൂഹിക അകലം പാലിക്കാനും തയ്യാറായി. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് എവിടെയോ വച്ച് ഈ ജാഗ്രത കൈമോശം വന്നു. ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ജനങ്ങള്‍ ഒത്തുകൂടാനും പരസ്പരം ഇടപഴകാനും തുടങ്ങി. സംസ്ഥാനത്തെ ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഹോട്ടലുകളില്‍ മുറികള്‍ കിട്ടാനില്ലാത്ത സ്ഥിതിയായിരുന്നു. ജനങ്ങള്‍ ഇപ്രകാരം ആഘോഷിക്കാന്‍ തുടങ്ങിയതോടെ ഭരണ സംവിധാനം ഏറെക്കുറെ കാഴ്ചക്കാരുടെ റോളിലേക്ക് മാറി. നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കുന്നത് പ്രോട്ടോകോള്‍ ലംഘിക്കാനുള്ള അവസരമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. രാജ്യം പ്രതിരോധ കുത്തിവയ്പ്പിന്റെ ഒന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോഴും ജാഗ്രത വെടിയരുതെന്ന മുന്നറിയിപ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയത്. പ്രതിരോധ മരുന്നില്ലാത്തിനാല് മാസ്ക് എന്നതായിരുന്നു പഴയ രീതി. അത് പ്രതിരോധ മരുന്നിനൊപ്പം മാസ്ക് എന്നതിലേക്ക് മാറുകയാണ് വേണ്ടത്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കേരളത്തിന് വീഴ്ച സംഭവിച്ചു.
കേരളത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ രാഷ്ട്രീയ താല്‍പ്പര്യം കലര്‍ത്തി എന്നത് തുടക്കം മുതലേ ഉയര്‍ന്ന വിമര്‍ശനമായിരുന്നു. രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനെക്കാള്‍ ലോകത്തിനു തന്നെ മാതൃകയാവുന്ന വിധത്തില്‍ തങ്ങള്‍ മഹത്തായ കാര്യങ്ങള്‍ ചെയ്യുകയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ വെമ്പല്‍കൊണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും രക്ഷകരുടെ റോളിലേക്ക് മാറി. രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ മറ്റൊരു ദുഷ്ടലാക്കു കൂടി സര്‍ക്കാരിനുണ്ടായിരുന്നു. ഭരണം അഴിമതികളുടെ പിടിയിലമര്‍ന്നപ്പോള്‍ അതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരാതിരിക്കാന്‍ കൊവിഡ് നല്ലൊരു മറയാണെന്ന് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് തോന്നി. രോഗം പടരുകയാണെന്നു വന്നാലെ ജനങ്ങള്‍ സര്‍ക്കാരിനെതിരെ സംഘടിക്കാതിരിക്കൂ എന്നായിരുന്നു ചിന്ത. സ്വാഭാവികമായും ജനരോഷത്തില്‍ ഒലിച്ചുപോകേണ്ട ഒരു ഭരണസംവിധാനമായിരുന്നു. ഇത് ഒഴിവായി കിട്ടിയത് കൊവിഡ് മൂലമാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതിയും ദുര്‍ഭരണവും കൊവിഡ് ഭീതി മൂലം ശരിയായി ജനങ്ങളിലെത്താതിരുന്നതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടാന്‍ സിപിഎമ്മിനെ സഹായിച്ചത്. ഈ സ്ഥിതി ആവര്‍ത്തിച്ചു കാണാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ചുരുക്കത്തില്‍ ഇപ്പോഴത്തെ രോഗവ്യാപനത്തിനിടയാക്കിയിട്ടുള്ള അനാസ്ഥ ബോധപൂര്‍വമാണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: