കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബംഗാളിലെ ഹൗറയില്‍ നടന്ന റാലിയില്‍ മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ‘ജയ് ശ്രീറാം’ വിളികളെ തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യം വയ്‌ക്കുന്നതും സംസ്ഥാനത്തെ അഴിമതിയും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ആളുകളെ പരസ്പരം തമ്മില്‍ തല്ലിക്കുകയും സ്വന്തം നേട്ടത്തിനായി കേന്ദ്രസര്‍ക്കാരിനോട് വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയെ ജനം പിന്തുണയ്‌ക്കില്ല. ‘ജയ് ശ്രീറാം’ വിളിയെ അപമാനിക്കുന്ന പാര്‍ട്ടിയില്‍ ഒരു നിമിഷംപോലും ഒരു ദേശസ്‌നേഹിക്കും തുടരാനാകില്ലെന്നും അവര്‍ പറഞ്ഞു.
ജനക്കൂട്ടത്തെ സ്മൃതി ഇറാനി ബംഗാളി ഭാഷയില്‍ അനായാസമായി അഭിസംബോധന ചെയ്യുകയും ചെയ്തു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ കേന്ദ്രസര്‍ക്കാര്‍ അരിയും ധാന്യങ്ങളും അനുവദിച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ധാന്യങ്ങള്‍ കവര്‍ന്നെടുത്തുവെന്നും അവര്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ അനൂകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ കമ്മിഷന്‍ കൈപ്പറ്റുന്ന ‘കട്ട് മണി’ ആരോപണത്തിന്റെ പേരിലും സ്മൃതി ഇറാനി തൃണമൂലിനെതിരെ ആഞ്ഞടിച്ചു. എവിടെ ആഴിമതിയുണ്ടോ, അവിടെ തൃണമൂല്‍ ഉണ്ടെന്ന് അവർ പരിഹസിച്ചു. തൃണമൂലിനെ അധികാരത്തില്‍നിന്ന് പുറത്തെറിയുമെന്ന് ബംഗാളിലെ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
‘ബംഗാളിലെ എല്ലാ വീട്ടിലും താമരയുണ്ടെന്ന് ദീദിക്കുപോലും അറിയാം’ എന്ന മുദ്രാവാക്യവും റാലിയില്‍ സ്മൃതി ഇറാനി ഉയര്‍ത്തി. സുവേന്ദു അധികാരി ഉള്‍പ്പെടെ അടുത്തിടെ ബിജെപിയിലെത്തിയ നേതാക്കളെല്ലാം റാലിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: