തിരുവനന്തപുരം: നേമം കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന് പറഞ്ഞ് ചൂടാറിയിട്ടില്ല അതിന് മുമ്പേ നേമത്തെയോര്ത്ത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഉറക്കംകെടുന്നു.
ഉമ്മന്‍ചാണ്ടി നേമത്തെ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞയുടന്‍ തൊട്ടടുത്തനിമിഷം ഉമ്മന്‍ചാണ്ടി നിഷേധക്കുറിപ്പിറക്കി. പുതുപ്പള്ളിയുമായി തന്റെ ജീവിതം അത്രയ്ക്ക് ഇടപഴകിക്കഴിഞ്ഞെന്നും പുതുപ്പള്ളിയിലല്ലാതെ മറ്റൊരിടത്തും മത്സരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പ്രസ്താവനയിറിക്കി. ഇതിന്റെ പേരില്‍ എ ഗ്രൂപ്പ് കെപിസിസി പ്രസിഡന്റിനെതിരെ കൊമ്പുകോര്‍ക്കുന്നിടം വരെ കാര്യങ്ങളെത്തി.
അതിന് ശേഷം കോണ്‍ഗ്രസുകാര്‍ വി.എസ്. ശിവകുമാറിന്റെ പേരാണ് നേമത്തിന് വേണ്ടി ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ശിവകുമാര്‍ തന്റെ നയം വ്യക്തമാക്കി-‘ഒരു കാരണവശാലും ഞാന്‍ നേമത്തേക്കില്ല,’ ഇതായിരുന്നു ശിവകുമാറിന്റെ പ്രതികരണം. പകരം താന്‍ തിരുവനന്തപുരത്തേ മത്സരിക്കൂ എന്ന വാശിയിലാണ് ശിവകുമാര്‍.
ഇതുപോലെ സിപിഎമ്മിലും നേമത്ത് മത്സരിക്കാന്‍ ആളെക്കിട്ടാനില്ലാത്ത അവസ്ഥയാണ്. വി.ശിവന്‍കുട്ടിയാണ് കഴിഞ്ഞ വര്‍ഷം നേമത്ത് നിന്ന് ബലിയാടായത്. ഇക്കുറി തിരുവനന്തപുരം സീറ്റ് വേണമെന്ന് പറഞ്ഞ് ശിവന്‍കുട്ടിയും നേമത്ത് നിന്ന് വലിയുകയാണ്.
2016ല്‍ 8671 വോട്ടുകള്‍ക്കാണ് ബിജെപി.യുടെ ഒ. രാജഗോപാല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ വി. ശിവന്‍കുട്ടിയെ മലര്‍ത്തിയടിച്ചത്. അന്ന് മൂന്നാംസ്ഥാനക്കാരനായി മാറിയ ജനതാദള്‍ യുണെറ്റഡിന് വേണ്ടി മത്സരിച്ച വി. സുരേന്ദ്രന് പിള്ള ഏറെ പിറകിലായിരുന്നു. ഇതോടെ ചരിത്രത്തിലാദ്യമായി ബിജെപിയെ പ്രതിനിധീകരിച്ച് നിയമസഭാസാമാജികനായി ഒ. രാജഗോപാല്‍ 14ാം നിയമസഭയിലെത്തുകയായിരുന്നു.
ഇക്കുറി നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി രാജഗോപാല്‍ പ്രായാധിക്യം മൂലം മാറിനില്‍ക്കുകയാണ്. പകരം കുമ്മനം രാജശേഖരനാണ് മത്സരിക്കുക എന്നത് ഏറെക്കുറെ ഉറപ്പായി. കേരളത്തിലെ ഗുജറാത്താണ് നേമമെന്ന കുമ്മനത്തിന്റെ പ്രസ്താവന എതിരാളികള്‍ക്ക് കൂടുതല്‍ ഭയം സൃഷ്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: