1862 മുതല്‍ 1865 വരെയുള്ള നാലു വര്‍ഷങ്ങളിലായി തയ്യാറാക്കിയ തന്റെ നാലു റിപ്പോര്‍ട്ടുകളില്‍ സര്‍ അലക്സാണ്ടര്‍ കണ്ണിംഗ്ഹാം, ചൈനീസ് തീര്‍ത്ഥാടകനായ ഫാഹിയാന്‍ ശാചി എന്നും ഹുയാന്‍സാങ്ങ് വിശാഖയെന്നും വിശേഷിപ്പിക്കുന്നത് ഹിന്ദുക്കളുടെ അയോദ്ധ്യയെയാണെന്ന് അംഗീകരിക്കുന്നുണ്ട്. രാമായണത്തിലെയും രഘുവംശത്തിലെയും നിരവധി പരാമര്‍ശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരമാണെന്നും കണ്ണിംഗ്ഹാം പറയുന്നു. ഈ ഗ്രന്ഥങ്ങളില്‍ രാജാ ദശരഥന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും രാജ്യതലസ്ഥാനം സാകേതനഗരമാണെന്നു വ്യക്തമായി പറയുന്നുണ്ട്. എച്ച്. എച്ച്. വില്‍സണ്‍ തന്റെ സംസ്‌കൃത നിഘണ്ടുവില്‍ സാകേതത്തെ അയോധ്യാ നഗരം എന്നു വിളിക്കുന്നുവെന്നും കണ്ണിംഗ്ഹാം സൂചിപ്പിച്ചിരുന്നു.
അയോദ്ധ്യയില്‍ നിരവധി പുണ്യ ക്ഷേത്രങ്ങളുണ്ടെങ്കിലും അവയില്‍ പലതും കൂടുതല്‍ പുരാതനമായ ക്ഷേത്രങ്ങളുടെ സ്ഥലത്താണ് നിലകൊള്ളുന്നതെന്നും അവയില്‍ പലതും ഇസ്ലാമിക അധിനിവേശത്തില്‍ നശിപ്പിക്കപ്പെട്ടുവെന്നും കണ്ണിംഗ്ഹാം വ്യക്തമായി പറയുന്നു. അയോധ്യ നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള രാം കോട്ട് അഥവാ ഹനുമാന്‍ ഗര്‍ഹി അതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വടക്കുകിഴക്കു ഭാഗത്തുള്ള റാം ഘട്ടും പവിത്രസ്ഥലമാണ്. കണ്ണിംഗ്ഹാമിന്റെ അഭിപ്രായത്തില്‍ അയോധ്യയിലെ ഒരേയൊരു പുരാവസ്തു അവശിഷ്ടമെന്നു പറയാവുന്നത് നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള മൂന്ന് കുന്നുകളാണ്. മണി പര്‍വത്, കുബേര്‍ പര്‍വത്, സുഗ്രീവ പര്‍വത് എന്നിവയാണ് അവ.
1889-91 വര്‍ഷങ്ങളില്‍ അലോയിസ് ആന്റണ്‍ ഫ്യൂററുടെ നേതൃത്വത്തിലുള്ള ഒരു എ.എസ്.ഐ സംഘം അയോദ്ധ്യയില്‍ രണ്ടാമത്തെ സര്‍വേ നടത്തി. The Monumental Antiquities and Inscriptions: In the North-Western Provinces and Oudh എന്ന തലക്കെട്ടില്‍ അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ വിശദീകരിച്ചു. നഗരത്തില്‍ നിലവിലുള്ള വൈഷ്ണവ, ജൈന ക്ഷേത്രങ്ങള്‍ ആധുനികമാണെന്ന് അദ്ദേഹം എഴുതി. അവ മുസ്ലീങ്ങള്‍ നശിപ്പിച്ച പുരാതനക്ഷേത്രങ്ങളുടെ സ്ഥലത്താണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഫ്യൂററിന്റെ അഭിപ്രായം ശ്രീരാമജന്മസ്ഥാനക്ഷേത്രത്തിന്റെ സ്ഥാനത്ത് എ.ഡി. 1523 ല്‍ മിര്‍ ഖാന്‍ ബാബരി പള്ളി പണിതു എന്നാണ്. പഴയ ക്ഷേത്രത്തിന്റെ പല തൂണുകളും മുസ്ലീങ്ങള്‍ ബാബരി പള്ളിയുടെ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.
പ്രൊഫസര്‍ എ.കെ. നരേന്‍ 1969-70 കാലഘട്ടത്തില്‍ അയോധ്യയില്‍ മൂന്നാമത്തെ ഖനനം നടത്തി. ഖനനം ചെയ്ത സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച സൂചനകള്‍ പ്രകാരം അവിടെ ബി.സി.അഞ്ചാം നൂറ്റാണ്ടു മുതല്‍ ജനവാസം ഉണ്ടായിരുന്നുവെന്ന് കരുതാമെന്ന് അദ്ദേഹം പറഞ്ഞു. ആ പ്രദേശത്ത് ശക്തമായ ബുദ്ധമത സാന്നിധ്യമുണ്ടായിരുന്നുവെന്നതിന് തെളിവുണ്ടെന്നും അദ്ദേഹത്തിന് ബോധ്യപ്പെട്ടു (ഇന്ത്യന്‍ ആര്‍ക്കിയോളജി 1969-70 – ഒരു അവലോകനം). അയോദ്ധ്യയുടെ പ്രാചീനത ബി.സി പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കം വരെയാകാമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പിന്നീട്, എ.എസ്.ഐയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ബി.ബി.ലാലിന്റെ നേതൃത്വത്തില്‍ എ.എസ്.ഐയുടെ പുരാവസ്തു ഗവേഷകരുടെ ഒരു സംഘം ”രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ ആര്‍ക്കിയോളജി” (1975-76) എന്ന ഒരു പദ്ധതിയില്‍ പ്രവര്‍ത്തിച്ചു. അത് 1975-76 കാലത്തായിരുന്നു. അയോദ്ധ്യ, ഭരദ്വാജ് ആശ്രമം, നന്ദിഗ്രാം, ചിത്രകൂട്, ശൃംഗവേരപുര തുടങ്ങിയ ഇടങ്ങളില്‍ പ്രസ്തുത സംഘം ഖനനം നടത്തി. ശൃംഗവേരപുരയിലെ ലാലിന്റെ ഖനനം ആ സ്ഥലത്തിന്റെ പ്രാചീനത ബിസി രണ്ടാം സഹസ്രാബ്ദം വരെയാകാമെന്നു തെളിയിച്ചു.
അയോദ്ധ്യയില്‍, ലാലിന്റെ സംഘം ബാബറി പള്ളിയേക്കാള്‍ വലിയ കെട്ടിടത്തില്‍ ഉള്‍പ്പെട്ടിരിക്കാമായിരുന്ന തൂണുകളുടെ അടിത്തറകളുടെ നിരകള്‍ കണ്ടെത്തി. അതനുസരിച്ച്, 1990 ല്‍ പ്രൊഫ. ലാല്‍, പള്ളിയില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെ ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച തൂണുകളുടെ കത്തിച്ച അടിത്തറകളുടെ പുരാവസ്തു കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ബാബരി പള്ളിനിന്നിരുന്ന സ്ഥലത്ത് പതിനൊന്നാം നൂറ്റാണ്ട് മുതല്‍ ഒരു വലിയ ക്ഷേത്രം നിലകൊണ്ടിരുന്നു എന്നാണെന്ന് പ്രസ്താവിച്ചു. 1998 ല്‍, പള്ളിക്ക് തെക്കു ഭാഗത്ത് നാല് മീറ്റര്‍ അകലെ ഇഷ്ടികകളും കല്ലുകളും കൊണ്ട് നിര്‍മ്മിച്ച സ്തംഭ അടിത്തറയുടെ സമാന്തര വരികള്‍ കണ്ടെത്തിയെന്നും ലാല്‍ നിരീക്ഷിച്ചു.
2008 ല്‍ പുറത്തിറങ്ങിയ Rama: His Historicity, Mandir and Setu എന്ന പുസ്തകത്തില്‍ ബി.ബി.ലാല്‍ ഇപ്രകാരം എഴുതി, ”ബാബറി മസ്ജിദിനുള്ളിലെ പന്ത്രണ്ട് കല്‍ത്തൂണുകളില്‍ ഹിന്ദു ചിഹ്നങ്ങള്‍ മാത്രമല്ല ഹിന്ദുദേവീദേവന്മാരുടെ രൂപങ്ങളും ഉണ്ടായിരുന്നു. ഈ തൂണുകള്‍ മസ്ജിദിന്റെ അവിഭാജ്യ ഘടകമല്ല, മറിച്ച് മറ്റെവിടെനിന്നോ എടുത്തതാണെന്നെത് സ്വയം വ്യക്തമായിരുന്നു ‘. മുതിര്‍ന്ന ദക്ഷിണേഷ്യന്‍ പുരാവസ്തു ഗവേഷകനായ പ്രൊഫ. ദിലീപ് ചക്രവര്‍ത്തി 1997 ല്‍ പ്രസിദ്ധീകരിച്ച ”പുരാതനഇന്ത്യന്‍ നഗരങ്ങളുടെ പുരാവസ്തുശാസ്ത്രം” എന്ന കൃതിയില്‍ അയോധ്യ, ശൃംഗവേരപുര തുടങ്ങിയ രാമായണ സൈറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.
1992 ജൂലൈയില്‍ മുന്‍ എ.എസ്.ഐ ഡയറക്ടര്‍മാരായ ഡോ. വൈ.ഡി. ശര്‍മ്മ, ഡോ. കെ.എം. ശ്രീവാസ്തവ എന്നിവര്‍ നേതൃത്വം കൊടുത്ത എട്ടംഗ സംഘം , അലക്സാണ്ടര്‍ കണ്ണിംഗ്ഹാം പരാമര്‍ശിച്ച അയോദ്ധ്യയിലെ രാംകോട്ട് കുന്ന് സന്ദര്‍ശിച്ചു. അവരുടെ കണ്ടെത്തലുകളില്‍ ശില്പങ്ങളും വിഷ്ണുവിന്റെ പ്രതിമയും ഉള്‍പ്പെടുന്നു. തര്‍ക്കമന്ദിരത്തിന്റെ ആന്തരിക അതിര്‍ത്തി, കുറഞ്ഞത് ഒരു വശത്തെങ്കിലും, മുമ്പുണ്ടായിരുന്ന ഒരു ഘടനയില്‍ സ്ഥിതിചെയ്തിരുന്നതായി മനസ്സിലാക്കി. അത് മുമ്പത്തെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ടതായിരിക്കാമെന്ന നിഗമനത്തിലവരെത്തി. അവര്‍ പരിശോധിച്ച വസ്തുക്കളില്‍ കുശാന കാലഘട്ടത്തിലെ (എ.ഡി. 100-300) ടെറാക്കോട്ടയില്‍ ചെയ്ത ഹിന്ദു ചിത്രങ്ങളും വൈഷ്ണവ ദേവതകളുടെയും ശിവ-പാര്‍വതിയുടെയും ചിത്രങ്ങള്‍ കാണിക്കുന്ന കൊത്തുപണികളുള്ള കല്ലുകളും ഉള്‍പ്പെടുന്നു. ഈ വസ്തുക്കള്‍ നാഗര ശൈലിയിലുള്ള (എ.ഡി 900-1200) ക്ഷേത്രത്തില്‍ പെട്ടതാണെന്ന നിഗമനത്തിലാണവര്‍ എത്തിയത്.
1992 ഡിസംബറില്‍ ബാബരി പള്ളി തകര്‍ന്നപ്പോള്‍ കല്ലില്‍ കൊത്തിയ മൂന്ന് ലിഖിതങ്ങള്‍ കണ്ടെത്തി. 1.10 : 0.56 മീറ്റര്‍ സ്ലാബില്‍ ആലേഖനം ചെയ്ത വിഷ്ണു-ഹരി ലിഖിതമാണ് ഏറ്റവും പ്രധാനം. എ.ഡി.1140 വരെ പഴക്കമുള്ളതാകാം അത്. ”ബാലിയെയും പത്തു തലയുള്ള രാവണനെയും വധിച്ച വിഷ്ണുവിന് സമര്‍പ്പിച്ച ക്ഷേത്രം” എന്ന് ലിഖിതത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു . നാഗരി ലിപിയിലാണ് ലിഖിതം ഉള്ളത്. ഇത് പ്രൊഫ. അജയ് മിത്ര ശാസ്ത്രിയുടെ നേതൃത്വത്തില്‍ ലോകോത്തര എപ്പിഗ്രഫിസ്റ്റുകളും സംസ്‌കൃത പണ്ഡിതന്മാരും പരിശോധിച്ചു.
എപ്പിഗ്രഫി, നുമിസ്മാറ്റിക്സ് എന്നിവയില്‍ വിദഗ്ധനായ അജയ് മിത്ര ശാസ്ത്രി വിഷ്ണു-ഹരി ലിഖിതം പരിശോധിച്ച് ഇങ്ങനെ പ്രസ്താവിച്ചു: ഈ ലിഖിതം ഒരു ചെറിയ ഭാഗം ഗദ്യമായും ബാക്കി മികവാര്‍ന്ന സംസ്‌കൃത ശ്ലോകരൂപത്തിലുമാണ് രചിച്ചിരിക്കുന്നത്, എ.ഡി പതിനൊന്ന് -പന്ത്രണ്ട് നൂറ്റാണ്ടുകളിലെ നാഗരി ലിപിയിലാണ് ഇത് കൊത്തിവച്ചിട്ടുള്ളത്. ക്ഷേത്രത്തിന്റെ ചുവരില്‍ ഇത് സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ഇതിന്റെ നിര്‍മ്മാണം അതില്‍ ആലേഖനം ചെയ്ത ലിഖിതത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലിഖിതത്തിന്റെ 15-ാം വരി, വ്യക്തമായി പറയുന്നതിപ്രകാരമാണ്. വിഷ്ണു-ഹരിയുടെ മനോഹരമായ ഒരു ക്ഷേത്രം, കല്ലുകള്‍ കൊണ്ട് പണിതതും സ്വര്‍ണ്ണ നിറത്തിലുള്ളതും അനുപമവും മുന്‍കാല രാജാക്കന്മാര്‍ പണികഴിപ്പിച്ച ഏതൊരു ക്ഷേത്രത്തിനേക്കാളും മികച്ചതുമാണത്രെ. ഈ അത്ഭുതകരമായ ക്ഷേത്രം സാകേതമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന അയോധ്യയിലെ ക്ഷേത്രനഗരത്തില്‍ നിര്‍മ്മിച്ചതാണ്. 19-ാം വരി വിഷ്ണുവിനെ ബാലിയെയും ദശാനനായ രാവണനെയും നിഗ്രഹിച്ചവനായി സ്തുതിക്കുന്നു.
അയോദ്ധ്യയിലെ പുരാവസ്തു ഗവേഷകരെയും അവരുടെ കണ്ടെത്തലുകളെയും ഏകോപിപ്പിച്ച് ഡോ.എസ്.പി.ഗുപ്ത ഈ സന്ദര്‍ഭത്തില്‍ ഉചിതമായ ഒരു പ്രവര്‍ത്തനം നടത്തിയിരുന്നു. 2003 ല്‍ ഡോ. ബി.ആര്‍. മണിയും എ.എസ്.ഐയുടെ കീഴിലുള്ള അദ്ദേഹത്തിന്റെ സംഘവും അയോദ്ധ്യയില്‍ ഖനനം നടത്തി. 2003 മാര്‍ച്ച് 5 ന്റെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ ഉത്തരവിനെത്തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംഘം എഡി 1528 മുതല്‍ 1992 ഡിസംബര്‍ 6 വരെ ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഖനനം ചെയ്യ്തു. 2003 ഓഗസ്റ്റില്‍ എ.എസ്.ഐ 574 പേജുള്ള റിപ്പോര്‍ട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന് കൈമാറി. ബിസി 1000 വുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും അയോധ്യയിലെ സുംഗ, കുശാന, ഗുപ്ത, ഗുപ്താനന്തര കാലഘട്ടങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക അവശിഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ.ഡി. 11-12 നൂറ്റാണ്ടിലെ വടക്ക്-തെക്ക് ദിശയിലുള്ള അമ്പത് മീറ്ററോളം നീളമുള്ള ഒരു കെട്ടിടത്തിന്റെ ഘടന കണ്ടെത്തിയതായും എ.എസ്.ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അമ്പത് സ്തംഭ അടിത്തറകളില്‍ നാലെണ്ണം മാത്രമാണ് ഈ നിലയിലുള്ളത്. ഇതിന് മുകളില്‍ കുറഞ്ഞത് മൂന്ന് ഘടനാപരമായ ഘട്ടങ്ങളുള്ള ഒരു ഘടനയുണ്ട്, അതില്‍ ഒരു വലിയ തൂണുള്ള ഹാള്‍ ഉണ്ടായിരുന്നു. 1992 ല്‍ തകര്‍ക്കപ്പെട്ട ബാബരി പള്ളിയുടെ അടിയില്‍ പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഡോ.ബി.ആര്‍.മണിയും സഹപ്രവര്‍ത്തകരും തങ്ങളുടെ ഉത്ഖനന റിപ്പോര്‍ട്ടില്‍ പറയുന്നു.
അവസാനമായി, 2003 ഓഗസ്റ്റ് 25 ന് അലഹബാദ് ഹൈക്കോടതിയി കണ്ടെത്തലുകളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയതും 46 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ സ്ഫോടനങ്ങളും തീര്‍ച്ചയായും ദാരുണമായ ഒരു യാദൃച്ഛികതയാണ്.
2003 ജനുവരിയില്‍ കനേഡിയന്‍ ജിയോ ഫിസിസിസ്റ്റ് ക്ളൗഡേ റോബില്ലാര്‍ഡ് അയോധ്യയില്‍ റഡാര്‍ ഉപയോഗിച്ച് ഒരു പര്യവേക്ഷണം നടത്തി. അയോധ്യയിലെ പള്ളി നിലത്ത് സ്വതന്ത്രമായി നിര്‍മ്മിച്ചതല്ലെന്നും മറ്റൊരു കെട്ടിടത്തിനുമുകളില്‍ നിര്‍മ്മിച്ചതാണെന്നും കണ്ടെത്തി. 0.5 മുതല്‍ 5.5 മീറ്റര്‍ വരെ ആഴത്തില്‍ ഈ ഘടനകള്‍ ഉണ്ടായിരുന്നുവെന്നും അവ പുരാതനമായ സ്തംഭങ്ങള്‍, മതിലുകള്‍, അടിത്തറ എന്നിങ്ങനെ സൈറ്റിന്റെ വലിയൊരു ഭാഗത്തേക്ക് വ്യാപിക്കുന്നുവെന്നും കണ്ടെത്തി. ”ചില പുരാവസ്തു സവിശേഷതകളുമായി ബന്ധപ്പെട്ട് സൈറ്റിന് താഴെ ചില പ്രത്യേകതകള്‍ കണ്ടെത്തിയിട്ടുണ്ട്” എന്നും റോബില്ലാര്‍ഡ് പ്രസ്താവിച്ചു.
ടോജോ-വികാസ് ലിമിറ്റഡ് നടത്തിയ ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാര്‍ സര്‍വേയില്‍ കണ്ടെത്തിയ ചില പ്രത്യേകതകള്‍ പരിശോധിക്കുന്നതിനായി എ.എസ്.ഐ തൊണ്ണൂറ് ട്രെഞ്ചുകള്‍ ഖനനം ചെയ്തു. നോര്‍ത്തേണ്‍ ബ്ലാക്ക് പോളിഷ്ഡ് വെയര്‍ കാലത്തുള്ളവരാകാം (1000 ബിസി – 300 ബിസി) അയോദ്ധ്യയില്‍ ആദ്യമെത്തിയതെന്നു കരുതാമെന്ന് ഖനനം സൂചിപ്പിച്ചു. പക്ഷെ ഖനനം ചെയ്ത ചെറിയ പ്രദേശത്ത് ഈ കാലഘട്ടത്തിലെ ഘടനകളൊന്നും കണ്ടെത്തിയിട്ടില്ല. സവിശേഷമായ സ്ത്രീ ദേവതകളുടെ ടെറാക്കോട്ട പ്രതിമകള്‍, ടെറാക്കോട്ടയിലും ഗ്ലാസിലും തീര്‍ത്ത മൃഗങ്ങള്‍, ചക്രങ്ങള്‍, എന്നിവയുടെ അവശിഷ്ടങ്ങള്‍ എന്നിവ കണ്ടെത്തി.
2019 ഒക്ടോബറില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ബി.ബി. ലാലും എഴുപതുകളുടെ മധ്യത്തില്‍ രാമായണ പദ്ധതിയിലുണ്ടായിരുന്ന മറ്റ് മൂന്നുപേരും പ്രമുഖ പുരാവസ്തു ഗവേഷകന്‍ കെ. കെ. മുഹമ്മദ് 1976-77 കാലഘട്ടത്തില്‍ രാമജന്മഭൂമി-ബാബരി കെട്ടിട സൈറ്റ് ഖനനം ചെയ്ത സംഘത്തിന്റെ ഭാഗമായിരുന്നെന്ന് വ്യക്തമാക്കി. കെ.കെ. മുഹമ്മദ് അയോധ്യയില്‍ ഖനനം നടത്തിയ സംഘത്തിന്റെ ഭാഗമല്ലെന്ന് വാദിച്ചിരുന്ന എഎംയു-ഇടതു ചരിത്രകാരന്മാര്‍ക്കുള്ള ഉചിതമായ മറുപടിയായിരുന്നു അത്. അയോധ്യയില്‍ ബാബരി മസ്ജിദ് പണിയുന്നതിനുമുമ്പ് ഒരു വിഷ്ണു ക്ഷേത്രം ഈ സ്ഥലത്ത് നിലവിലുണ്ടായിരുന്നുവെന്ന് കെ.കെ.മുഹമ്മദ് പറഞ്ഞു.
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനനുവദിച്ചുകൊണ്ടുളള 2019 നവംബറിലെ സുപ്രീം കോടതി വിധിയെ ഉത്തര്‍പ്രദേശ് ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്തു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്വി 51000 രൂപ സംഭാവന നല്‍കി. രാമക്ഷേത്ര നിര്‍മ്മാണം രാഷ്ട്രകാര്യമാണെന്നും അതില്‍ ഷിയ വഖഫ് ബോര്‍ഡ് സഹകരിക്കുമെന്നും റിസ്വി പറഞ്ഞു. രാമക്ഷേത്രത്തിനും കോടതി വിധിന്യായത്തിനും എതിരായി സുന്നി വഖഫ് ബോര്‍ഡ് എടുത്ത നിലപാടുകളെ ഷിയ വഖഫ് ബോര്‍ഡ് വിമര്‍ശിക്കുകയും ചെയ്തു.
ഡോ. ബി.എസ്.ഹരിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: