വുഹാന്‍ കോവിഡ് 19 വൈറസ് ജനിച്ചത് ചൈനയില്‍ തന്നെയാണോ എന്ന് ഉറപ്പ് വരുത്താന്‍ ലോകാരോഗ്യസംഘടന പ്രവര്‍ത്തകര്‍ ചൈനയിലെ വുഹാനില്‍ സന്ദര്‍ശനം തുടങ്ങി. ചൈന ആദ്യം ലോകാരോഗ്യസംഘടനയെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങി.
കഴിഞ്ഞ ദിവസം വുഹാനിലെ ആശുപത്രിയിലാണ് വിദഗ്ധസംഘം സന്ദര്‍ശിച്ചത്. വുഹാനിലെ ഭക്ഷ്യമാര്‍ക്കറ്റും വിദഗ്ധര്‍ സന്ദര്‍ശിക്കും. ഇവിടെയാണ് കോവിഡ് 19 വൈറസ് ജനിച്ചതെന്നാണ് പ്രചാരണം നടക്കുന്നത്. പക്ഷെ ചൈനയിലെ വുഹാനില്‍ കോവിഡ് 19 പ്രത്യക്ഷപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞു. രോഗത്തിന്റെ ഉറവിടം വുഹാനാണെന്ന് പറയാന്‍ മാത്രം ശക്തമായ തെളിവ് ഇവിടെനിന്നും എത്രത്തോളം ലഭിക്കുമെന്ന് സംശയമുണ്ട്.
എങ്ങിനെയാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പകര്‍ന്നതെന്നും പരിശോധിക്കുന്നുണ്ട്. ആദ്യ കോവിഡ് രോഗികളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സിനുവ ആശുപത്രിയിലും ലോകാരോഗ്യസംഘടനാ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ഹുവാനന്‍ മാര്‍ക്കറ്റ്, വുഹാന്‍ സിഡിസി ലാബോറട്ടറി എന്നിവിടങ്ങളും സന്ദര്‍ശിക്കും. കോവിഡ് 19 മഹാമാരിയുമായി ശക്തമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളാണിവ. ആദ്യ പ്രധാന രോഗവ്യാപനം ഉണ്ടായ സ്ഥലമാണ് ഹുവാനന്‍ മാര്‍ക്കറ്റെന്ന് പറയപ്പെടുന്നു. പക്ഷെ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും രക്ഷപ്പെട്ട വൈറസാണ് കോവിഡ് 19 എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചത്.
എവിടെയെല്ലാമാണ് ഈ സംഘം സന്ദര്ശിക്കുന്നതെന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. അത്രമേല്‍ രഹസ്യമായാണ് അവരുടെ സന്ദര്‍ശനപരിപാടി. ഈ വിദഗ്ധസംഘം ട്വിറ്ററില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ മാത്രമാണ് പുറത്ത് ലഭ്യമാകുന്ന ഒരേയൊരു വിവരം.
ജനവരി മധ്യം വരെ ചൈന ഈ സംഘത്തെ രാജ്യത്തേക്ക് കടക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു. അത്രമേല്‍ രാഷ്ട്രീയസ്വഭാവമുള്ളതാണ് ഈ ദൗത്യം. രാഷ്ട്രീയമായ ഇടപെടല്‍ വേണ്ടെന്ന് ചൈന അമേരിക്കയ്ക്ക് താക്കീത് നല്‍കിയിരുന്നു. കൃത്യമായ അന്വേഷണം നടത്തണമെന്ന ലോകാരോഗ്യസംഘടനയോടുള്ള അമേരിക്കയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചൈന സ്വരം കടുപ്പിച്ചത്.
ഈ അന്വേഷണം പൂര്‍ണ്ണമായും ശാസ്ത്രത്തിന്റെ അടിത്തറയിലുള്ളതായിരിക്കുമെന്നും അതുവഴി എങ്ങിനെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പകര്‍ന്നതെന്നുമാണ് അന്വേഷിക്കുന്നതെന്നും പറഞ്ഞ് ലോകാരോഗ്യസംഘടന അന്തരീക്ഷം ലഘൂകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. വൈറസിന്റെ ഉറവിടം ചൈനയാണെന്ന കുറ്റപ്പെടുത്തലില്‍ നിന്നും രക്ഷപ്പെടാനാണ് ചൈന കിണഞ്ഞുശ്രമിക്കുന്നത്. പകരം രോഗത്തെ എങ്ങിനെ ഫലപ്രദമായി തടഞ്ഞു, എങ്ങിനെ മഹാമാരിയില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ചു എന്നീ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനാണ് ചൈന ശ്രമിക്കുന്നത്. ചൈനയുടെ ആരോഗ്യമന്ത്രി മാ സീയാവെയുമായി തുറന്ന ചര്‍ച്ച നടത്തിയെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദനോം ഗെബ്രെയെസസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: