ദുബായ്: തിരഞ്ഞെടുക്കപ്പെട്ട പ്രൊഫഷണലുകൾക്ക് പൗരത്വം നൽകാൻ യുഎഇ തീരുമാനം. വിദേശികളായ നിക്ഷേപകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, പ്രഗത്ഭ വ്യക്തിത്വങ്ങൾ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് പൗരത്വം നൽകുമെന്ന പ്രഖ്യാപനമാണ് യുഎഇ നടത്തിയിരിക്കുന്നത്. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം പൗരത്വത്തിൽ വരുത്തിയ മാറ്റങ്ങൾ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച അംഗീകരിക്കുകയായിരുന്നു.
അസാധാരണ കഴിവുകളുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എമിറാത്തി പൗരത്വം നൽകുന്നതിലൂടെ അവരെ യുഎഇ സമൂഹത്തിന്റെ ഭാഗമാക്കുക, സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുക, ദേശീയ വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു. സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ രക്ഷ, ഭവന വായ്പ, ഗ്രാന്റ്സ് എന്നിവയ്ക്ക് വേണ്ടി എല്ലാ വര്‍ഷവും കോടികളാണ് യുഎഇ ഭരണകൂടം ചെലവഴിക്കുന്നത്. വിദേശത്ത് നിന്ന് ജോലിക്കെത്തുന്നവര്‍ക്ക് നിശ്ചിത കാലത്തേക്ക് മാത്രമാണ് യുഎഇ വിസ അനുവദിക്കാറ്. കാലാവധി കഴിഞ്ഞാല്‍ പുതുക്കണം. എന്നാല്‍ ചില മേഖലകളില്‍ കഴിവ് തെളിയിച്ചവരുടെ ശേഷി രാജ്യത്തിന് വേണ്ടി കൂടുതല്‍ ഉപയോഗപ്രദമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം ചില നിബന്ധനകൾക്ക് വിധേയമായാണ് പ്രത്യേക വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് പൗരത്വം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും പൗരത്വം നൽകുന്നതിനൊപ്പം, അവരുടെ നിലവിലെ പൗരത്വം നിലനിർത്താനും നിയമം അനുവദിക്കുന്നു. നേരത്തെ യുഎഇ ഇരട്ട പൗരത്വം അംഗീകരിച്ചിരുന്നില്ല.
പൗരത്വത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും:
നിക്ഷേപകർ: നിക്ഷേപകർക്ക് യു.എ.ഇയിൽ ഒരു പ്രോപ്പർട്ടി ഉണ്ടായിരിക്കണം
ഡോക്ടർമാരും പ്രൊഫഷണലുകളും: യുഎഇക്ക് ആവശ്യമായ ഒരു ശാസ്ത്രമേഖലയിൽ പ്രാവീണ്യം നേടിയിരിക്കണം. പ്രത്യേക മേഖലയിൽ 10 വർഷത്തെ പരിചയവും നിർബന്ധമാണ്.
ശാസ്ത്രജ്ഞർ: ഒരു യൂണിവേഴ്സിറ്റി, ഒരു ഗവേഷണ സ്ഥാപനം അല്ലെങ്കിൽ സ്വകാര്യ മേഖലയിലെ സജീവ ഗവേഷകനായിരിക്കണം. ഇവർക്കും 10 വർഷത്തെ പരിചയമുണ്ടായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: