തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍. ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍ വര്‍ധിച്ചത് 1880 രൂപ മാത്രം. ക്ഷാമ ബത്തയില്ല. സര്‍വീസ് വെയിറ്റേജും ഒഴിവാക്കി. വിരമിക്കല്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനും നിര്‍ദേശം താഴെത്തട്ടിലുള്ളവരുടെ അടിസ്ഥാന ശമ്പളം 16,500 ആയിരുന്നു. ഇതിനൊപ്പം 28 ശതമാനം ക്ഷാമ ബത്തയായ 4620 രൂപയും കൂടി ചേര്‍ത്ത് 21120 രൂപയായിരുന്നു അടിസ്ഥാന ശമ്പളം.
പുതിയ നിര്‍ദേശമനുസരിച്ച് 28 ശതമാനം ക്ഷാമ ബത്ത കുടിശിക കൂടി ലയിപ്പിച്ചാണ് 23000 രൂപയാക്കിയത്. യഥാര്‍ഥത്തില്‍ വര്‍ധിക്കുന്നത് 1880 രൂപയായിരിക്കും. ഇതോടെ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച രണ്ട് ക്ഷാമ ബത്ത വര്‍ധനയും ജീവനക്കാര്‍ക്ക് ലഭിക്കില്ല. ഏറ്റവും ഉയര്‍ന്ന ശമ്പളത്തില്‍ എത്തുമ്പോള്‍ 1820 രൂപയുടെ വര്‍ധന പോലും ഉണ്ടാകില്ല. 2019 ജൂലൈ വരെയുള്ള 11 ശതമാനം ക്ഷാമ ബത്ത കുടിശികയും അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചു. ഇനി ക്ഷാമ ബത്ത ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിക്കണം. മാത്രമല്ല സര്‍വീസ് (സര്‍വീസ് വെയിറ്റേജ്) കണക്കാക്കിയുള്ള ശമ്പള വര്‍ധനയും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 15 ശതമാനം വരെ ലഭിച്ചിരുന്നു. വാര്‍ഷിക ഇന്‍ഗ്രിമെന്റ് പല സ്‌റ്റേജിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറച്ചിട്ടുമുണ്ട്.
അഞ്ചു വര്‍ഷത്തിനിടെ അടിസ്ഥാന ശമ്പളത്തില്‍ 10 ശതമാനം വര്‍ധന മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ശമ്പള പെന്‍ഷന്‍ വര്‍ധനകള്‍ക്ക് 2019 ജൂലൈ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യവും നല്‍കി. ഇതോടെ ഒരു വര്‍ഷം സര്‍ക്കാരിന് 4810 കോടിയുടെ അധിക ബാധ്യതയുണ്ടാകും. എന്നാല്‍ ഈ തുക 2022നു ശേഷം നല്‍കിയാല്‍ മതിയെന്ന നിര്‍ദേശവും ശമ്പള പരിഷ്‌കരണ കമ്മീഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതോടെ ശമ്പള വര്‍ധനയുടെ കുടിശിക അടുത്ത സര്‍ക്കാരിന്റെ ചുമലിലായിരിക്കും. വിരമിക്കലിന് ഒരു വര്‍ഷം കൂടി നീട്ടി നല്‍കുന്നത് പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം വര്‍ധിപ്പിക്കുന്നതിന് തുല്യമാണ്. മാത്രമല്ല, അഞ്ച് വര്‍ഷത്തില്‍ നടത്തേണ്ട ശമ്പള പരിഷ്‌കരണം 2026ല്‍ മതിയെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കെ. മോഹന്‍ദാസ് ചെയര്‍മാനായ പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ഇന്നലെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
നിര്‍ദേശങ്ങള്‍ ഇങ്ങനെ:
അടിസ്ഥാന ശമ്പളത്തില്‍ 10 ശതമാനം വര്‍ധന. ഏറ്റവും കുറഞ്ഞ ശമ്പളം 23,000 രൂപ. ഏറ്റവും കൂടിയത്് 166800. ഇന്‍ക്രിമെന്റ് 700 മുതല്‍ 3400 വരെ. ഹൗസ് റെന്റ് അലവന്‍സ് (എച്ച്ആര്‍എ) കുറവ് 1200ഉം കൂടിയത് 10000 രൂപയും. എച്ച്ആര്‍എ വര്‍ധിപ്പിച്ചതോടെ സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കി. മറ്റ് അലവന്‍സുകളില്‍ 10 ശതമാനം വര്‍ധന.
കുറഞ്ഞ പെന്‍ഷന്‍ 11500 രൂപ, കൂടിയ പെന്‍ഷന്‍ 83400. കുടുംബ പെന്‍ഷന്‍ 11500 – 50040. ഡിസിആര്‍ജി പരിധി 17 ലക്ഷമാക്കി ഉയര്‍ത്തി. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രതിമാസം 1000 രൂപ അധികം. പത്തു മാസ ശമ്പളത്തിന്റെ ശരാശരിക്ക് പകരം അവസാനം വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍. കുടുംബ പെന്‍ഷന്‍ വാങ്ങുന്ന മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് പൂര്‍ണ പെന്‍ഷന്‍. പെന്‍ഷന്‍ ആനുകൂല്യമില്ലാതെ വിരമിക്കുന്നവര്‍ക്കുള്ള എക്‌സ് ഗ്രേഷ്യ അലവന്‍സ് 5 ലക്ഷമാക്കി ഉയര്‍ത്തി.
കിടപ്പിലാകുന്ന മാതാപിതാക്കളെയും 3 വയസ്സു വരെയുള്ള കുട്ടികളെയും സംരക്ഷിക്കാന്‍ ഒരു വര്‍ഷം വരെ പേരന്റ്, ചൈല്‍ഡ് കെയര്‍ ലീവ്. ഇക്കാലയളവില്‍ 40 ശതമാനം ശമ്പളം. പിതൃത്വ അവധി 10 ദിവസത്തില്‍നിന്ന് 15 ദിവസമാക്കി. ദത്തെടുക്കുന്നതിനും പിതൃത്വ അവധി ബാധകം.
പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ഏറ്റവും കുറഞ്ഞ ശമ്പളം 11500, കൂടിയത് 22970. ആര്‍ജിതാവധി ശേഖരണം 150 ആക്കി ഉയര്‍ത്തി. സ്റ്റേറ്റ് ലൈഫ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍. കുറഞ്ഞ പെന്‍ഷന്‍ 5750, കൂടിയത് 11485.
പ്രതികരിക്കാൻ ഇവിടെ എഴുതുക