‘സത്വം കൊണ്ടേ ജയിക്കാന്‍ ഇവിടെ സരയുവില്‍,
പുണ്യതീര്‍ത്ഥത്തില്‍, നിന്നാ-
ണെത്തീപോല്‍ രാമലാലാപ്രതിമ, യതതുലം കാണ്ക-
തജ്ജന്മഭൂവില്‍
മേലേ മേലേക്കുയര്‍ന്നു പരമപദമണ-
യ്ക്കുന്ന നാമാക്ഷരങ്ങള്‍
കാലക്കേടിന്റെ ദുഃഖസ്മരണകള്‍ കുമിള-
പ്രായമെല്ലാം തകര്‍ക്കെ
വ്യോമംചുറ്റി ഗ്രസിക്കും നിശയുടെ വലയം
നീക്കി, ശുക്രന് കണക്കേ
സോമക്ഷേത്രം തിളങ്ങി, പിറകിനു രവിവം-
ശാധിപക്ഷേത്രവുമിപ്പോള്‍….. ‘
(പി. നാരായണക്കുറുപ്പ്- രാമക്ഷേത്രദര്‍ശനം)
കാലത്തിന്റെ കാത്തിരിപ്പാണ് പൂര്‍ത്തിയാകുന്നത്. രാമരാജ്യസംസ്ഥാപനത്തിനായുള്ള സുദീര്‍ഘമായ തപസ്സിന് ഫലം എത്തുന്നു. കവി പാടും പോലെ കാലക്കേടിന്റെ ദുഃഖസ്മരണകള്‍ കുമിള കണക്കെ ഇല്ലാതാവുകയാണ്. ഒരു രാഷ്ട്രം അതിന്റെ സിരകളില്‍ ജ്വലിപ്പിച്ചുനിര്‍ത്തിയ സ്വധര്മ്മബോധത്തികവിനാല് സ്വത്വത്തിലേക്കുയരുകയാണ്….. ഭഗവാന് ശ്രീരാമചന്ദ്രന്റെ ചരണപരാഗം പുരളാത്തതായി ഒരു തരി മണ്ണ് പോലുമുണ്ടാവില്ല ഈ ഭാരതാവനിയില്. ‘ബാലികമാര്‍ ശ്രീദേവീ രൂപം ബാലകരോ ശ്രീരാമന്മാര്’ എന്നത് താളമിട്ട് പാടിത്തിമിര്‍ത്ത പാട്ട് മാത്രമല്ല, ഈ നാടിന്റെ ഹൃദയവികാരം കൂടിയാണ്.
പക്ഷേ ഉത്തരേന്ത്യന്‍ ഗോസായിമാരുടെ ഉടുത്തുകെട്ടുകള്ക്ക് അനുസരിച്ച് ആടുന്നതല്ല മലയാളിയുടെ പ്രബുദ്ധതയെന്ന് ഭഗവാന് ശ്രീരാമന്റെ ഈ സര്വാശ്ളേഷിത്വത്തെ പരിഹസിച്ച് അതിപുരോഗമനവാദികളായ ബുദ്ധിജീവികള്‍ വാദിച്ചുകേട്ടിട്ടുണ്ട്. പറഞ്ഞുപഴകിയ സവര്ണവര്ഗീയസാഹിത്യത്തിന്റെ കെട്ടുകഥകളാണ് അവര്‍ ഇക്കാര്യം സമര്‍ത്ഥിക്കാനും എടുത്തുപയറ്റാറുള്ളത്. എന്നാല്‍ രാമകഥ എത്താത്ത ഇടമില്ലെന്ന് പക്ഷമില്ലാതെ അകം തെരയുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും. അക്ഷരവെളിച്ചമെത്താത്ത വനമേഖലകളില്‍ പോലും പാടിപ്പതിഞ്ഞ ശീലുകളില്‍ രാമച്ചെക്കനും ചീതപ്പെണ്ണും തുടിച്ചുനില്പുണ്ട്. വാല്മീകിയുടെ രാമന് കാടിറങ്ങിയിട്ടേയില്ല എന്ന് തോന്നിക്കുമാറ് ഓരോ വനപദത്തിലും രാമനും രാമകഥയും സജീവമാണ്. അതിന് ഭാഷാഭേദം ഇല്ലേയില്ല.
‘പുള്ളിമാനായിവന്ന്
സീതയെ രാവണന് കട്ട്
കട്ടങ്ങനെ കൊണ്ടുപോയ്
സീതയെ രാവണന്
കടലും കടത്തീട്ടല്ലേ കൊണ്ടുപോയത്
ചെമ്പക വന്മരം വലിയൊരു വന്മരോം
വന്മരം കീഴില്‍ കൊണ്ടങ്ങിരുത്തീ….
വയനാട്ടിലെ മുള്ളുവക്കുറുമര്‍ നീട്ടിപ്പാടുന്ന പാട്ടുകളിലുണ്ട് ഈ കഥകള്‍. അടിയാള രാമായണവും മാപ്പിളരാമായണവുമൊക്കെ നിറഞ്ഞുനില്ക്കുന്ന ഒരു സമൂഹത്തിന്റെ മുന്നില്‍ നിന്ന് രാമകഥയുടെ സാര്‍വജനീനതയെപ്പറ്റി തര്‍ക്കിക്കാന്‍ പരിശ്രമിക്കുന്നവരെക്കുറിച്ചെന്ത് പറയാനാണ്.
ടിഎച്ച് കുഞ്ഞിരാമന്‍നമ്പ്യാര്‍ സമ്പാദനം ചെയ്തതാണ് മാപ്പിളരാമായണം.
‘പണ്ട് താടിക്കാരനൗലി പാടി വന്നൊരു പാട്ട്
കണ്ടതല്ലേ ഞമ്മളീ ലാമായണം കതപാട്ട്…..”
പാടിയുമാടിയും പതിഞ്ഞ പാട്ടിനുമപ്പുറമാണ് മലയാളഭാഷയില്‍ നവീകരണവിപ്ലവത്തിന്റെ പടപ്പാട്ടായി മാറിയ തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. രാമായണം ചമ്പുവിലൂടെയും രാമചരിതത്തിലൂടെയുമൊക്കെ ശ്രീരാമന് മലയാളി അക്ഷരം കൂട്ടിവായിച്ചുതുടങ്ങിയ കാലം മുതല്‍ അവന്റെ നാവിന്തുമ്പിലും ചിന്തയിലും കുടിയേറിയതാണെങ്കിലും എഴുത്തച്ഛനും ശാരികപ്പൈതലും തീര്‍ത്ത പരിഷ്കാരത്തിന്റെ അലയൊലികള്‍ ചെറുതായിരുന്നില്ല.
എഴുത്തും വായനയും അടക്കം പലതും ചിലരൊക്കെ കയ്യടക്കി പെരുമാറിയ കാലത്ത് ഭാഷയുടെ ഉപയോഗവും രീതികളുമൊക്കെ വേറെയായിരുന്നു. പാട്ടിന്റെയും മണിപ്രവാളത്തിന്റെ വഴിയിലൊഴുകിപ്പരന്ന കവിതയ്ക്ക് മേല്‍ അശ്ലീലം പതഞ്ഞുപൊന്തിയ കാലത്താണ് എഴുത്തച്ഛന് അതിന് ഒരു തിരുത്തുമായി രംഗത്തുവരുന്നത്. പാട്ട് സാഹിത്യവും മണിപ്രവാളവും സംയോജിപ്പിച്ച് രാമകഥയിലൂടെ ഭാഷയെ സംസ്കാരത്തിന്റെയും ആത്മീയതയുടെയും തലത്തിലേക്ക് കൈപിടിച്ച് നയിക്കുകയായിരുന്നു അദ്ദേഹം. രാമമന്ത്രത്തിലൂടെയുള്ള ഭാഷാവിപ്ലവത്തിനാണ് എഴുത്തച്ഛന് നിമിത്തമായത്. എഴുത്തച്ഛന് തുടങ്ങിവെച്ച ഭാഷയുടെ നവീകരണവഴിയിലൂടെയല്ലാതെ മറ്റൊരു വഴിയിലേക്ക് മാറി നടക്കാന്‍ മലയാളസാഹിത്യം പിന്നീട് തയ്യാറായിട്ടില്ലെന്ന് മനസ്സിലാക്കുമ്പോഴാണ് ഭാഷാപിതാവ് എന്ന് അദ്ധ്യാത്മരാമായണകാരന്‍ വിളിക്കപ്പെടുന്നതിന്റെ യുക്തി അര്‍ത്ഥപൂര്‍ണമാവുന്നത്.
കേരളം പിന്നീടുമെത്രയോ സാഹിത്യകൃതികളിലൂടെ രാമകഥ പല ഭാവത്തിലും രൂപത്തിലും കേട്ടു. പഴയതും പുതിയതുമായ കവികള്‍, കഥാകൃത്തുക്കള്‍, നാടകകാരന്മാര്…. എല്ലാവരും രാമന് നടന്ന വഴിയേ നടന്നു. അവരവരുടെ ഭാവനകള്‍ക്ക് അനുസരിച്ച് രാമകഥയെ കണ്ടറിഞ്ഞു. ചിലര്‍ക്ക് സീതയായിരുന്നു പ്രിയം. മറ്റ് ചിലര്‍ക്ക് തോന്നിയത് രാവണനെ നായകനാക്കാനായിരുന്നു. ഊര്‍മ്മിളയും ലക്ഷ്മണനും താടകയും ത്രിജടയും ഒക്കെ പലര്‍ക്കും പല വിധത്തില്‍ പ്രിയപ്പെട്ടവരായി. കുമാരനാശാന് ചിന്താവിഷ്ടയായ സീതയിലൂടെ വായനയുടെ പുതിയ തലം തുറന്നു. കിളിക്കൊഞ്ചലിലൂടെ വള്ളത്തോള്‍ വരച്ചിട്ടത് കൊച്ചുസീതയുടെ കാഴ്ചകളാണ്. സങ്കല്പവായുവിമാനത്തിലേറിയുള്ള യാത്രയിലൂടെ മലയാളി വായനക്കാരന് കവിക്കൊപ്പം പിന്നെയും പിന്നെയും സഞ്ചരിച്ചു. സി.എന്‍. ശ്രീകണ്ഠന്‍നായര്‍ സാകേതത്തിലൂടെയും ലങ്കാലക്ഷ്മിയിലൂടെയും കാഞ്ചനസീതയിലൂടെയും മലയാളിയെ ത്രസിപ്പിച്ചത് രാമായണത്തിന്റെ വ്യത്യസ്തഭാവങ്ങളിലൂടെയാണ്….
ഇടശ്ശേരി സാക്ഷാല്‍ ഹനൂമാനെ വിളിച്ചത് തുഞ്ചന്‍പറമ്പിലെ തൈത്തെങ്ങിന് തണലിലേക്കാണ്.
”രാമനാമാലാപമാമിളന്നീര് വെള്ളം മോഹി-
ച്ചീ മന്നിലെത്തീ ഭവാന്; തീര്‍ത്താലും തൃഷാര്ത്തിയെ.”
എന്തൊരു ഭക്തി പാരവശ്യത്താലാണ് ഇടശ്ശേരി രാമകിങ്കരനായ ഹനൂമാനോട് യാചിക്കുന്നത്,
‘രാമാംഘ്രിപരാഗത്തെസ്സഫലം സീതാപദ-
ത്താമരപ്പൂവില് ചേര്‍ത്ത കാറൊളിവണ്ടത്താനേ,
നിന് കഴല്പ്പൊടിയെന്നെന് ശിരസ്സില്പ്പതിയുമ-
ന്നെന്‍ കണ്ഠം പക്ഷേ, രണ്ടാം മേഘസന്ദേശം പാടും”….. കവിക്ക് കാളിദാസനാകാന് മറ്റാരുടെ അനുഗ്രഹം വേണം.
‘കണ്ണടച്ചിരുന്നെന്നും ജപിച്ചുകൊള്ളട്ടെ ഹാ
വിണ്ണുവേണ്ടവരെല്ലാം വിണ്ണിലേക്കെത്തും വരെ
എന്‍ ദുര, ചിരഞ്ജീവിയാകുവാനല്ലോ കനി-
ഞ്ഞെങ്കല്ച്ചേര്ത്താലും ഗുരോ, സേവനമന്ത്രാക്ഷരം”
(ഇടശ്ശേരി- ഹനൂമല്സേവ തുഞ്ചന്‍ പറമ്പില്‍)
1975ല്‍ പുതിയ രാമായണം എഴുതുമ്പോള്‍ മഹാകവി പി. കുഞ്ഞിരാമന് നായര്‍ ശ്രീരാമകഥയെ ഇങ്ങ് ഈ മണ്ണിനോട് വിളക്കിച്ചേര്‍ത്തു. കര്‍ഷകനാണ് കവിക്ക് രാമന്. കവിതയ്ക്ക് അദ്ദേഹം എഴുതിച്ചേര്‍ത്ത് ആമുഖം ഇങ്ങനെയാണ്,
”സൗന്ദര്യം പൂത്തുലയുന്ന ഭൂമിയെ (ആ മധുരപ്പതിനേഴുകാരിയെ) സ്നേഹധാരയാല്‍ രമിപ്പിക്കുന്ന തരുണ കര്ഷകന്- അവനാണ് ശ്രീരാമന്. സ്ഥാവരജംഗമങ്ങള്‍ക്ക് സമാവകാശമുള്ള മണ്ണ്. ആവശ്യത്തില്‍ കവിഞ്ഞുകയ്യടക്കിവെച്ച അഹങ്കാരം, സ്വാര്‍ത്ഥം, ലോഭം – അവന് തന്നെ രാവണന്. ആ രാവണനെ കൊല്ലുക. കള്ളവേഷം കെട്ടി ബലാല്‍ക്കാരമായി പിടിച്ച് അവന് തടവിലാക്കിയ ഭൂമിയെ(സീതയെ) വീണ്ടെടുക്കുക…..
”ഊഴികന്യാചരിതം പാടുക പുലരിക്കാറ്റേ നീ,
രാമായണകഥ പാടുക പാടുക പൈങ്കിളിമങ്കേ നീ
ഊഴികന്യക ചേര്‍ന്നൂ രാമന് സഹധര്‍മ്മിണിയായി,
കോടക്കാറൊളിവര്ണ്ണന് രാമന് ജീവിതസഖിയായി.
പരുത്ത മരവുരിയുടയാടയുമായ്ത്തോളില് ജട ചിന്തി
സത്യധര്മ്മവ്രതതേജസ്സിന്നായുധമവനേന്തീ.
ഊഴികന്യക വീരന് രാമനു പൂവിന് മണമായീ,
ഊഴികന്യക കാട്ടില്‍ മേട്ടില്‍ തേനരുവിക്കാറ്റായ്….
രാമനാമമുഖരിതമാകാനല്ലെങ്കില് പിന്നെ മലയാളിക്ക് സന്ധ്യകളെന്തിനാണ്…. നേരം ഇരുട്ടിത്തുടങ്ങുമ്പോള്‍ കൊട്ടാരം കുടില്‍ ഭേദമില്ലാതെ ഉമ്മറത്ത് കൊളുത്തുന്ന നിലവിളിക്കിന് മുന്നില്‍ ഒത്തുചേര്‍ന്നിരുന്ന് കൈകൂപ്പി രാമപാദം ചേരണേ മുകുന്ദരാമപാഹിമാം എന്ന് ചൊല്ലിവളരാത്ത ബാല്യമുണ്ടാകുമോ മലയാളിക്ക്. ഏത് യന്ത്രവത്കൃതലോകത്തില്‍ പുലര്‍ന്നാലും ഏത് ധൂസരസങ്കല്പത്തില്‍ വളര്‍ന്നാലും മനസ്സിലുണ്ടാകും ആ മണവും മമതയുമെന്ന് പാടിപ്പറഞ്ഞവരില് ആധുനികതയുടെ കവിതകളില്‍ മലയാണ്മ തോറ്റിയ കവികളുമുണ്ട്…. ‘വീട്ടിലേക്കുള്ള വഴിയില്‍ കവി ഡി. വിനയചന്ദ്രന് പ്രവാസിയുടെ ഓര്‍മ്മകള്‍ ചിതറിത്തെറിക്കുന്ന വരികളിലൂടെ അത് ഭംഗിയായി പറഞ്ഞുവെക്കുന്നുണ്ട്….
”വീട്ടില്‍ നിന്നോ വരുന്നത് ?
പെട്ടിയില്‍ നാട്ടുവിഭവങ്ങളെന്തൊക്കെ ?
എന്തൊക്കെ കൂട്ടുകാര്‍ക്കുള്ള സമ്മാനങ്ങള്‍ ?
പെട്ടിയില്‍ ഊരിലെപ്പഞ്ഞം
ഉദയഗിരിയിലെ കുന്നിമണികള്‍
വിഫലമായിപ്പോയ സമരങ്ങള്‍ തന് വീരഗാഥകള്‍
കൂടിപ്പിരിഞ്ഞ ദിനങ്ങളില്‍ പൂവിട്ട് വാടിയ
പൂക്കള്‍ തന് നാലഞ്ചിതളുകള്‍
ഓരോ നിറത്തിലും അഞ്ചാറ് തൂവല്‍
ഗംഗയില്‍ നിന്നും ഞാന്‍
മുങ്ങിയെടുത്ത നൂറ്റെട്ട് ശിലകള്‍
പിന്നെ അമ്മൂമ്മ ഉണ്ണിക്ക് നല്കിയ സന്ധ്യനാമം
പിന്നെ അപ്പൂപ്പന് ഓഹരിയായിത്തന്ന
രാമായണം കിളിപ്പാട്ട്
പിന്നെ അമ്മ പണ്ടമ്മ പണ്ടുണ്ണിക്ക് നല്കിയ
വെള്ളിക്കൊലുസും വിശ്വാസവും പ്രാര്‍ത്ഥനാമന്ത്രവും”
‘രാമന്റെ ദുഃഖം’ മാത്രം പറയാനും കേള്‍ക്കാനും ഒരു പ്രത്യേകതരം പരിശീലനം ലഭിച്ചവരെയാണല്ലോ പുതിയ കാലം പ്രബുദ്ധനായ മലയാളി എന്ന് വിളിക്കുന്നത്. അതിനുമപ്പുറമാണ് കേരളം വരയിലും വരിയിലും നെഞ്ചേറ്റിയ ശ്രീരാമനെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഏറെയുണ്ട് ഇനിയും. വായനയുടെ ലോകം വിശാലമാണ്. ഭാവനയുടേതെന്നതുപോലെ…. അതുകൊണ്ട്, കാലമെത്ര മാറിയാലും രാമകഥ പാടുക തന്നെ ചെയ്യും മലയാളിയും.
”ഊഴികന്യാമോചനമംഗളകാല്യം വന്നെത്തീ,
സ്വാര്ത്ഥമസ്തകപത്തികള് താഴും പാവനദിനമെത്തി.
അഗ്നിസ്ഥാനവിശുദ്ധികളേന്തും നവമീകല പൊന്തീ,
ഗ്രഹണം നീങ്ങിത്തെളിഞ്ഞു പാര്വണയാമിനിയൊളിചിന്തി.
ഊഴികന്യക മുകിലിനു വീണ്ടും മിന്നല്‍ക്കൊടിയായി
ഉഷസ്സു വീണ്ടും വരുണാദിത്യനു സഹധര്‍മ്മിണിയായി.
കാര്‍മുകില്‍ വര്ണന് കര്ഷകനെത്തീ, വിജയക്കൊടി നാട്ടീ
തല ചായ്ക്കുക ചെമ്മണ്ണും ചളിയും പൂശിയ മേനിയില്‍ നീ….”
(പുതിയ രാമായണം – പി. കുഞ്ഞിരാമന്‍നായര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: