കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും കഴിഞ്ഞയാഴ്ച മന്ത്രിസ്ഥാനം രാജിവെച്ച രജീബ് ബാനര്‍ജി വ്യാഴാഴ്ച എംഎല്‍എ സ്ഥാനം ഒഴിഞ്ഞു. ഞായറാഴ്ച അമിത് ഷാ ബംഗാളില്‍ എത്തുമ്പോള്‍ രജീബ് ബിജെപിയില്‍ ചേരുമെന്നാണ് കരുതുന്നത്.
ഡൊംജൂര് നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു രജീബ് ബാനര്‍ജി. മന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ രജീബ് പറഞ്ഞതിങ്ങനെ: ‘ ഞാന്‍ തൃണമൂല്‍ പ്രവര്‍ത്തകനായി തല്ക്കാലം തുടരും. പക്ഷെ എന്റെ ഭാവി നീക്കങ്ങള്‍ ഇപ്പോള്‍ പറയാനാവില്ല’. ഇദ്ദേഹം ഈ വരുന്ന ഞായറാഴ്ച അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനവേളയില്‍ ബിജെപിയിലേക്ക് മാറുമെന്നാണ് കരുതുന്നത്.
‘ഞാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. ജനങ്ങളെ സേവിക്കാന്‍ മമതാ ബാനര്‍ജി നല്കിയ അവസരത്തിന് നന്ദി,’ രജീബ് പറഞ്ഞു. ഭാവിയിലും ഡൊംജൂരില് മത്സരിക്കുമെന്ന് രജീബ് പറഞ്ഞു.
ബിജെപി രജീബിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ‘അയാള്‍ എനിക്ക് ചെറിയ സഹോദരനാണ്. ബിജെപിയുടെ വാതിലുകള്‍ തുറന്നുകിടക്കുന്നതായി പറഞ്ഞിട്ടുണ്ട്, ‘ ബിജെപി എംപി അര്ജുന് സിംഗ് പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ട് നേരത്തെ ഗവര്‍ണര്‍ക്ക് തന്റെ രാജിക്കത്ത് നല്കുമ്പോള് രജീബ് പൊട്ടിക്കരഞ്ഞു. സുവേന്ദു അധികാരി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ തൃണമൂലില്‍ നി്ന്നും ബിജെപിയില്‍ എത്തിയിരിക്കുകയാണ്. രജീബും വൈകാതെ ബിജെപിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: