യുവത്വത്തെയും ചെറുപ്പകാലത്തെയും അനന്തസാദ്ധ്യതകളുടെ ചക്രവാളമായാണ് ആചാര്യന്മാരും ദീര്‍ഘദര്‍ശികളും ഒക്കെ കാണുന്നത്. അവരുടെ ഒട്ടുമിക്ക ഉദ്ബോധനങ്ങളും യുവാക്കളെ മുന്‍നിര്‍ത്തിയുള്ളതാണെന്നുകൂടി കാണാന്‍ കഴിയും. ജീവന് ലോകത്തേക്കു വിടര്‍ന്നുവരുന്ന ഈ സമയത്ത് മനസ്സു മുഴുവന്‍ ഊര്‍ജ്ജം നിറഞ്ഞിരിക്കുന്നു. ഭാവിയെ രൂപപ്പെടുത്താനുള്ള സ്വപ്നങ്ങളും ആദര്‍ശങ്ങളും ഈ സമയത്തുമാത്രമേ അതിശക്തമായിരിക്കുകയുള്ളൂ താനും. മനുഷ്യനിലെ സാദ്ധ്യതകള്‍ക്കെല്ലാം ചിറകുവെക്കുന്ന കാലഘട്ടമാണിത്.
എന്നാല്‍ ചെറുപ്പകാലത്തെ ഈ സമയം കേവലം സുഖാസ്വാദനത്തിനുപയോഗിച്ചില്ലെങ്കില്‍ വിഡ്ഢിത്തമാവില്ലേ എന്ന ചിന്തയും സമാനമായി ലോകത്തു കണ്ടുവരുന്നു. കാളിദാസന്റെ ‘ശൈശവേƒഭ്യസ്തവിദ്യാനാം യൗവനേ വിഷയൈഷിണാം വാര്‍ദ്ധതേ മുനിവൃത്തീനാം യോഗേനാന്തേ തനുത്യജാം’ (ബാല്യകാലം വിദ്യയഭ്യസിക്കുന്നതിനും യുവത്വം വിഷയാസ്വാദനത്തിനും വാര്‍ദ്ധക്യം താപസജീവിതത്തിനുമുള്ളതാണ്) എന്ന ചിന്തയാണ് ലോകത്തെ ഒട്ടുമിക്ക പേരെയും ഭരിക്കുന്നത്. എന്നാല്‍ ശങ്കരാചാര്യരെപ്പോലുള്ള ലോകാചാര്യന്മാര് ഈ ചിന്തയെ ആഴത്തില്‍ തിരുത്തിവെയ്ക്കുന്നു. മേല്‍പ്പറഞ്ഞ രീതിയില്‍ സുഖാസ്വാദനത്തിനായി യുവത്വത്തെ മാറ്റിവെച്ചാല്‍ ജീവിതം ആര്‍ത്ഥശൂന്യതയില്‍ നിപതിച്ചുപോകാനിടവരുമെന്ന് ശങ്കരാചാര്യര്‍ ഭജഗോവിന്ദത്തില്‍ പറയുന്നു(ബാലസ്താവത് ക്രീഡാസക്തഃ തരുണസ്താവത്തരുണീസക്തഃ വൃദ്ധസ്താവച്ചിന്താസക്തഃ പരമേ ബ്രഹ്മണി കോƒപി ന സക്തഃ). സ്വാമി വിവേകാനന്ദ
നും ഈ പക്ഷക്കാരനായിരുന്നു. യുവാക്കളെ സാധ്യതകളുടെ ചക്രവാളമായിക്കണ്ടിരുന്ന വിവേകാനന്ദന് സദാ യുവചേതനയോടാണ് സംവദിച്ചിരുന്നതും. മാത്രമല്ല ഓരോ മനുഷ്യനിലും അന്തര്‍ലീനമായിരിക്കുന്ന ഈ ചൈതന്യത്തെ എങ്ങനെ പരമാവധി ആവിഷ്ക്കരിച്ചെടുക്കാം എന്നതിന്റെ നിദര്‍ശനമായിരുന്നു 39 വയസ്സുവരെ മാത്രമുണ്ടായിരുന്ന വിവേകാനന്ദജീവിതം.
കുറഞ്ഞൊരു ജീവിതദൈര്‍ഘ്യംകൊണ്ട് ലോകചിന്തയെ വരെ ഇളക്കിപ്രതിഷ്ഠിച്ച സ്വാമി വിവേകാനന്ദനെ ആധുനികലോകം പരിചയപ്പെട്ടില്ലായിരുന്നുവെങ്കില്‍ കേവലം 32 വയസ്സുകൊണ്ട് തന്റെ ജീവിതദൗത്യം പൂര്‍ത്തിയാക്കിയ ശങ്കരാചാര്യരുടെ ജീവിതത്തെ ഒരു പക്ഷേ നാം അവിശ്വസിക്കുമായിരുന്നു. വിവേകാനന്ദന് മാനവജനതയോടു വാചാലനായത് മനുഷ്യനിലെ ചൈതന്യത്തെക്കുറിച്ചും അന്തഃസത്തയെക്കുറിച്ചുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. ‘Manis Potentialy Divine’ എന്ന നിര്‍വ്വചനംതന്നെ വിവേകാനന്ദസന്ദേശഹൃദയമായി വിലയിരുത്താവുന്നതാണ്.
വിവേകാനന്ദന് മതത്തെയും സേവനത്തെയും മനുഷ്യസ്നേഹത്തെയും ഒക്കെ നിര്‍വചിച്ചത് മനുഷ്യനിലെ ഈ അടിസ്ഥാനസത്തയെ കേന്ദ്രമാക്കിയായിരുന്നു. ഈ ആശയത്തില്‍ പ്രചോദിതരാകാത്ത പ്രതിഭകളെ ഭാരതത്തില്‍ കണ്ടെത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഗാന്ധിജി ഇപ്രകാരം പറയുകയുണ്ടായി, ‘വിവേകാനന്ദകൃതികള്‍ ഞാന്‍ വിശദമായി പഠിച്ചിട്ടുണ്ട്. അവ വായിച്ചശേഷം എന്റെ രാജ്യസ്നേഹം ആയിരം മടങ്ങായി വര്‍ധിച്ചു. വിവേകാനന്ദസന്നിധിയില്‍നിന്നും വെറും കൈയോടെ മടങ്ങിപ്പോകരുത് എന്നാണ് യുവാക്കളോടായി എനിക്കു പറയാനുള്ളത്’. ജീവന്റെ അമൂല്യതയെക്കുറിച്ചും അതു പുറത്തേക്കുകൊണ്ടുവന്ന് ആവിഷ്കരിക്കാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഉപനിഷത്രഹസ്യത്തെ പാശ്ചാത്യലോകത്ത് ആധുനിക ശൈലിയില്‍ അവതരിപ്പിച്ച സ്വാമി വിവേകാനന്ദന് പാശ്ചാത്യചിന്തയെത്തന്നെ പിടിച്ചുകുലുക്കുകയായിരുന്നു. ‘പാപിയെന്നു കരുതുന്നതാണ് ഏറ്റവും വലിയ പാപം’ എന്ന രീതിയിലുള്ള ആശയങ്ങള്‍ പാശ്ചാത്യരുടെ ചിന്താശൈലിയെ മുഴുവന്‍ ഇളക്കി മറിക്കാന്‍ പര്യാപ്തമായിരുന്നു.
ശക്തിയുടെ ഈ സുവിശേഷം പാശ്ചാത്യഭൂമിയെ പരിവര്‍ത്തനപ്പെടുത്തിയതിന്റെ തെളിവുകളാണ് വിവേകാനന്ദനാല് പ്രചോദിതരായ പാശ്ചാത്യപ്രതിഭകളത്രയും. വിവേകാനന്ദവാണികളെ വൈദ്യുതാഘാതം
പോലെയേ ശ്രവിക്കാനാവൂ എന്നു പറഞ്ഞ ഫ്രഞ്ചു ദാര്ശനികന് റൊമയ്ന് റോളയും, മാര്‍ഗ്ഗരറ്റ് നോബിളും, ടെസ്ലയും, മാക്സ് മുള്ളറുമെല്ലാം ആ നിരയെ കൂടുതല്‍ സമ്പന്നമാക്കി. ‘ആധുനികലോകത്തിന്റെതന്നെ ശില്‍പ്പികളിലൊരാളാണ് വിവേകാനന്ദന്’ എന്ന് ബ്രിട്ടീഷ് ചിന്തകനായ എ.എല്‍. ബാഷാം പറഞ്ഞതുംകൂടി വെച്ച് ഇക്കാര്യം കൂടുതല്‍ മനസ്സിലാക്കിയെടുക്കാം.വിവേകാനന്ദസന്ദേശത്തെപ്പറ്റി ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഒരു പ്രധാന സത്യം ടാഗോര്‍ പറഞ്ഞതു
പോലെ ‘വിവേകാനന്ദനില്‍ നിഷേധകമായി ഒന്നുമില്ല’ എന്നതാകുന്നു. അതെ, മാനവജനതയെ മുഴുവന്‍ പ്രചോദിപ്പിച്ച വിവേകാനന്ദചിന്തയേയും അതിന്റെ വ്യാപകമായ സ്വാധീനത്തെയുംപറ്റി ആലോചിക്കുമ്പോള്‍
പുതുതലമുറയുടേയും യുവാക്കളുടേയും മുമ്പില്‍ ആദര്‍ശമായി വെക്കാന്‍ വിവേകാനന്ദനല്ലാതെ മറ്റാരുണ്ട്? എന്നു ചിന്തിച്ചു
പോകും. മലയാളത്തിന്റെ പ്രിയ കവി പി. കുഞ്ഞിരാമന് നായര്‍ ചൊല്ലിയ ഈരടികളെ ഈയവസരത്തില്‍ മനസ്സിലുറപ്പിക്കാം.
‘ഈ വീരയുവാവിനെ
ക്ഷണിക്കൂ, മഹോന്നത
ജീവിതസൗധശിലാ
സ്ഥാപനത്തിന്നു നിങ്ങള്‍.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: