മട്ടന്നൂര്‍: മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിപിഎം പഴശ്ശികോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് സിപിഎം പ്രവര്‍ത്തകരായ ഇടവേലിക്കല്‍ സ്വദേശികളായ കെ. പ്രനീഷ് (22), സി.കെ. രോഹിത് (27), പുലിയങ്ങോട്ടെ പ്രബിന് (26), പഴശ്ശിയിലെ സുധീഷ് എന്നിവര്‍ അറസ്റ്റിലായത്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിലുളള പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തിലെ മറ്റൊരു പ്രതിയായ സിപിഎം പ്രവര്‍ത്തകനായ കുട്ടനെന്ന ഷിനോജിനെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ പതിമൂന്നിനാണ് രാജേഷിന് നേരെ അക്രമം നടന്നത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി പോകവേ വീടിനടുത്ത വയല്ക്കരയില് നില്ക്കുന്നതിനിടയില് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും ദേഹമാസകലവും പരിക്കേറ്റ രാജേഷ് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തല്‍ നടത്തിയ അന്വേഷണത്തിലാണ് സിപിഎമ്മുകാര്‍ പിടിയിലായത്. അക്രമികള്‍ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. സിഐ കൃഷ്ണന് പുറമെ എസ്ഐ റാഫി, എഎസ്ഐമാരായ രാജീവന്, ഗിരീഷ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സിജു എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
ബ്രാഞ്ച് സെക്രട്ടറിയെ അക്രമിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മുകാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. സംഭവത്തിന് ശേഷം ആര്‍എസ്എസിനെതിരെ പാര്‍ട്ടി ജില്ലാ നേതൃത്വം പ്രസ്താവനയും ഇറക്കിയിരുന്നു. പ്രദേശത്തെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അന്വേഷണത്തിനൊടുവില്‍ സിപിഎമ്മുകാര്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന് തെളിയുകയും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായ പ്രതികളെ പിടികൂടുകയും ചെയ്തത് സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. പ്രവര്‍ത്തകരുടേയും നേതാക്കളുടേയും അവിഹിത ബന്ധങ്ങളുമായും പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന വ്യാജവാറ്റുമായും ബന്ധപ്പെട്ട് മേഖലയിലെ സിപിഎമ്മിനകത്ത് കാലങ്ങളായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താനുളള ശ്രമത്തിന് പിന്നിലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് മേഖലയിലെ പാര്‍ട്ടിക്കുളളില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: