ആന്ധ്രാപ്രദേശിചിറ്റൂരില്‍ രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ അഭ്യസ്തവിദ്യരായ മാതാപിതാക്കൾക്ക് അന്ധവിശ്വാസം മൂത്ത് ഭ്രാന്തായതായിരിക്കാമെന്ന് പൊലീസ്. കാരണം കൊലപാതകത്തിന് പിന്നില്‍ വേറെ തെളിവുകളോ ഗൂഡാലോചനകളോ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
മക്കളായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം അച്ഛനും മാടനപ്പള്ളി ഗവ.വുമൺസ് കോളജ് വൈസ് പ്രിൻസിപ്പള്ളുമായ എൻ പുരുഷോത്തം നായിഡുവിനെയും അമ്മയും ഒരു സ്വകാര്യ കോളജ് പ്രിൻസിപ്പളുമായ പത്മജയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായുള്ള ചോദ്യം ചെയ്യലില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും മനസ്സിലായത് അസ്ഥിക്ക് പിടിച്ച അന്ധവിശ്വാസമാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. മാതാപിതാക്കളുടെ വിചിത്രമായ സ്വഭാവ രീതികള്‍ പൊലീസിനെ കുഴക്കുകയാണ്. അമ്മ ഏതാണ്ട് ഭ്രാന്തുള്ള രീതിയിലാണ് പെരുമാറുന്നത്. ഇവരാണ് ആഭിചാരക്കൊലപാതകത്തിന് പിന്നിലെ ആസൂത്രക എന്ന് കരുതപ്പെടുന്നു.
കലിയുഗം അവസാനിച്ച് സത്യ യുഗം പിറക്കുമ്പോൾ മക്കൾ പുനർജനിച്ചെത്തുമെന്ന വിശ്വാസത്തിൽ മാതാപിതാക്കൾ തന്നെ മക്കളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവർ പറഞ്ഞത്. മക്കളെ കൊലപ്പെടുത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചിട്ടുണ്ട്. . മൂത്തമകൾ അലേഖ്യയാണ് ഇളയ സഹോദരി സായ് ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.തുടർന്ന് തന്നെയും കൊലപ്പെടുത്താൻ അമ്മയെ നിർബന്ധിച്ചു. അങ്ങനെ ചെയ്താൽ മാത്രമെ സഹോദരിയുടെ ആത്മാവിനൊപ്പം ഒത്തു ചേർന്ന് അവളെ മടക്കി കൊണ്ടുവരാൻ സാധിക്കു എന്നാണ് മകൾ പറഞ്ഞതെന്നാണ് ഇവരുടെ മൊഴി.
തിങ്കളാഴ്ച കലിയുഗം അവസാനിച്ച് സത്യ യുഗം പിറക്കുമെന്നും അപ്പോഴേക്കും സഹോദരിയുമായി മടങ്ങിവരുമെന്നുമായിരുന്നു അലേഖ്യ പറഞ്ഞതെന്നാണ് അമ്മ പത്മജ പൊലീസിന് നല്‍കിയ മൊഴി.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. ഇളയമകളെ തൃശൂലത്താല്‍ കുത്തിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൂത്തമകള്‍ അലേഖ്യയാണ് ഇളയമകള്‍ സായിയെ കൊലചെയ്തത് എന്ന് കരുതുന്നു. അതേ സമയം മൂത്തമകള്‍ അലേഖ്യയെ ഡംബെൽ കൊണ്ട് അടിച്ച് കൊന്നത് അമ്മ പത്മജയായിരിക്കാം എന്നും മൊഴിയുടെയും സാഹചര്യത്തെളിവിന്റെയും അടിസ്ഥാനത്തില്‍ പൊലീസ് വിശ്വസിക്കുന്നു. ഭോപ്പാലിലെ ഇന്ത്യന്‍ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്‍റില്‍ അലേഖ്യ ജോലി ചെയ്തിരുന്നു. സിവില്‍ സര്‍വ്വീസിന് ശ്രമിച്ച് വരികയായിരുന്നു. എആര്‍ റഹ്മാന്റെ ചെന്നൈയിലെ സംഗീത വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു ഇളയ മകള്‍ സായി.
ഇപ്പോള്‍ ചോദ്യം ചെയ്യുംപോള്‍ ഭ്രാന്തമായ ഉത്തരങ്ങളാണ് അമ്മ പത്മജ പൊലീസിന് നല്‍കുന്നത്. ‘കൊറൊണ ചൈനയിൽ നിന്ന് വന്നതല്ല.. ശിവനിൽ നിന്നും വന്നതാണ്. ഞാൻ ശിവനാണ്. മാർച്ചോടെ കൊറോണ അവസാനിക്കും’ പത്മജയുടെ കമന്‍റുകള്‍ ഇങ്ങിനെ പോകുന്നു.
കൊലപാതക വിവരമറിഞ്ഞ് എത്തിയ പൊലീസുകാരോടേ ‘ദയവു ചെയ്ത് ഒരു ദിവസം കൂടി എന്റെ മക്കളെ വെറുതെ വിടുക. നിങ്ങൾക്ക് വേണമെങ്കിൽ അടുത്ത ദിവസം കൊണ്ടു പോയ്‌ക്കൊളു’ എന്നായിരുന്നു ഇവരുടെ വാക്കുകള്‍. പൊലീസ് അകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ ഇവർ മക്കൾ നഗ്നരായി കിടക്കുകയാണെന്നും ആ അവസ്ഥയിൽ അവരെ കാണാൻ പാടില്ലെന്നുമാണ് അറിയിച്ചത്. അതുപോലെ ഇവിടെ ദൈവം വസിക്കുന്ന ഇടമാണെന്നും ഷൂസ് ധരിച്ച് നടക്കുന്നത് എന്തിനാണെന്നും ഇവര്‍ പൊലീസുകാരോട് ചോദിച്ചിരുന്നു.
അന്വേഷണത്തോട് മാതാപിതാക്കൾ പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കടുത്ത അന്ധവിശ്വാസം വച്ചുപുലർത്തുന്ന ഇവർ ഇപ്പോഴും മക്കളെ കൊല ചെയ്തു എന്ന് വിശ്വസിക്കാൻ തയ്യാറാകുന്നില്ല എന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുടുംബത്തെ നേരിട്ട് അറിയുന്ന ആളുകളുടെയടക്കം മൊഴികൾ ശേഖരിച്ച് ഒരു നിഗമനത്തിലെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കടുത്ത അന്ധവിശ്വാസമായിരുന്നു ഈ കൊലപാതകങ്ങളുടെ പിന്നിലെന്ന് മടനപ്പള്ളി ഡിഎസ്പി രവി മനോഹർ ആചാരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: