കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേത് പ്രീണന രാഷ്ട്രീയമാണെന്ന പ്രചാരണം ശക്തമാക്കി ബിജെപി. പൊതുപരിപാടിയില്‍ മമതാ ബാനര്‍ജി ഇസ്ലാമിക പ്രാര്‍ഥന ചൊല്ലുന്ന വീഡിയോ ഞായറാഴ്ച ബിജെപി സംസ്ഥാന ഘടകം ട്വീറ്റ് ചെയ്തു. ശനിയാഴ്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി കൊല്‍ക്കത്തിയില്‍ നടന്ന ചടങ്ങില്‍ ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മമത സംസാരിക്കാന്‍ വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് മമത, സര്‍ക്കാര്‍ പരിപാടിയില്‍ പ്രാര്‍ഥന ചൊല്ലുന്ന വീഡിയോ ബിജെപി ട്വീറ്റ് ചെയ്തത്.
‘പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ പരിപാടിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഇസ്ലാമിക പ്രാര്‍ഥന ചൊല്ലാമെങ്കില്‍, ജയ് ശ്രീറാം വിളികളോടെ എതിരേറ്റതില് അവര്‍ക്ക് എന്താണ് പ്രശ്നം?. പ്രീണനം?. നേതാജി ജന്മവാര്ഷിക ചടങ്ങിലെ പെരുമാറ്റത്തിലൂടെ അവര്‍ ബംഗാളിനെ കളങ്കപ്പെടുത്തുകയും നേതാജിയുടെ പാരമ്പര്യത്തെ അവഹേളിക്കുകയും ചെയ്തു’.
മമതാ ബാനര്‍ജി ഇന്നലെ ചെയ്തത് അവരുടെ ഹിന്ദുവിരുദ്ധ മനോഭാവവും പ്രീണന രാഷ്ട്രീയവും പ്രതിഫലിപ്പിക്കുന്നുവെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര ജോയിന്റെ ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. ഭഗവാന് രാമന് രാജ്യത്തിന്റെ ആത്മാവാണ്. എന്തുകൊണ്ടാണ് അവര്‍ക്ക് ജയ് ശ്രീറാം വിളികളോട് ദേഷ്യം. മനസിലാക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: