കൊല്ലം: പോളയത്തോടിലെ കോര്പ്പറേഷന് വക ഷോപ്പിംഗ് കോംപ്ലക്സ് മാലിന്യകേന്ദ്രമാകുന്നു. മാസങ്ങളായി ഇവിടെ വ്യാപാരികള്‍ ദുരിതത്തില്‍.
ജനങ്ങള്‍ ഷോപ്പിങ് കോംപ്ലക്സിലേക്ക് കയറാന്‍ മടിക്കുകയാണ്. മാലിന്യം കലര്‍ന്ന വെള്ളക്കെട്ടാണ് പ്രധാന കാരണം. ഇത് സന്ദര്‍ശകര്‍ക്കും പ്യാരികള്ക്കും ആരോഗ്യഭീഷണിയും ഉയര്‍ത്തുന്നു. കെട്ടിടത്തില്‍ സെക്യൂരിറ്റിയെ പോലും നിയമിച്ചിട്ടില്ല. ശുചീകരണ പ്രവര്‍ത്തനം എങ്കിലും അധികൃതര്‍ നടത്താന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേട്ട ഭാവമില്ലെന്നാണ് ആക്ഷേപം.
2015ല്‍ മൂന്നര കോടി രൂപ മുടക്കി നിര്‍മിച്ചതാണ് ഷോപ്പിംഗ് കോംപ്ലക്സ്. 50 കടമുറികളുണ്ട്. എന്നാല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ആകെ 9 കടകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മാസം 10000 രൂപ മുതല്‍ 20000 വരെ വാടകവരുമാനം കോര്പ്പറേഷന് നേടിത്തരുന്ന കടകളാണിവ. ഇതിപ്പോള്‍ വാടയ്ക്ക് എടുക്കാന്‍ ആരും വരുന്നില്ലെന്നാണ് കോര്‍പ്പറേഷന്റെ വാദം. ഫലത്തില്‍ ഏറ്റെടുക്കാനില്ലാതെ കെട്ടിടവും മുറികളും നശിക്കുകയാണ്. കൊറോണ കൂടിയായതോടെ കച്ചവടം നഷ്ടത്തിലാണ് പോകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. വന്‍സാമ്പത്തിക ബാധ്യത കാരണം പലരും കച്ചവടം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. കെട്ടിടം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ വ്യാപാരികള്‍ക്ക് താല്പര്യമില്ല. കോംപ്ലക്സിന് അകവും പുറവും വൃത്തിയാക്കി സുരക്ഷിതത്വം നല്‍കണമെന്നാണ് അവരുടെ ആവശ്യം. പ്രവര്‍ത്തിക്കാത്ത കടകള്‍ക്ക് മുകളില്‍ പക്ഷികള്‍ കൂടുവച്ച് താമസമാക്കിയിട്ടുണ്ട്. പക്ഷികളുടെ കാഷ്ഠവും ശബ്ദവും കാരണവും കടക്കാരും സന്ദര്‍ശകരും ബുദ്ധിമുട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: