കൊൽക്കത്ത: മഹാനായ നേതാജി സുഭാഷ്ചന്ദ്രബോസിന് മുന്നില്‍ ഇന്ത്യ ശിരസ്സു നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജിയുടെ ധീരതയും ആദര്‍ശങ്ങളും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ആഘോഷപരിപാടിയില്‍ എത്തുന്നതിന് മുന്‍പ് നടത്തിയ ട്വീറ്റിലാണ് പ്രധാനമന്ത്രി ഇത് കുറിച്ചത്.
പ്രധാനമന്ത്രിയെ സ്വീകരിക്കാനും ഒരു നോക്ക് കാണാനും കൊൽക്കത്തയിൽ തടിച്ചകൂടിയത് വൻ ജനാവലി. ശനിയാഴ്ച മൂന്ന് മണിക്കാണ് പ്രധാനമന്ത്രിയെ വഹിച്ച വിമാനം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികം ആഘോഷങ്ങളില്‍ പങ്കെടുത്ത് നരേന്ദ്രമോദിയുടെ ബംഗാള്‍ സന്ദര്‍ശനം തടുങ്ങി.
കൊൽക്കത്തിയിലെ നേതാജി ഭവനിലാണ് നരേന്ദ്ര മോദി ആദ്യം എത്തിയത്. ശേഷം നാഷണൽ ലൈബ്രറിയിയും സന്ദർശിച്ചു. അവിടുത്തെ സാംസ്‌കാരിക പ്രവർത്തകരുമായി അദ്ദേഹം ആശയവിനിമയം നടത്തി. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിലും മോദി സന്ദർശനം നടത്തി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടേയും ഗവർണർ ജഗ്ദീപ് ധൻകറിന്‍റേയും സാന്നിദ്ധ്യത്തിലായിരുന്നു സന്ദർശനം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തറവാട്ട് വസതിയിലും മോദി എത്തി. അവിടെ നേതാജിയുടെ മരുമക്കളായ സുഗത ബോസും സമന്ത്ര ബോസും പ്രധാനമന്ത്രിയെ സ്വീകരിച്ചു.
അവിടെ അണിചേർന്ന ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. അവിടെ ഒരുക്കിയ കുട്ടികളുടെ ബാൻഡ് പരിപാടി പ്രധാനമന്ത്രി ആസ്വദിക്കുന്ന വീഡിയോയും ശ്രദ്ധനേടുന്നുണ്ട്. പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഗാനാലാപന പരിപാടിയും ബംഗാളിൽ ആഘോഷപരിപാടിയുടെ ഭാഗമായുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. മമതയ്‌ക്ക് തിരിച്ചടിയായി തൃണമൂലിൽ നിന്ന് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ 36 ഓളം പേര്‍ ബിജെപിയിലേക്ക് കൂറുമാറിയതിനിടെയാണ് പ്രധാനമന്ത്രി ബംഗാളിലെത്തുന്നത്. ശനിയാഴ്ച രാത്രി 8.40ന് തന്നെ മോദി ദില്ലിയിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: