യമണ്ടന്‍ ചര്‍ച്ച. ഈ ആഴ്ച കേരള നിയമസഭ കണ്ടത് അതാണ്. കടിച്ചു കീറുന്നതുപോലുള്ള പോര് ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും. ആദ്യ ദിവസം കിഫ്ബിയും സിഎജി റിപ്പോര്‍ട്ടുമായിരുന്നു വിഷയം. അത് അടിയന്തിര പ്രമേയ രൂപത്തിലാണ് സഭയിലെത്തിയത്. വ്യാഴാഴ്ചയാകട്ടെ സഭയില്‍ അപൂര്‍വ്വമായി നടന്നിട്ടുള്ള സ്പീക്കറില്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന പ്രമേയം. രണ്ടിന്റെയും ഗതി അധോഗതിയാകുമെന്ന് നേരത്തെ തന്നെയറിയാം.
വിഷയത്തിന്റെ ഗൗരവമല്ല സഭയിലെ അംഗബലമാണല്ലൊ തള്ളണോ കൊള്ളണോ എന്ന് തീരുമാനിക്കുന്നത്. രണ്ട് പ്രമേയങ്ങളും ശബ്ദവോട്ടോടെ ചവറ്റുകുട്ടയിലെത്തി. എങ്കിലും കോഴി കൊത്തുന്നതുപോലെയായിരുന്നു ഇരു പക്ഷത്തിന്റെയും നിലപാട്. ആദ്യ ചര്‍ച്ചയില്‍ ധനമന്ത്രി തോമസ് ഐസക്കിനെ കുടയാന്‍ വി.ഡി. സതീശന്, പി.റ്റി. തോമസ് തുടങ്ങിയവരെല്ലാം സജീവമായി. മന്ത്രിക്കു പുറമെ മുഖ്യമന്ത്രിയും പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ കഴിയുംവിധം പരിശ്രമിച്ചു.
സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കറുടെ സ്ഥാനത്തിരുന്നാണ് തനിക്കെതിരായ കൂരമ്പുകള്‍ കേട്ടത്. മുസ്ലിംലീഗിലെ എം. ഉമ്മറാണ് സ്പീക്കര്‍ക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. വോട്ടെടുപ്പൊന്നും ആവശ്യപ്പെടാതെ പ്രതിപക്ഷം പ്രമേയം ഉപേക്ഷിച്ച് സഭ വിട്ട ശേഷമാണ് പ്രമേയം തള്ളിയതായി ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അറിയിച്ചത്.
‘വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചില്ലെ’ എന്ന അയ്യപ്പപണിക്കരുടെ വരികളെ പോലെയായിരുന്നു മറുപടി. സ്പീക്കര്‍ ശ്രീരാമകൃഷ്ണന് താനൊരു പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് 40 വര്‍ഷം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളാണെന്നറിയിക്കാനും മടിച്ചില്ല. ഇഎംഎസിന്റെ പുസ്തകത്തില്‍ മാപ്പിള ലഹളക്കാലത്തെ മാഞ്ചേരി രാമന്നായരെക്കുറിച്ച് പറയുന്ന അഭിമാനമുണ്ടാക്കുന്ന ഭാഗമുണ്ട്. തന്റെ പിതാമഹനാണദ്ദേഹമെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടദ്ദേഹം തുടര്‍ന്നു.
ചില പ്രത്യേക ഉദ്ദേശ്യങ്ങളോടെ സ്പീക്കറെ പുകമറയില്‍ നിര്‍ത്താന്‍ അന്വേഷണ ഏജന്‍സികള്‍ വഴിവിട്ടു ശ്രമിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടിരിക്കുന്നു. അതിനു കൂട്ടു നില്‍ക്കുകയാണ് പ്രതിപക്ഷം. ഏജന്‍സികളുടെ തെറ്റായ വഴിയെ ന്യായീകരിക്കാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്നും മുഖ്യമന്ത്രി ഉദ്ദേശിച്ചു
സ്പീക്കര്‍ ഇങ്ങനെയൊരു പ്രമേയം നേരിടേണ്ട ആളല്ല. പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് പ്രമേയത്തിലൂടെ വ്യക്തമാകുന്നത്. സ്പീക്കര്‍ ഡോളര്‍ അടങ്ങിയ ബാഗ് കൈമാറിയെന്ന് പ്രതിപക്ഷ ഉപനേതാവ് ചര്‍ച്ചയില്‍ പറഞ്ഞു. സ്വപ്ന സുരേഷ് സ്പീക്കര്‍ക്കെതിരെ 164 സ്റ്റേറ്റ്മെന്റ് കൊടുത്തു എന്നു പ്രതിപക്ഷ നേതാവും വ്യക്തമാക്കി. കസ്റ്റംസിനും പ്രതിപക്ഷ നേതാവിനും ഉപനേതാവിനും ഈ വിഷയത്തില്‍ ഒരേ വികാരമാണുള്ളത്. സ്വര്‍ണക്കടത്തു കേസിലെ ദുരൂഹത നീക്കണമെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പക്ഷേ, അന്വേഷണം പാവപ്പെട്ടവര്‍ക്കുള്ള ലൈഫ് പദ്ധതിക്കെതിരെയായി എന്നും മുഖ്യമന്ത്രി പറയുന്നത് കേട്ടു. ലൈഫ് മിഷനില്‍ 4.5 കോടി കോഴകൊടുത്തെന്ന ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍ പക്ഷേ മുഖ്യമന്ത്രി വിസ്മരിച്ചു.
ശൂന്യതയില്നിന്നുണ്ടാക്കിയ കഥയാണ് സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു തനിക്കെതിരെ പ്രചരിക്കുന്നതെല്ലാം. സര്‍ക്കാരിനെ അടിക്കാനാകാത്തതിനാല് സ്പീക്കറെ അടിക്കാനാകുമോ എന്നു ചിലര്‍ നോക്കുകയാണ്. എന്‍.എന്‍. പിള്ള നായകനായ ഗോഡ്ഫാദര് സിനിമയില്‍ അച്ഛനെ അടിക്കാന്‍ കഴിയാത്തതുകൊണ്ട് അനുജനെ അടിച്ച ഇന്നസെന്റിന്റെ അവസ്ഥയാണ് തനിക്കെന്ന് പറയേണ്ടിയിരിക്കുന്നു. തന്നോട് അടുപ്പമുള്ള ആരെ ചോദ്യം ചെയ്താലും പ്രശ്നമില്ല. സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായവരുടെ കട ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ അവരുടെ വിവരങ്ങള്‍ പൂര്‍ണമായി ശേഖരിക്കാന്‍ കഴിഞ്ഞില്ല. പൊതുപ്രവര്‍ത്തകര്‍ക്ക് എല്ലാ ഉദ്ഘാടനങ്ങളുടെയും വിവരങ്ങള്‍ പൂര്‍ണമായി ശേഖരിക്കാന്‍ കഴിയില്ല. പാണക്കാട് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന സ്വര്‍ണക്കട ഉടമകളുടെ എല്ലാ കാര്യവും അന്വേഷിക്കാറുണ്ടോ?
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവര്‍ക്കു ബൂമറാങ് ആയി മാറും. ആരോപണങ്ങള്‍ക്കു മുന്നില്‍ ഒരിഞ്ചു തലകുനിക്കില്ല. ചെയ്യാത്ത തെറ്റിനു തലകുനിക്കേണ്ട കാര്യമില്ല. പ്രതിപക്ഷം പറയുന്നത് കാലം വിലയിരുത്തും. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിവുകള്‍ നിരത്തി തെളിയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു.”
നിയമസഭയുടെ അന്തസ് ഇടിച്ചു താഴ്ത്തിയ സ്പീക്കറായി പി.ശ്രീരാമകൃഷ്ണനെ കാലം വിലയിരുത്തുമെന്നാണ് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയത്. സഭയുടെ അന്തസ് സ്പീക്കര്‍ തകര്‍ത്തെറിഞ്ഞു. കഴിഞ്ഞ സഭയില്‍ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞ സംഘത്തിലെ ഒരാളാണ് ശ്രീരാമകൃഷ്ണന്. സ്പീക്കറുടെ കസേര തകര്‍ത്തയാള്‍ സ്പീക്കറായശേഷം അംഗങ്ങള്‍ മാന്യതയോടെ പെരുമാറണം എന്നു പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്. അപമര്യാദയായി പെരുമാറിയതിനു പി. ശ്രീരാമകൃഷ്ണനെ മുന്‍പു സഭ താക്കീതു ചെയ്തിട്ടുണ്ട്. അങ്ങനെ ഒരാള്‍ സ്പീക്കര്‍ സ്ഥാനത്തിരുന്നാല്‍ മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നും രമേശ് പറയുന്നത് കേട്ടു.
പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് കേരളസഭയുടെ ആദ്യ സ്പീക്കര്‍ ശങ്കരനാരായണന് തമ്പി വന്നത്. ഒറ്റമുണ്ടും മുറികൈയന്‍ ഷര്‍ട്ടുമിട്ട പാവപ്പെട്ട മനുഷ്യന്. അദ്ദേഹത്തെ ആരും ഓര്‍ത്തതായി കണ്ടില്ല. സഭയുടെ തിളക്കത്തില്‍ മാത്രമല്ല ജയിലിലെ ഇരുട്ടറയിലും കഴിഞ്ഞ ഒരാളാണ് ശങ്കരനാരായണന് തമ്പി.
സഭയിലെ ഇരുപക്ഷവും കൊമ്പുകോര്‍ക്കുമ്പോള്‍ മുന്‍പ് വെങ്കയ്യനായിഡു പറഞ്ഞത് ഓര്‍ത്തുപോവുകയാണ്. ”കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് മുന്നണികള്‍ കേരളത്തില്‍ ഗുസ്തിയിലാണ്. എന്നാല്‍ കേരളത്തിന് പുറത്ത് ദോസ്തിയിലും. ബീഹാറിലും പശ്ചിമബംഗാളിലും ആസാമിലും ഇവര്‍ ഒരുമിച്ച് മത്സരിക്കാനല്ലെ തീരുമാനിച്ചത്. ഇതിനാണ് ഉളുപ്പില്ലായ്മ എന്നു പറയുന്നത്. ഉളുപ്പില്ലായ്മ എന്ന വാക്ക് ഇപ്പോള്‍ അണ് പാര്‍ലമെന്ററിയല്ല. സ്പീക്കര്‍ ഇളുപ്പില്ലായ്മ പറഞ്ഞു. പ്രതിപക്ഷം തോന്ന്യാസം എന്നും പറയുന്നത് കേട്ടു. തോന്ന്യാസം പിന്‍വലിച്ചു. ഉളുപ്പില്ലായ്മ സഭാരേഖയില്‍ ഇടം പിടിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: