കുന്നത്തൂര്‍(കൊല്ലം): സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ പ്രീ-പ്രൈമറി ജീവനക്കാര്‍ പ്രതിസന്ധിയിലായിട്ടും സര്‍ക്കാര്‍ അവഗണന തുടരുന്നു. ജീവിതം വഴിമുട്ടിയ പലരും ആശങ്കയുടെ മുള്‍മുനയിലാണ്. സര്‍ക്കാര്‍ സ്കൂളിലെ ജീവനക്കാരുടേതിന് സമാനമായ ആനുകൂല്യ പ്രഖ്യാപനം ഈ ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. കൊവിഡ് കാരണം ഒരു വര്‍ഷമായി വരുമാനമില്ലാതെ ഇവര്‍ പകച്ചു നില്‍ക്കുകയാണ്.
1988ലാണ് സംസ്ഥാനത്ത് സ്കൂളുകളില്‍ പിടിഎ കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രീ-പ്രൈമറി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. കുട്ടികളില്‍ നിന്ന് നാമമാത്രമായ ഫീസ് ഈടാക്കിയാണ് അധ്യാപകര്‍ക്കും ആയമാര്‍ക്കും തുച്ഛമായ ഓണറേറിയം നല്‍കിയിരുന്നത്. പിന്നീട് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ക്ക് അറുനൂറും ആയമാര്‍ക്ക് നാനൂറും ഓണറേറിയമായി നല്കി. ഏറെക്കാലം ഈ രീതി തുടര്‍ന്നു. പിന്നീട് ജീവനക്കാര്‍ ഓണറേറിയം കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഒഴിഞ്ഞുമാറി.
ഇതോടെ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും 5000 രൂപയും 3500 രൂപയുംവീതം നല്കാന് ഉത്തരവ് നേടുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിലും സുപ്രീം കോടതിയിലും അപ്പീല്‍ നല്കി. എന്നാല്‍ വിധി നടപ്പാക്കണമെന്നായിരുന്നു അപ്പോഴും കോടതി ഉത്തരവ്.
ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് ഈ തുക നല്കാന് സര്‍ക്കാര്‍ തയാറായെങ്കിലും എയ്ഡഡ് സ്കൂളുകളില്‍ പ്രീ-പ്രൈമറി തുടങ്ങാന്‍ അനുമതി നല്‍കിയിട്ടില്ല എന്ന കാരണം പറഞ്ഞ് എയ്ഡഡ് മേഖലയെ തഴയുകയായിരുന്നു. ഇപ്പോഴും എയ്ഡഡ് സ്കൂളിലെ ജീവനക്കാര്‍ക്ക് കുട്ടികളില്‍ നിന്ന് പിരിച്ചെടുക്കുന്ന നാമമാത്രമായ ഫീസാണ് ലഭിക്കുന്നത്.
ഓരോ ബജറ്റിലും ഗവ. സ്കൂളിലെ ജീവനക്കാര്‍ക്ക് ഓണറേറിയം വര്‍ധിപ്പിച്ചു നല്കി. നിലവില്‍ ഗവ.സ്കൂള്‍ അധ്യാപകര്‍ക്ക് 11500 രൂപയും ആയമാര്‍ക്ക് 6500 രൂപയുമാണ്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ ഇനിയും ഇത് നടപ്പിലാക്കാത്തതിനാല്‍ ജീവനക്കാര്‍ നിരാശയിലാണ്. കൊവിഡ് കാലത്ത് ഇവരുടെ വരുമാനം പൂര്‍ണ്ണമായും നിലച്ചെങ്കിലും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനവും മറ്റും ഇവര്‍ തുടര്‍ന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: