കൊച്ചി: മനസ്സിലും പ്രവൃത്തിയിലും പിന്നാക്ക വിഭാഗങ്ങളോട് വിരോധം പുലര്‍ത്തുന്നവര്‍ ഡോ. അംബേദ്കര്‍ പ്രേമം പറഞ്ഞ് പിന്നാക്ക വിഭാഗത്തെ കബളിപ്പിക്കരുതെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ലാല്‍ സിന്‍ഹ് ആര്യ. രണ്ടു ദിവസത്തെ സംഘടനാ പരിപാടികള്‍ക്ക് കേരളത്തിലെത്തിയ ലാല്‍ സിന്‍ഹ് ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു.
രാജ്യമാകെ സഞ്ചരിച്ച്, ജാതിചിന്തകള്‍ക്കപ്പുറം സര്‍വ മനുഷ്യരും ഒരേ ചൈതന്യം എന്ന അദൈ്വത ദര്‍ശനത്തിലെത്തിയ, കാലടി ആദിശങ്കര ജന്മസ്ഥലത്ത് സന്ദര്‍ശനം നടത്തിയ ലാല്‍ സിന്‍ഹ് ആര്യ സംഘടനാ പരിപാടികളില്‍ പങ്കെടുത്ത്, വെങ്ങാനൂരില്‍ അയ്യങ്കാളി ജന്മദേശ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മടങ്ങിയത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യ സന്ദേശവും നല്‍കുന്നതായി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ലാല്‍ സിന്‍ഹ് ആര്യ.
- സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണോ ഈ സന്ദര്‍ശനം?
തെരഞ്ഞെടുപ്പ് വരുന്നുവെന്നത് വസ്തുതയാണ്. സംഘടനാ പ്രവര്‍ത്തനം എല്ലാ ദിവസവും നടക്കുന്ന പ്രവര്‍ത്തനമാണ്. സമ്മേളനങ്ങളും പൊതുപരിപാടികളും മറ്റുമേ എല്ലാവരും അറിയുന്നുള്ളുവെന്നു മാത്രം. മോര്‍ച്ചയുടെ പ്രവര്‍ത്തനം എന്നുമുണ്ട്. ഞാന്‍ പശ്ചിമ ബംഗാളിലെ സംസ്ഥാന സമിതി യോഗത്തിലും പരിപാടികളിലും പങ്കെടുത്ത ശേഷമാണ് കേരളത്തിലെത്തിയത്. ഇവിടന്ന് പോണ്ടിച്ചേരിയിലേക്ക് പോകും.
- ബംഗാളിലെ രാഷ്ട്രീയ സ്ഥിതി എന്താണ്?
ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. മോര്‍ച്ചയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പറഞ്ഞാല്‍, അവിടെ 35 വര്‍ഷം തുടര്‍ച്ചയായി കമ്യൂണിസ്റ്റ് ഭരണമായിരുന്നു. പക്ഷേ, ദാരിദ്ര്യം തുടച്ചു മാറ്റാനും,
പിന്നാക്ക ക്ഷേമത്തിനും പുരോഗതിക്കും പ്രവര്‍ത്തിക്കുന്നുവെന്ന് വീമ്പിളക്കുന്ന സിപിഎമ്മിനും മറ്റു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഒന്നും ചെയ്യാനായിട്ടില്ല. അവിടെ ചേരികള്‍ ചേരികളായി നില്ക്കുന്നു. പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക് കഷ്ടാവസ്ഥയാണ്. അത് മമത സര്‍ക്കാരിന്റെ കാലത്തും അങ്ങനെ തുടരുന്നു. പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ടവര്‍ നൂറുകണക്കിനാണ്. അവരില്‍ 105 പേര് എസ്സി- എസ്ടി വിഭാഗത്തില്‍നിന്നുള്ളവരാണ്.
- കേരളത്തിലെ സര്‍ക്കാരിനെക്കുറിച്ച് എന്താണ് വിലയിരുത്തല്‍?
കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്നതും പിന്നാക്ക ദ്രോഹമാണ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വന്ന ശേഷം പിന്നാക്ക വിഭാഗത്തിനായി ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തു. സംസ്ഥാനങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ധനസഹായം നല്കി. പക്ഷേ പിണറായി വിജയന് സര്‍ക്കാര്‍ അത് പാഴാക്കി. ഏറ്റവും കൂടുതല്‍ പിന്നാക്കക്കാര്‍ ബലാല്‍സംഗത്തിനും കൊലക്കത്തിക്കും ആക്രമണത്തിനും വിധേയരായത് കേരളത്തിലാണ്. ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് കേരളം സന്ദര്‍ശിച്ച് ഇത് സംന്ധിച്ച് രാഷ്ട്രപതിക്ക് റിപ്പോര്ട്ടുകൊടുക്കുന്ന സ്ഥിതി ഉണ്ടായി. കേരളത്തില്‍ എസ്സി- എസ്ടി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഭവന നിര്‍മാണത്തിന് അനുവദിച്ച 502 കോടി രൂപ വിനിയോഗിക്കാതെ പാഴാക്കി. ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മിക്കാന്‍ അനുവദിച്ച 204 കോടി രൂപ വിനിയോഗിച്ചില്ല. പക്ഷേ പറയുമ്പോള്‍ വീമ്പിളക്കും, ഡോ. അംബേദ്കറുടെ പേരില്‍ പ്രേമം നടിക്കും.
- സ്വാതന്ത്ര്യം കിട്ടി ഇത്രകാലമായിട്ടും രാജ്യത്ത് എസ്സി-എസ്ടി വിഭാഗത്തിന് സമ്പൂര്ണക്ഷേമം വരാത്തത് എന്തുകൊണ്ടാണ്?
അത് ഭരണാധികാരികളുടെ മനോഭാവംകൊണ്ടാണ്. കോണ്‍ഗ്രസാണ് 53 വര്‍ഷത്തിലേറെ ഇന്ത്യ ഭരിച്ചത്. പക്ഷേ, ഒരു കാലത്തും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് അവര്‍ കാര്യമായി ഒന്നും ചെയ്തില്ല. പിന്നാക്കക്കാരുടെ ഉന്നമനത്തിന് പ്രവര്‍ത്തിച്ച, നേതൃത്വം നല്കിയ ഡോ. ഭീം റാവ് അംബേദ്കറെ അപമാനിക്കുകയും പരാജയപ്പെടുത്തുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. 1952ല്‍ അവര്‍ ഡോ. അംബേദ്കറെ തെരഞ്ഞെടുപ്പില്‍ എതിര്‍ത്ത് തോല്‍പ്പിച്ചു. ഭരണഘടനാ നിര്‍മാണസഭയിലെ പ്രമുഖനായിരുന്ന അദ്ദേഹത്തിന് ഒരു ദേശീയ സ്മാരകം നിര്‍മിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തയാറായില്ല. അതിന് മോദി സര്‍ക്കാര്‍ വരേണ്ടിവന്നു.
- മോദി സര്‍ക്കാര്‍ എസ്സി-എസ്ടി വിഭാഗങ്ങള്‍ക്കു വേണ്ടി എന്തു ചെയ്തുവെന്ന് പറയാമോ?
ഒട്ടേറെ. അക്കമിട്ടു പറയാനുണ്ട്. ഡോ. അംബേദ്കര്‍ക്ക് ദേശീയ സ്മാരകമുള്‍പ്പെടെ ആറ് സ്മാരകങ്ങള്‍ നിര്‍മിച്ചത് ഈ മോദി സര്‍ക്കാരാണ്. പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രതിമ സ്ഥാപിച്ചു. യുപിയില്‍ പാര്‍ക്ക് നിര്‍മിച്ചു. മധ്യപ്രദേശില്‍ ജന്മസ്ഥലമായ ഭീം ജന്മഭൂമി സ്ഥാപിച്ചു. ന്യൂദല്‍ഹിയില്‍ അംബേദ്കര്‍ സ്മാരക ദേശീയ മ്യൂസിയം തുടങ്ങി.
പക്ഷേ, സ്മാരകങ്ങള്‍ മാത്രമല്ല ആ വിഭാഗത്തിന് വേണ്ടത്. അതും അറിയാവുന്ന മോദി സര്‍ക്കാര്‍, പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വലിയ പദ്ധതി അവതരിപ്പിച്ചു. രാജ്യത്ത് ഒന്നരക്കോടി പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളെയാണ് സ്കൂളുകളില്‍ തിരികെയെത്തിച്ചത്. അഞ്ചു വര്‍ഷത്തെ ആദ്യ സര്‍ക്കാരിന്റെ കാലത്തെ പദ്ധതികള്‍ വന്‍ വിജയമായിരുന്നു. പാര്‍പ്പിടം, വാസപ്രദേശത്തിന്റെ വികസനം, വിദ്യാഭ്യാസം, തൊഴില്‍ അവസരം തുടങ്ങി സകല മേഖലയിലും പിന്നാക്ക വിഭാഗ ക്ഷേമത്തിന് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു, പ്രവര്‍ത്തിക്കുന്നു.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 നീക്കിയ നടപടി, ഡോ. അംബേദ്കറിന്റെയും ആവശ്യമായിരുന്നു. കശ്മീരിലൊഴികെ മറ്റൊരിടത്തേക്കും അത്തരമൊരു വിവേചനം വരരുതെന്ന് അദ്ദേഹവും ആഗ്രഹിച്ചു. മോദി സര്‍ക്കാര്‍ ആ വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ ആ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന തൊഴില്‍ വിലക്കുകൂടിയാണ് ഇല്ലാതായത്.
ആയുഷ്മാന്‍ പദ്ധതി, അന്നയോജനാ പദ്ധതി തുടങ്ങിയവ ഈ വിഭാഗത്തിന് നല്കിയ സൗകര്യങ്ങള്‍ ചെറുതല്ല. 90 കോടി പേര്‍ക്കാണ് സൗജന്യ റേഷന്‍ നല്‍കുന്നത്. 27,000 എസ്സി കോളനികളെയാണ് മോദി സര്‍ക്കാര്‍ വികസിപ്പിച്ചത്. കുടിവെള്ളമില്ലാതെ മലിനജലം ഒഴുകിപ്പോകാന്‍ സൗകര്യങ്ങളില്ലാതെ, ചികിത്സയും പോഷകാഹാരവും ഇല്ലാതെ കിടന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരെ മനുഷ്യരായി കണ്ടത് മോദി സര്‍ക്കാരാണ്. ഇന്ന് അവിടങ്ങളില്‍ അവര്‍ അഭിമാനത്തോടെ ജീവിക്കുന്നു.
- പക്ഷേ, ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും സാധാരണ ജനങ്ങളില്‍ വിവരമെത്തുന്നില്ലല്ലോ?
അതെ, അത് പ്രശ്നമാണ്. പകരം എതിര് പ്രചാരണങ്ങളാണ് അധികം. ഉദാഹരണത്തിന് മോദി സര്‍ക്കാര്‍ വന്നാല്‍ മുസ്ലീങ്ങളെ ഇല്ലാതാക്കും നാടുകടത്തും എന്നു ചിലര്‍ പ്രചരിപ്പിച്ചു. എത്രപേരെ നാടുകടത്തി. സിഎഎ നിയമത്തിനെതിരേയും ഇതുതന്നെ പറഞ്ഞു. എന്നിട്ട് എന്തു സംഭവിച്ചു. ഇപ്പോള്‍ കര്‍ഷക സമരമെന്ന പേരില്‍ നടക്കുന്നതും ഇതുതന്നെ.
കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും കൂടി ബംഗാളില്‍ ഒന്നിച്ചാണ്. അവര്‍ കൈകോര്‍ത്ത് നില്ക്കുന്നു. ഇവിടെ അവര്‍ തമ്മില്‍ എതിര്‍ക്കുന്നുവെന്ന് കാണിക്കുന്നു. എസ്സി-എസ്ടി പിന്നാക്ക വിഭാഗക്കാരോടുള്ള ഈ രണ്ടു പാര്‍ട്ടികളുടേയും നിലപാടും ഇതേപോലെ ഒന്നിച്ചാണ്. അവര്‍ പിന്നാക്ക വികസന വിരോധികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: