കൊല്‍ക്കൊത്ത: മമതയ്ക്ക് മറ്റൊരു തിരിച്ചടി കൂടി നല്‍കിക്കൊണ്ട് മമതയുടെ തൃണമൂല്‍ സര്‍ക്കാരിലെ വനംമന്ത്രി രാജീബ് ബാനര്‍ജി വെള്ളിയാഴ്ച രാജിവച്ചു.
കഴിഞ്ഞ കുറെനാളുകളായി തൃണമൂല്‍ നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ച വ്യക്തിയാണ് വനംവകുപ്പ് ചുമതലയുള്ള മന്ത്രി രാജീബ് ബാനര്‍ജി. രാജിക്കത്ത് വെള്ളിയാഴ്ച തന്നെ മമത ബാനര്‍ജിയ്ക്കും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ക്കര്‍ക്കും അയച്ചു. ഈയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അരിന്ദം ഭട്ടാചാര്യയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
അമിത് ഷാ ജനവരി 30,31 തീയതികളില്‍ ബംഗാള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് വനംമന്ത്രിയുടെ രാജി. അമിത്ഷാ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്ന റാലിയില്‍ ഈയിടെ രാജിവെച്ച തൃണമൂല്‍ നേതാക്കളെല്ലാം ബിജെപിയില്‍ ഔദ്യോഗികമായി ചേര്‍ന്നേക്കും.
നേരത്തെ മമതയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരിയുടെ ബിജെപി പ്രവേശനത്തിന്റെ പ്രഖ്യാപനം അമിത് ഷാ മെഡിനിപൂറില് നടത്തിയ റാലിയില്‍ വെച്ചാണ് നടന്നത്. സുവേന്ദു അധികാരിയ്ക്ക് പിന്നാലെ 34 തൃണമൂല്‍ നേതാക്കള്‍ ഇതുവരെ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ അഞ്ച് തൃണമൂല്‍ എംഎല്‍എമാരും ഒരു എംപിയും ഉള്‍പ്പെടുന്നു. മൂന്ന് എംഎല്‍എമാര്‍ സിപിഎമ്മില്‍ നിന്നും മൂന്ന് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
2021 ഏപ്രില്‍, മെയ് മാസങ്ങളിലാണ് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇക്കുറി പ്രധാന പോരാട്ടം തൃണമൂലും ബിജെപിയും തമ്മിലായിരിക്കും. ഇക്കുറി സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന മുന്നണിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: