ഓയൂര്‍: വില്ലേജ് ഓഫീസില്‍ ജീവനക്കാരില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ഓടനാവട്ടം വില്ലേജ് ഓഫീസിലാണ് വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ജീവനക്കാരുടെ കുറവ് കാരണം യഥാസമയം സേവനം ലഭിക്കുന്നതിന് തടസ്സമായിരിക്കുന്നത്. വില്ലേജ് ഓഫീസറുടേത് അടക്കം അഞ്ച് തസ്തികകള്‍ നിലവിലുണ്ടെങ്കിലും രണ്ട് ജീവനക്കാര്‍ മാത്രമാണ് ഉള്ളത്.
ദിവസേന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ രാവിലെ എത്തുന്നവര്‍ മടങ്ങുന്നത് ഏറെ വൈകിയാണ്. രണ്ടും മൂന്നും ദിവസങ്ങളോളം കയറി ഇറങ്ങിയാലാണ് പലര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്. നിലവിലുള്ള രണ്ട് ജീവനക്കാര്‍ കൂടുതല്‍ സമയം ജോലിചെയ്താണ് ആവശ്യക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.
രാവിലെ 10 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഓഫീസില്‍ ദിവസം നൂറില്‍പ്പരം ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. കരമൊടുക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ഫാമിലി മെമ്പര്‍ഷിപ്പ്, പോക്കുവരവ്, നോണ്‍ – റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് എന്നിവര്‍ക്ക് പുറമേ ലൈഫ് മിഷന്റെ അപേക്ഷകരുടെയും തിരക്ക് വില്ലേജ് ഓഫീസില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ സാധാരണ നിലയില്‍ വളരെ കുറഞ്ഞ ദിവസം കൊണ്ട് ചെയ്ത് കൊടുക്കേണ്ട കാര്യങ്ങള്‍ ഇപ്പോള്‍ അനന്തമായി നീളുന്ന അവസ്ഥയാണ്. അടിയന്തരമായി റവന്യു വകുപ്പ് ഇടപെട്ട് ഓടനാവട്ടം വില്ലേജ് ഓഫീസില്‍ ജീവനക്കാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: