Categories: Review

നമ്മുടെ അടുക്കളകള്‍ ഇങ്ങനെയല്ല

വെള്ളിവെളിച്ചം

ഹൈന്ദവ ആരാധനയെയും വിശ്വാസങ്ങളെയും അവഹേളിക്കുന്ന സിനിമകളും സാഹിത്യവുമുണ്ടാക്കുന്നത് ഇന്ന് ലാഭകരമായ വിപണനത്തിനുള്ള നീക്കമായി കണക്കാക്കി മിണ്ടാതിരിക്കുന്നത് പ്രതികരണ ശേഷിയില്ലാത്ത ജനതയെന്ന വിളിപ്പേരുകിട്ടാന്‍ മാത്രമേ ഇടവരുത്തു. വിവാദം സൃഷ്ടിച്ച് വിപണിയില്‍ നേട്ടമുണ്ടാക്കുക എന്ന മൂന്നാംകിട തന്ത്രം പയറ്റുന്നവര്‍ക്ക് മറുപടി കൊടുത്തു തുടങ്ങേണ്ട കാലമാണിത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരം ചലച്ചിത്രങ്ങളും കലാസാഹിത്യ സൃഷ്ടികളും പടച്ചുണ്ടാക്കുന്നവരുടെ ഉദ്ദേശ്യം വെറും കച്ചവടലാഭം മാത്രമാണെന്ന് കരുതാനാകില്ല. ഒരു പ്രത്യേക മതത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നതും കുടുംബങ്ങളിലെ സാമൂഹ്യവും വ്യക്തിപരവുമായ ജീവിതക്രമത്തിലെ ചെറിയ കാര്യങ്ങളെപോലും മതത്തിന്റെ രൂപക്കൂട്ടിനുള്ളില്‍ നിര്‍ത്തി വിശകലനവും വിമര്‍ശനവും നടത്തുന്നതും അംഗീകരിക്കാനാകില്ല. അതെല്ലാം ആ മതത്തിന്റെയും വിശ്വാസത്തിന്റെയും ആകെ കുറ്റമാണെന്ന് വരുത്തിതീര്‍ക്കാന്‍ നടത്തുന്ന ബോധപൂര്‍വ്വകൃത്യമാണ് ഇത്തരം സിനിമകള്‍ നിര്‍വ്വഹിക്കുന്നത്. അവയെ വിമര്‍ശിക്കുക തന്നെ വേണം.  അങ്ങനെയുള്ള ചലച്ചിത്രങ്ങളും സാഹിത്യവും സൃഷ്ടിക്കുന്നവര്‍ തുറന്നു കാട്ടപ്പെടണം. വിവാദമുണ്ടായാല്‍ നേട്ടമവര്‍ക്കാണെന്ന് പറഞ്ഞ് മിണ്ടാതിരിക്കുന്നത് അവര്‍ക്ക് വെള്ളവും വളവും നല്‍കലാകും.

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത താണ്ഡവ് എന്ന വെബ്‌സീരീസില്‍ ഭഗവാന്‍ പരമശിവനെ അവഹേളിക്കുന്ന രംഗങ്ങള്‍ ചേര്‍ത്തതിനെതിരെ പ്രതിഷേധവും നിയമ നടപടിയുമുണ്ടായപ്പോഴാണ് വിവാദ രംഗങ്ങള്‍ പിന്‍വലിക്കാമെന്നും മാപ്പ് പറയാമെന്നുമൊക്കെ അയാള്‍ തീരുമാനിച്ചത്. മറ്റൊരാളിന്റെ വിശ്വാസത്തെ ഹനിക്കുന്നതും ആചാരത്തെ അവഹേളിക്കുന്നതുമാകരുത് കലാ സാഹിത്യ സൃഷ്ടികളും സിനിമയുമൊക്കെയെന്ന ബോധം ഉണ്ടാക്കികൊടുക്കുക തന്നെ വേണം. ഹൈന്ദവാചാരങ്ങളെ അവഹേളിക്കാന്‍ സമയവും സന്ദര്‍ഭവും അവസരവും ഉപയോഗിക്കുന്നവര്‍ ഒരിക്കലും മറ്റ് മതസ്ഥരുടെ കാര്യത്തില്‍ അങ്ങനെയൊരു സമീപനം സ്വീകരിക്കുന്നില്ല. എതിര്‍പ്പുണ്ടാകാമെന്ന ഭയം മാത്രമല്ല, ജീവന്‍ തന്നെ അപകടത്തിലാകുമോ എന്ന ഭീതിയാണതിന് കാരണം. ആ സ്ഥിതിക്ക് പ്രതികരണ ശേഷി നഷ്ടപ്പെട്ടവരുടെ തലയ്‌ക്കുമീതെ സഞ്ചരിക്കാം എന്നാണ് ചിലര്‍ കരുതുന്നത്. പ്രതികരണ ശേഷി നഷ്ടപ്പെട്ടവരല്ല, ഇന്നാട്ടില്‍ അയ്യപ്പനെയും പരമശിവനെയും ആരാധിക്കുന്നവരെന്ന ബോധ്യം താണ്ഡവ് വെബ് സീരീസിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫറിനും, അടുത്തിടെ ഏറെ ചര്‍ച്ചയാകുന്ന ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്ന മലയാള ചലച്ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബിക്കും തിരിച്ചറിവുണ്ടാകേണ്ടത് അത്യാവശ്യമാണ്. ശാരീരികമായി ആക്രമിച്ച് തകര്‍ക്കുക എന്ന തന്ത്രമായിരുന്നു മുമ്പ്  ഇവര്‍ സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ബുദ്ധിപരവും സര്‍ഗ്ഗാത്മകതലത്തിലുമുള്ള ആക്രമണത്തിലൂടെയും ഹൈന്ദവീകതയെ ആക്രമിക്കാന്‍ മുതിരുന്നു. അങ്ങനെയുള്ളവരുടെ പട്ടികയിലെ പുതിയ കണ്ണികളാണ് അലി അബ്ബാസ്‌സഫറും ജിയോ ബേബിയും.  

എല്ലാം താന്‍ ഉപാസിക്കുന്ന ദേവതയിലര്‍പ്പിച്ച്, ആ ദേവത തനിക്കെല്ലാം നല്‍കുമെന്ന് വിശ്വസിച്ചു ജീവിച്ച വെളിച്ചപ്പാടിന്റെ കഥയാണ് നാല്പത്തിയെട്ട് കൊല്ലങ്ങള്‍ക്കുമുമ്പ് അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന സിനിമയിലുള്ളത്. തന്റെ രക്ഷയ്‌ക്ക് ഭഗവതിയെത്തില്ലെന്ന് മനസ്സിലാക്കിയ വെളിച്ചപ്പാട് ഒടുവില്‍ വാളിനാല്‍ തല വെട്ടിപ്പൊളിച്ച് ഒഴുകിയിറങ്ങിയ ചോര ശ്രീലകത്തെ ദേവതയുടെ മുഖത്തേക്ക് തുപ്പി ജീവന്‍ വെടിയുന്നു. തന്റെ നിരാശയില്‍ നിന്നാണ്, പ്രതീക്ഷകള്‍ അസ്തമിച്ച വെളിച്ചപ്പാട് ആത്മഹത്യ ചെയ്യുന്നത്. ആപത്ഘട്ടത്തില്‍ രക്ഷക്കെത്താത്ത ദേവതയോടുള്ള ദേഷ്യമാണ് വെളിച്ചപ്പാടിന്റെ പ്രവര്‍ത്തിയിലൂടെ തെളിഞ്ഞത്. അതൊരു വെളിച്ചപ്പാടിന്റെ മാത്രം പ്രശ്‌നമായിരുന്നു. നിര്‍മ്മാല്യത്തെയും ജിയോ ബേബിയുടെ ‘മഹത്തായ ഭാരതീയ അടുക്കള’ എന്ന ചലച്ചിത്രത്തെയും താരതമ്യപ്പെടുത്താന്‍ കഴിയില്ല. ഭര്‍ത്താവിന്റെ വിട്ടില്‍ സ്ത്രീ അനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്മയും വിശ്വാസത്തിന്റെ പേരിലുള്ള ‘പീഡന’ങ്ങളുമാണ് ചലച്ചിത്രം പറയുന്നത്. ഏതെങ്കിലും വീട്ടിലെ ഒറ്റപ്പെട്ട ചില സംഭവങ്ങളെ പര്‍വ്വതീകരിച്ച് അതൊരു സമൂഹത്തിന്റെ മുഴുവന്‍ പ്രശ്‌നമാണെന്നു വരുത്തിത്തീര്‍ക്കുകയും അവരുടെ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്യുന്ന നീച കര്‍മ്മമാണിവിടെ നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നത്. മഹത്തായ ഇന്ത്യന്‍ അടുക്കളയെന്നാണ് സിനിമയുടെ പേരെങ്കിലും സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു എന്ന പേരില്‍ ഹൈന്ദവീകതയെ അവഹേളിക്കുകയാണിവിടെ. ഹൈന്ദവ കുടുംബത്തില്‍ സ്ത്രീക്ക് സ്വാതന്ത്ര്യമില്ലെന്ന് പ്രഖ്യാപിക്കുകയാണ്. വീടിനു പുറത്തിറങ്ങാനാകാതെ കറുപ്പിനുള്ളില്‍ ഒളിച്ചിരുന്ന് ജീവിതം നരകമാക്കി ജീവിച്ചു തീര്‍ക്കേണ്ടിവരുന്നവരെ കാണാതെ പോകുന്ന സംവിധാകന്‍ മറക്കുടയ്‌ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന സ്ത്രീകള്‍ ഇന്നില്ലെന്ന സത്യത്തെ ബോധപൂര്‍വ്വം മറച്ചുവയ്‌ക്കുന്നു.  

സ്ത്രീകള്‍ക്ക് ആരില്‍ നിന്നാണ് മോചനം വേണ്ടതെന്ന ചോദ്യത്തിന് സംവിധായകന്‍ വ്യക്തമായ ഉത്തരം നല്‍കുന്നില്ല. പകരം അടുക്കളയിലെ കാര്യം പറഞ്ഞ് ശബരിമല യുവതീപ്രവേശനവിഷയം ചര്‍ച്ചയിലേക്കു കൊണ്ടുവരികയാണ് ചെയ്യുന്നത്. യുവതീപ്രവേശനത്തില്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഉണ്ടായ പ്രക്ഷോഭങ്ങളും ചര്‍ച്ചകളുമെല്ലാം സിനിമയുടെ കാതലായി മാറുന്നു. ഇത്തരത്തിലൊരു ചലച്ചിത്രം അവിചാരിതമായി സംഭവിച്ചതല്ല. സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസായതിനു ശേഷം ഇതിവൃത്തം പ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്നത് അത് വ്യക്തമാക്കുന്നുണ്ട്. പുരോഗമനം എന്നാല്‍ വിശ്വാസവിരുദ്ധതയാണെന്ന് കരുതുന്നവര്‍ ഹൈന്ദവ വിശ്വാസത്തെയും സംസ്‌കാരത്തെയുമാണ് ഇകഴ്‌ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത്. മറ്റ് മതവിശ്വാസങ്ങളെ വിമര്‍ശിക്കാന്‍ അവര്‍ ഭയപ്പെടുന്നു.  

വീട്ടമ്മ ഭര്‍തൃ വീട്ടില്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ സിനിമയ്‌ക്ക് വിഷയമാകുമ്പോള്‍ പോലും അയ്യപ്പ വിശ്വാസത്തെ അവഹേളിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന തീരുമാനത്തിലേക്ക് ജിയോ ബേബിമാര്‍ എത്തപ്പെടുന്നു. വിമര്‍ശിക്കുന്നത് മുഹമ്മദിനെയായാല്‍ തൊടുപുഴയിലെ അധ്യാപകന്‍ ടി.ജെ. ജോസഫിനുണ്ടായ ദുരന്തമുണ്ടാകാം എന്ന ഭയമാകാം അതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. വളരെ ധൈര്യത്തോടെ ശരണംവിളികളെ അവര്‍ പരിഹസിക്കുന്നു. വിശ്വാസ സംരക്ഷകരായി രംഗത്തുവന്ന സ്ത്രീകളെ കുലസ്ത്രീകളെന്ന് വിളിച്ച് ആക്ഷേപിക്കുന്നു. സിനിമയിലെ നായകന്റെ കുടുംബത്തെ ‘സംഘി’ എന്ന് വിളിച്ച് ഒരു പ്രസ്ഥാനത്തെ സ്ത്രീവിരുദ്ധമാക്കി സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നു. മലയ്‌ക്ക് പോകാന്‍ മാലയിട്ട അയ്യപ്പനും ശബരിമലയിലെ ശാസ്താവും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നതാണ് ഹൈന്ദവ വിശ്വാസം. അത് ജിയോ ബേബിക്ക് അറിയില്ലെങ്കില്‍ അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ട്. മീശ എന്ന നോവലില്‍ ഹൈന്ദവ സമൂഹത്തെ അവഹേളിക്കുന്ന പരാമര്‍ശമുണ്ടായപ്പോള്‍ വിശ്വാസ സമൂഹത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വാരികയ്‌ക്ക് നോവല്‍ പിന്‍വലിക്കേണ്ടി വന്നു.  ജിയോ ബേബിയുടെ സിനിമയില്‍ പെണ്ണിന് ദുരിതമുണ്ടാക്കുന്ന കുടുംബം നായര്‍ വിഭാഗത്തിലുള്ളതാണ്. ‘വില്ലനായ പിതാവ്’ കരയോഗത്തിന്റെ മുന്‍ അധ്യക്ഷനുമാണ്.  

പലതരത്തിലുള്ള വിഷമങ്ങളില്‍പ്പെട്ട് ഒടുവില്‍ അടുക്കളയിലെ സിങ്ക് നന്നാക്കാത്തതിലെത്തി നില്‍ക്കുന്ന നായിക, ശബരിമലയില്‍ പോകാന്‍ കെട്ടുനിറച്ചു നില്‍ക്കുന്ന ഭര്‍ത്താവിന്റെ ശരീരത്തിലേക്ക് സിങ്കില്‍ നിന്നുള്ള എച്ചില്‍ വെള്ളം എടുത്തൊഴിച്ച് പുറത്തേക്കുപോകുന്നതാണ് വലിയ നവോത്ഥാനമായും സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനമായും സിനിമ അവതരിപ്പിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി നടക്കുന്ന പ്രക്ഷോഭകരെ പിന്നിലാക്കി  പോകുന്ന നായിക സമൂഹത്തിന് നല്‍കുന്ന സന്ദേശവും വ്യക്തമാണ്. വിശ്വാസികള്‍ക്കുമേല്‍ പകയുടെ വലിയ ചാട്ടയടി നല്‍കാനാണ് ജിയോ ബേബി ശ്രമിക്കുന്നത്. ചില വീടുകളിലെ(അതിനു മതമില്ല) ഒറ്റപ്പെട്ട കാര്യങ്ങളെ പര്‍വ്വതീകരിച്ച് കാട്ടി, കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിലെല്ലാം സ്ത്രീകള്‍ ദുരിതമനുഭവിക്കുന്നവരും അനാചാരങ്ങള്‍ സഹിക്കാന്‍ വിധിക്കപ്പെട്ടവരുമാണെന്ന് വരുത്തി തീര്‍ക്കുന്നു. സ്ത്രീകളാണ് ഈ ചലച്ചിത്രത്തിനെതിരെ രംഗത്തുവരേണ്ടത്. സ്ത്രീവിരോധമാണ് സിനിമയിലുടനീളം. നമ്മുടെ അടുക്കളകള്‍ ഇങ്ങനെയല്ലെന്ന് അവര്‍ ഉച്ചത്തില്‍ വിളിച്ചുപറയുക തന്നെ വേണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts