കണ്ണില്‍ ചോരയില്ലാതെ നടത്തുന്ന മനുഷ്യപീഡനങ്ങളുടെ നാടായി കേരളം മാറിയിട്ട് നാളുകളേറെയായി. പലതും അറിഞ്ഞും കേട്ടും മനസ്സ് മരവിച്ച മലയാളി ഇത്തരം വാര്‍ത്തകളോട് പൊരുത്തപ്പെടുന്ന അവസ്ഥയിലായിട്ടുണ്ട്. അപ്പോഴും ചില സംഭവങ്ങള്‍ ഹൃദയഭേദകങ്ങളായി അനുഭവപ്പെടുന്നു. മുണ്ടക്കയത്ത് ഒരു മകന് ഭക്ഷണമൊന്നും നല്‍കാതെ വീട്ടില്‍ അടച്ചുപൂട്ടിയിട്ടിരുന്ന മാതാപിതാക്കളെ ആശാവര്‍ക്കര്‍മാരെത്തി ആശുപത്രിയിലെത്തിച്ചതും, അച്ഛന് മരിച്ചതുമായ സംഭവം ദൈവത്തിന്റെ സ്വന്തം നാട് മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഇടമായി മാറുകയാണെന്നതിന്റെ നേര്‍സാക്ഷ്യമാണ്. മാതാപിതാക്കളെ പട്ടിണിക്കിട്ടിരുന്ന വീട്ടിലേക്ക് മറ്റാരും വരാതിരിക്കാന്‍ നായയെ കാവല്‍ നിര്‍ത്തിയ മകന് ശരിക്കും പൈശാചികതയുടെ അവതാരമാണ്. മദ്യലഹരിയിലായിരുന്ന ഇയാള്‍ അവശരായി മരണത്തോട് മല്ലടിച്ചിരുന്ന മാതാപിതാക്കളെ ആശുപത്രിയിലാക്കാന്‍ അനുവദിച്ചില്ലെന്നുകൂടി അറിയുമ്പോള്‍ മൃഗങ്ങളെക്കാള്‍ അധഃപതിച്ച മനുഷ്യരും നമുക്കിടയില്‍ ഉണ്ടെന്നു ബോധ്യമാവുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി വീട്ടില്‍നിന്ന് പുറത്തുകടത്തുന്നതിനിടെ ‘ഒരിറ്റു കഞ്ഞിവെള്ളമെങ്കിലും താടാ…’ എന്ന ആ അമ്മയുടെ രോദനം മനുഷ്യത്വം അവശേഷിക്കുന്നവരുടെയൊക്കെ മനസ്സിനെ പിടിച്ചുലയ്ക്കുക തന്നെ ചെയ്യും.
മുണ്ടക്കയത്തേത് ഒറ്റപ്പെട്ട സംഭവമല്ല. ജന്മം നല്കിയ അച്ഛനെയും നൊന്തു പ്രസവിച്ച അമ്മയെയും അതിക്രൂരമായി പീഡിപ്പിക്കുകയും, മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സംഭവങ്ങള്‍ നിത്യേനയെന്നോണം മാധ്യമങ്ങളില്‍ വരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ നടക്കുന്നതിന്റെ ഒരംശം മാത്രമേ ഇപ്രകാരം പുറത്തറിയുന്നുള്ളൂ. ആത്മഹത്യ ചെയ്യാന്‍ കഴിയാഞ്ഞതുകൊണ്ട് ആരോടും ഒന്നും പറയാതെ എല്ലാം സഹിച്ചു കഴിഞ്ഞുകൂടുന്ന മാതാപിതാക്കള്‍ നിരവധിയാണ്. വലിയ രമ്യഹര്‍മ്യങ്ങള്‍ തീര്‍ത്ത് അഞ്ചക്ക ശമ്പളവും ആഡംബര വാഹനങ്ങളുമൊക്കെയായി സമൂഹത്തില്‍ വിലസി നടക്കുന്ന പലരും സ്നേഹത്തിന്റെ ഒരു കണികപോലും മാതാപിതാക്കള്‍ക്ക് നല്‍കാത്തവരായിരിക്കും. അവരില്ലെങ്കില്‍ തങ്ങളില്ല എന്ന സത്യം മറന്ന് പെരുമാറുന്ന മക്കള്‍ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസമില്ലാതെ സാമൂഹ്യജീവിതത്തിന്റെ എല്ലാ തട്ടിലുമുണ്ട്. തങ്ങളുടെ സുഖജീവിതത്തിന് ഭാരമായി കാണുന്ന മാതാപിതാക്കളെ ആരുമറിയാതെ ക്ഷേത്രസന്നിധിയില്‍ കൊണ്ടുപോയി നടതള്ളുന്ന എത്രയോ മക്കളുണ്ട്. പണമുള്ള പലരും ചെയ്യുന്നത് അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിലാക്കുകയാണല്ലോ. ജീവിതകാലത്ത് അവര്‍ സ്വരൂപിച്ചതെല്ലാം തന്ത്രപരമായി പിടിച്ചുവാങ്ങിയ ശേഷമായിരിക്കും പലപ്പോഴും ഈ പുറന്തള്ളല്‍. വീട്ടില്‍നിന്ന് ഇങ്ങനെ ഒഴിവാക്കാന്‍ കഴിയാത്തവര്‍ക്കാണ് ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം സാംസ്കാരികമായി വളരെ മുന്നിലാണെന്നും, സാമൂഹ്യ സുരക്ഷ അനുഭവിക്കുന്നവരാണ് ഇവിടെയുള്ളവരെന്നുമുള്ള അവകാശവാദങ്ങള്‍ക്ക് യാതൊരു കുറവുമില്ല. സത്യത്തിന്റെ മുഖം വളരെ വികൃതമാണെന്നു സമ്മതിക്കാന്‍ ഈ അവകാശവാദമുന്നയിക്കുന്നവര്‍ തയ്യാറല്ല. ചെറ്റക്കുടിലായാലും മണിമാളികയായാലും സ്നേഹമില്ലെങ്കില്‍ വീടിന്റെ അകത്തളങ്ങള്‍ നരകമായിരിക്കും. ശരാശരി മലയാളിയുടെ ഭവനങ്ങളിലെ സമാധാനം കെടുത്തുന്നതില്‍ മുഖ്യപങ്ക് മദ്യത്തിനാണ്. പലപ്പോഴും മാതാപിതാക്കള്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുന്നത് മദ്യപാനം ശീലമാക്കിയ മക്കളില്‍നിന്നാണ്. മദ്യപിച്ച് ലക്കുകെട്ട് വരുന്നവര്‍ അച്ഛനെന്നോ അമ്മയെന്നോ നോക്കാതെ ഭ്രാന്തമായി പെരുമാറുന്നു. മലയാളികളെ മദ്യത്തില്‍ മുക്കിക്കൊല്ലണമെന്ന് നിര്‍ബന്ധമുള്ളവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. മനുഷ്യരുടെ ജീവനെടുക്കുന്ന കൊവിഡ് മഹാമാരിക്കിടയിലും മലയാളിക്ക് മദ്യം ലഭിക്കാത്തതിനെക്കുറിച്ചാണല്ലോ ഇടതുപക്ഷ ഭരണം ആശങ്കപ്പെട്ടത്. മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാതിരുന്ന ലോക്ഡൗണ്‍ കാലത്ത് വാഹനാപകടങ്ങളും അക്രമങ്ങളും ഗാര്‍ഹികാതിക്രമങ്ങളും താരതമ്യേന കുറവായിരുന്നു. വീടുകളില്‍ സന്തോഷം തിരിച്ചെത്തുകയും ചെയ്തു. മദ്യ നിരോധനം ഒറ്റയടിക്ക് സാധ്യമാവില്ലായിരിക്കാം. പക്ഷേ ക്രമേണ കുറച്ചുകൊണ്ടുവരാനാകും. ഇതു ചെയ്യാനുള്ള മനസ്സ് ഭരണാധികാരികള്‍ കാണിച്ചാല്‍ വീട്ടകങ്ങളെ മുണ്ടക്കയത്തേതുപോലുള്ള ക്രൂരതകളില്‍നിന്ന് വലിയൊരളവോളം മോചിപ്പിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: