1950കള്‍ മുതല്‍ 1980 കള്‍ വരെയുള്ള ചൈനയല്ല ഇന്നത്തേത്. എന്താണ് ഇന്ത്യയുമായുള്ള ചൈനയുടെ നിലപാടിലെ അടിസ്ഥാന മാറ്റത്തിനുള്ള കാരണങ്ങള്‍? ഈ ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഇന്ത്യയുടെ പ്രതിരോധ ദൗത്യത്തിലെ പ്രധാനിയും ഇപ്പോള്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുകയും ചെയ്ത റിട്ട. മേജര്‍ ജനറല്‍ പിജെഎസ് സന്ധു. അരുണാചലില്‍ ചൈനക്കാര്‍ പുതിയ ഗ്രാമം സ്ഥാപിച്ചുവെന്ന് പ്രതിപക്ഷം മുറവിളി കൂട്ടുമ്പോല്‍ ഈ ചോദ്യത്തിന് നമ്മള് ഉത്തരം തേടേണ്ടിയിരിക്കുന്നു.
ഇന്ത്യാ-ചൈന പ്രശ്നത്തില്‍ ഒട്ടേറെ പ്രധാന പുസ്തകങ്ങള്‍ രചിച്ച വ്യക്തികൂടിയാണ് മേജര്‍ ജനറല്‍ പിജെഎസ് സന്ധു . ചൈനയെക്കുറിച്ച് എഴുതിയ അദ്ദേഹത്തിന്റെ രചനകള്‍ പ്രശസ്തമാണ്. ഇതില്‍ റൈസിംഗ് ചൈന, ചൈനാസ് ക്വസ്റ്റ് ഫോര്‍ ഗ്ലോബല്‍ ഡൊമിനന്‍സ് എന്നീ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര രചനകളാണ്. അദ്ദേഹം എഡിറ്റ് ചെയ്ത പുസതകമാണ് ‘1962 എ വ്യൂ ഫ്രം ദ അദര്‍സൈഡ് ഓഫ് ദി ഹില്‍’.
1962ലെ ഇന്ത്യാ ചൈനായുദ്ധത്തിന് ശേഷം അഞ്ച് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഇപ്പോഴും ഇന്ത്യയുടെ മനസ്സാക്ഷിയില്‍ ഈ യുദ്ധത്തിന്റെ അനുരണനങ്ങളുണ്ട്. ഇപ്പോഴും ചൈനയുമായി ഇടപെടേണ്ടിവരുമ്പോഴൊക്കെ ആ യുദ്ധം ഇന്ത്യയുടെ നിലപാടുകളില്‍ കരിനിഴല്‍ വീഴ്ത്തുന്ന സജീവസാന്നിധ്യമാണ്. പലപ്പോഴും ദേശീയ സുരക്ഷയുടെ പേരില്‍ ഇതെല്ലാം ഒളിപ്പിച്ചുവെക്കാനാണ് നമ്മള് പലപ്പോഴും ശ്രമിക്കുന്നത്. മേജര്‍ ജനറല്‍ പിജെഎസ് സന്ധു 1971ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ വിദഗ്ധനാണ്. 1966ലാണ് ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നത്. 37 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. ഇപ്പോള്‍ യുണൈറ്റഡ് സര്‍വീസ് ഇന്സ്റ്റിറ്റിയൂഷന് ഡെപ്യൂട്ടി ഡയറക്ടറും എഡിറ്ററുമാണ്.
ചൈനയുടെ മാറിയ നിലപാടിലേക്ക് വെളിച്ചം വിശുന്ന അഞ്ച് കാരണങ്ങള്‍ പിജെഎസ് സന്ധു പങ്കുവെക്കുന്നു.സന്ധുവിന്റെ കുറിപ്പിലേക്ക്:
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സില്( ഐസി ഡബ്ല്യുഎ) ചൈനീസ് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് അഫയേഴ്സ് (സിപി ഐഎഫ്എ)യില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘവുമായി ചര്‍ച്ചകളില്‍ പങ്കുകൊള്ളാന്‍ എനിക്ക് ഒരവസരമുണ്ടായി.
ഇന്ത്യയോടുള്ള ചൈനയുടെ മാറിയ നിലപാടാണ് എന്നെ അതിശയിപ്പിച്ചത്. പൊതുവേ മനസ്സിലാക്കപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായി ഒരു വലിയ മാറ്റത്തിന്റെ സുചനയാണ് ചൈനയുടെ പ്രതിനിധിസംഘം ഇപ്പോള്‍ പറയുന്നത്.
അഞ്ച് പോയിന്റുകളാണ് താഴെ പറയുന്നത്. ഇതില്‍ പരിഹാര സാധ്യതകളും തര്‍ക്കകാരണങ്ങളും ഉണ്ട്.
1. ഇന്ത്യയ്ക്കും ചൈനയ്ക്കും പുതിയ ഒരു അധികാരബന്ധം വളര്‍ത്തിയെടുക്കാവുന്നതാണ്. പക്ഷെ ഇതിന് ഇരുകൂട്ടരും അതിര്‍ത്തി തര്‍ക്കങ്ങള്‍ മാറ്റിവെച്ച് ആഗോള പ്രശ്നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം.
2. 1950ളിലും 60കളിലും 70കളിലും 80കളിലും ചൈന വാഗ്ദാനം ചെയ്തതൊന്നും ഇന്ത്യ സ്വീകരിച്ചിട്ടില്ല. ഇത്രയുംകാലം അവര്‍ ആഗ്രഹിച്ചത് വിവേചനം കൂടാതെ എല്ലാ വ്യവസ്ഥകളോടും കൂടി ഒരുമിച്ച് അംഗീകരിക്കേണ്ട കരാറാണ്. പക്ഷെ ഇപ്പോള്‍ അവരുടെ നിലപാട് മാറി. ചൈനയില്‍ ഇപ്പോള്‍ ഒരു ശക്തമായ ദേശീയവികാരമുണ്ട്. അത് നിഷേധിക്കാനാവില്ല.
3. ചൈനീസ് ഭാഗത്ത് മാവോ, ചൗ ഇന്ത്യാപക്ഷത്ത് നെഹ്രു- ഇത് ശക്തമായ നേതൃനിരയാണ്. അവര്‍ക്ക് പരിഹരിക്കാന്‍ സാധിക്കാത്തത് ഇന്നത്തെ നേതാക്കള്‍ക്ക് ഒരിയ്ക്കലും സാധിക്കില്ല. ഇപ്പോഴത്തെ നേതാക്കള്‍ അത്രയ്ക്ക് ശക്തരല്ല. അവര്‍ക്ക് ഒരിയ്ക്കല്‍ എടുത്ത നിലപാട് മയപ്പെടുത്താനോ പൊതുജനകാഴ്ചപ്പാടിനേയോ അവഗണിക്കാനോ ഉള്ള കരുത്തില്ല.
4. യഥാര്‍ത്ഥ നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള്)യില്‍ വ്യക്തതയുണ്ടായാല്‍ അത് പരസ്പരധാരണ വികസിക്കാനും അതിര്‍ത്തിയിലെ സൈനികര്‍ തമ്മിലുള്ള തെറ്റിദ്ധാരണ കുറയ്ക്കാനും സഹായിക്കും.
5. മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഉണ്ടായ ഡോ. ലോബ്സാങ് സംഗായുടെ സാന്നിധ്യം ചൈനയില്‍ വലിയ അന്ധാളിപ്പ് ഉണ്ടാക്കി. നാടുകടത്തപ്പെട്ട ടിബറ്റന്‍ സര്‍ക്കാരിന്റെ തലവനാണ് ഡോ.ലോബ്സാങ്. ഇന്ത്യയുടെ ടിബറ്റ് സംബന്ധിച്ച കാഴ്ചപ്പാട് മാറിയിരിക്കുന്നു എന്ന് ചൈന തെറ്റിദ്ധരിക്കാന്‍ ഈ സംഭവം ഇടയാക്കി. ചൈനയെ സംബന്ധിച്ചിടത്തോളം ടിബറ്റ് ഒരു ഗൗരവപ്പെട്ട വിഷയമാണ്.
മേല്‍ സൂചിപ്പിച്ച അഞ്ച് പ്രശ്നങ്ങള്‍ തീര്‍ച്ചയായും തുറന്ന സംവാദം അര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: