കുവൈത്ത് സിറ്റി: ബ്രിട്ടണില്‍ നിന്നും കുവൈറ്റിലെത്തിയ രണ്ട് സ്വദേശി വനിതകളിൽ അതിവ്യാപന ശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തി. യാത്രക്ക് മുന്‍പ് നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കും കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നടത്തിയ പിസിആര്‍ പരിശോധനയില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ കണ്ടെത്തുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുള്ള അല്‍ സനദ് അറിയിച്ചു.
വൈറസ് സ്ഥിരീകരിച്ച ഇരുവരെയും നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി നടത്തിയ ജനിതക പരിശോധനയിലാണ് ജനിതക മാറ്റം സംഭവിച്ച അതിവ്യാപന ശേഷിയുള്ള വൈറസ് ആണെന്ന് വ്യക്തമായത്. രണ്ടുപേരും പുറത്തുപോവാതെ നേരിട്ട് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനിൽ പ്രവേശിച്ചത് കൊണ്ട് വ്യാപന ഭീതിയില്ലെന്നാണ് വിലയിരുത്തൽ. സാമൂഹിക അകലം പാലിക്കുകയും രോഗപ്രതിരോധ മുന്‍കരുതലുകള്‍ കര്‍ശ്ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കൊറോണ വാക്സിനേഷനായി എല്ലാപേരും മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.
















