ആലപ്പുഴ: കായംകുളത്ത് സിപിഎം ഏരിയ കമ്മറ്റിയും എംഎല്‍എയും തമ്മിലുള്ള ഭിന്നത വീണ്ടും മറനീക്കുന്നു. എംഎല്‍എ യു.പ്രതിഭയെ ഒഴിവാക്കി സിപിഎം ഏരിയാകമ്മിറ്റിയുടെ പോസ്റ്റര്‍ വിവാദമായി. 17ന് ഉദ്ഘാടനംചെയ്യുന്ന മുട്ടേല്‍ പാലത്തിന്റെ പോസ്റ്ററില്‍നിന്നാണ് എംഎല്‍എയെ ഒഴിവാക്കിയത്. ഇതോടെ ഏരിയാകമ്മിറ്റിയുടെ ഫേസ് ബുക്ക് പേജില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ പ്രതിഷേധം നിറഞ്ഞു. എംഎല്‍എയെ അനുകൂലിക്കുന്നവരും, അല്ലാത്തവരും തമ്മില്‍ പോര് രൂക്ഷമായതോടെ പോസ്റ്ററില്‍ അബദ്ധം പറ്റിയെന്ന വിശദീകരണവുമായി എരിയ സെക്രട്ടറി രംഗത്തെത്തി.
ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.സുധാകരന് പാലം ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച് സിപിഎം കായംകുളം ഏരിയാകമ്മിറ്റിയുടെ ഒഫീഷ്യല്‍പേജില്‍ വന്ന പോസ്റ്ററിലാണ് സ്ഥലം എംഎല്‍എ യു പ്രതിഭയുടെ ചിത്രം ഒഴിവാക്കിയത്. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും മാത്രം അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് പോസ്റ്റര്‍. സീറ്റ് മോഹികളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാരോപിച്ചുകൊണ്ട് പ്രതിഭയെ പിന്തുണയ്ക്കുന്ന മറുപടികളും സിപിഎമ്മിന്റെ പേജില്‍ നിറഞ്ഞു.
ഇതിന് പിന്നാലെ ആര്‍ക്കും അഭിവാദ്യങ്ങളോ ആരുടെയും ചിത്രങ്ങളോയില്ലാതെ എംഎല്‍എയും പാലം ഉദ്ഘാടനവാര്‍ത്ത ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. നേരത്തെ ഒരു വിഭാഗം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഭയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പരസ്യവിമര്‍ശനവുമായി വന്നത് വലിയ വിവാദമായിരുന്നു. മുന്‍ നഗരസഭാദ്ധ്യക്ഷനും, എംഎല്‍എയുമായുള്ള പോരും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തസാഹചര്യത്തില്‍ സിപിഎം ഏരിയാകമ്മിറ്റിയുടെ ഒഫീഷ്യല്പേജില്വന്ന പോസ്റ്ററില്‍ യു.പ്രതിഭയെ ഒഴിവാക്കിയത് ഇവിടെ നിലനില്‍ക്കുന്ന വിഭാഗീയത മറനീക്കി പുറത്തുവരുന്നതിന്റെ കൂടി സൂചനയാണ്. വിവാദം കത്തിക്കാളിയതോടെ എംഎല്‍എയെ ഒഴിവാക്കിയ പോസ്റ്റര്‍ നീക്കി എംഎല്‍എയെ ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഏരിയ കമ്മറ്റിയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: