Categories: Samskriti

ശരിയായ മനോഭാവം വളര്‍ത്തുക

ഓരോ മനുഷ്യനിലും അടിസ്ഥാനപരമായി നന്മയുണ്ട്. അനേകംപേരെ കൊലചെയ്ത ഒരു കൊള്ളക്കാരനും തന്റെ കുഞ്ഞിനോടു സ്‌നേഹം തോന്നുന്നുണ്ടല്ലോ. എന്നാല്‍ പ്രതികൂലസാഹചര്യങ്ങള്‍ കാരണം ആ നന്മ പലപ്പോഴും പ്രകാശിക്കാതെ പോകുന്നു. ശരിയായ മാര്‍ഗദര്‍ശനവും അനുകൂലസാഹചര്യങ്ങളും ഉണ്ടായാല്‍ ഉള്ളിലെ നന്മ പ്രകാശിക്കും.

മക്കളേ,  

നമ്മുടെ നല്ല ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും അനേകം പേരുടെ ജീവിതങ്ങളില്‍ പ്രകാശം പരത്താന്‍ കഴിയും. അതുകൊണ്ട് നമ്മുടെ ഓരോ പ്രവൃത്തിയും മറ്റുള്ളവര്‍ക്കു സന്തോഷവും സംതൃപ്തിയും പകരുന്നതായിരിക്കാന്‍ നമ്മള്‍ പരമാവധി ശ്രമിക്കണം. ദൈനംദിന ജീവിതത്തില്‍ ഇതെങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നു ചിന്തിച്ചു വിഷമിക്കേണ്ട കാര്യമില്ല. നമ്മുടെ മനോഭാവമാണു നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കുന്നത്. നമ്മള്‍ തെറ്റായ മനോഭാവം വെച്ചുപുലര്‍ത്തിയാല്‍ സ്വാഭാവികമായും നമ്മുടെ ചിന്തയും പ്രവൃത്തിയും വഴിതെറ്റിപ്പോകും. ശരിയായ മനോഭാവം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ചിന്തയും പ്രവൃത്തിയും നമുക്കും മറ്റുള്ളവര്‍ക്കും ഗുണകരമാവുകയും ചെയ്യും.  

ഓരോ മനുഷ്യനിലും അടിസ്ഥാനപരമായി നന്മയുണ്ട്. അനേകംപേരെ കൊലചെയ്ത ഒരു കൊള്ളക്കാരനും തന്റെ കുഞ്ഞിനോടു സ്‌നേഹം തോന്നുന്നുണ്ടല്ലോ. എന്നാല്‍ പ്രതികൂലസാഹചര്യങ്ങള്‍ കാരണം ആ നന്മ പലപ്പോഴും പ്രകാശിക്കാതെ പോകുന്നു. ശരിയായ മാര്‍ഗദര്‍ശനവും അനുകൂലസാഹചര്യങ്ങളും ഉണ്ടായാല്‍ ഉള്ളിലെ നന്മ പ്രകാശിക്കും.  

ഒരു കോളേജ്‌വിദ്യാര്‍ത്ഥി ഡോക്ടറാകണമെന്ന് അതിയായി ആഗ്രഹിച്ചു. പക്ഷെ എംബിബിഎസ് പ്രവേശനപരീക്ഷയില്‍ ഒരു മാര്‍ക്കിന്റെ വ്യത്യാസത്തില്‍ അയാള്‍ പരാജയപ്പെട്ടു. അയാള്‍ക്ക് അത്യന്തം നിരാശ തോന്നി. മറ്റൊരു കോഴ്‌സിനും ചേരാന്‍ മനസ്സ് അനുവദിച്ചില്ല. കുറച്ചുനാള്‍ കഴിഞ്ഞ് വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ ബാങ്കുജോലിക്ക് അപേക്ഷിച്ചു. ബാങ്കില്‍ ജോലി കിട്ടി. ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടും, ഡോക്ടറാകാന്‍ കഴിയാത്തതിലുള്ള നിരാശ ആ യുവാവിനെ വിഷമിപ്പിച്ചു. ബാങ്കില്‍ വരുന്നവരോടു സ്‌നേഹപൂര്‍വം പെരുമാറാനോ, അവരെ നോക്കി ഒന്നു പുഞ്ചിരിക്കാനോ അയാള്‍ക്കു കഴിഞ്ഞില്ല. അയാളുടെ മാനസികാവസ്ഥ മനസ്സിലാക്കിയ ഒരു സുഹൃത്ത് അയാളെ തന്റെ ഗുരുവിന്റെ സമീപത്തേക്ക് കൊണ്ടുപോയി. ഗുരുവിനോടു തന്റെ പ്രശ്‌നങ്ങള്‍ അയാള്‍ തുറന്നുപറഞ്ഞു, ‘എന്റെ മനസ്സ് എന്റെ കയ്യിലല്ല. നിസ്സാരകാര്യത്തിനുപോലും എനിക്കു ദേഷ്യം വരുന്നു. ബാങ്കില്‍ വരുന്നവരോടു മാന്യമായി ഇടപെടാന്‍പോലും കഴിയുന്നില്ല. ഈ സ്ഥിതിക്ക് അധികനാള്‍ അവിടെ ജോലിചെയ്യാനാകുമെന്നു തോന്നുന്നില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്?’  

യുവാവിനെ ആശ്വസിപ്പിച്ചുകൊണ്ട് ഗുരു പറഞ്ഞു, ‘മോനെ, നിന്റെ അടുത്ത സുഹൃത്ത്, ഒരാളെ നിന്റെയടുത്ത് പറഞ്ഞുവിട്ടാല്‍ അയാളോട് നീ എങ്ങനെയായിരിക്കും പെരുമാറുക?’

യുവാവ് പറഞ്ഞു,’ഞാന്‍ അയാള്‍ക്കു വേണ്ട എല്ലാ കാര്യവും സന്തോഷപൂര്‍വ്വം ചെയ്തുകൊടുക്കും.’

ഗുരു വീണ്ടും ചോദിച്ചു, ‘ഞാന്‍ തന്നെ നിന്റെയടുത്ത് ഒരാളെ പറഞ്ഞുവിട്ടാല്‍ നീ അയാളോട് എങ്ങനെ പെരുമാറും?’

യുവാവ് പറഞ്ഞു,’അങ്ങ് പറഞ്ഞുവിടുന്ന ആളെ ഞാന്‍ വളരെ സന്തോഷത്തോടെ സ്വീകരിക്കും. അയാള്‍ക്ക് അല്പംപോലും പ്രയാസം വരാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കും.’ ഗുരു തുടര്‍ന്നു, ‘അങ്ങനെയാണെങ്കില്‍, ഇനിമുതല്‍ നിന്റെ മുന്നിലെത്തുന്ന ഓരോ വ്യക്തിയും, ഈശ്വരന്‍ നേരിട്ട് നിന്റെയടുക്കല്‍ പറഞ്ഞയച്ചവരാണെന്ന് കരുതുക. അവരെ സേവിക്കുവാന്‍ നിനക്കവസരം നല്‍കിയ ബാങ്കിലെ ജോലിയും ഈശ്വരന്റെ പ്രസാദമായി കരുതുക. അങ്ങനെ കാണാന്‍ സാധിച്ചാല്‍, അവരോടു സ്‌നേഹപൂര്‍വ്വം ഇടപെടാന്‍ നിനക്കു കഴിയും. ജോലിയില്‍ സംതൃപ്തിയും അനുഭവപ്പെടും.’

അന്നു മുതല്‍ ആ യുവാവില്‍ വലിയ പരിവര്‍ത്തനം വന്നു. തന്നെ സമീപിക്കുന്ന ഓരോരുത്തരെയും ഈശ്വരന്റെ പ്രതിരൂപമായി കാണാന്‍ സാധിച്ചതോടെ, കര്‍മ്മം ഈശ്വരപൂജയായി മാറി. വിഷാദം അയാളെ വിട്ടൊഴിഞ്ഞു. അയാളുടെ ഹൃദയത്തില്‍ സന്തോഷവും സംതൃപ്തിയും നിറഞ്ഞു.  

ജീവിതത്തില്‍ ശരിയായ മനോഭാവം വളര്‍ത്തിയെടുക്കുവാന്‍ ഭക്തി വളരെയേറെ സഹായകരമാണ്. ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു ഈശ്വരനാണ്. അവന്റെ ഓരോ കര്‍മ്മവും ഈശ്വരാര്‍പ്പിതമാണ്. കര്‍മ്മഫലം സുഖമായാലും ദുഃഖമായാലും അതവന്  ഈശ്വരപ്രസാദമാണ്. ഇങ്ങനെ, കര്‍മ്മം ഈശ്വരപൂജയായി ചെയ്യുവാന്‍ കഴിഞ്ഞാല്‍, അതിന്റെ പ്രയോജനം കര്‍മ്മം ചെയ്യുന്നവനു മാത്രമല്ല, മുഴുവന്‍ സമൂഹത്തിനും അതു ഗുണം ചെയ്യും.

വ്യക്തികളില്‍ നന്മ വളര്‍ത്തുന്നതിലും അവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നതിലും മഹാത്മാക്കളുമായുള്ള സംഗത്തിനും ഭക്തിയ്‌ക്കും ഈശ്വരവിശ്വാസത്തിനും വലിയ സ്ഥാനമാണുള്ളത്. തന്നിലും എല്ലാവരിലും ആത്മാവായി വിളങ്ങുന്നത് ഒരേ ഈശ്വരനാണെന്ന് ബോധിച്ചാല്‍ മനസ്സിലെ ദുഃഖവും കാലുഷ്യവും അകന്ന് അവിടെ ശുഭാപ്തിവിശ്വാസവും സ്‌നേഹവും തെളിഞ്ഞുപ്രകാശിയ്‌ക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക