ലഖ്നോ: രാഹുല്‍ ഗാന്ധിയുടെ പ്രിയമണ്ഡലമായ അമേഠി സ്മൃതി ഇറാനിയിലൂടെ പിടിച്ച ബിജെപിയുടെ അടുത്ത ലക്ഷ്യം സോണിയാഗാന്ധിയുടെ റായ് ബറേലി.
ഈ ലക്ഷ്യം വെച്ച് റായ്ബറേലിയെ ജനങ്ങള്‍ക്കിടയില്‍ ബിജെപി പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. ‘പാര്‍ട്ടി 24 മണിക്കൂറും ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ്. അതല്ലാത്തെ ഒഴിവുസമയവിനോദമല്ല പാര്‍ട്ടിപ്രവര്‍ത്തനം. 2014ലും 2019ലും ഞങ്ങള്‍ ഇത് ചെയ്തിരുന്നു. 2019ല്‍ അമേഠി പിടിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ റായ് ബറേലി പിടിക്കാനാവും,’ ഉത്തര്‍പ്രദേശിലെ ബിജെപി വൈസ് പ്രസിഡന്റ് വിജയ് പതക്ക് പറയുന്നു.
വിജയിന്റെ അവകാശവാദം അടിസ്ഥാനരഹിതമല്ല. കാരണം ബിജെപി പ്രവര്‍ത്തകര്‍ ശ്രദ്ധയോടെ റായ് ബറേലിയില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലാണ്. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയെയാണ് റായ് ബറേലിയുടെ ചുമതല ഏല്പിച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെയും യോഗിയുടെയും നേട്ടങ്ങളാണ് ഇപ്പോള്‍ അവിടെ പ്രചാരണ വിഷയമാക്കുന്നത്.
ബൂത്ത് തലം വരെ ബിജെപിയ്ക്ക് ശക്തമായ സംഘടനാചട്ടക്കൂട് ഉണ്ട്. 2019ല്‍ റായ്ബറേലിയില്‍ വിജയിച്ചുവെങ്കിലും കൊണ്ഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലെ എല്ലാ മണ്ഡലങ്ങളും പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. തീര്‍ച്ചയായും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വിജയിക്കാനാകുമെന്ന് ബിജെപിയുടെ റായ് ബറേലി പ്രസിഡന്റ് രാംദേവ് പാല് പറയുന്നു.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 2017ല്‍ അധികാരത്തില്‍ വന്നശേഷമാണ് റായ് ബറേലി, അമേഠി മണ്ഡലങ്ങള്‍ പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടിയത്. 2018 ഏപ്രിലില്‍ റായ്ബറേലിയിലെ ബിജെപി റാലിയെ അഭിസംബോധനചെയ്യുന്ന ചടങ്ങിലാണ് അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷാ കോണ്‍ഗ്രസ് എംഎല്‍എയായ ദിനേഷ് സിംഗിനെ ബിജെപിയിലേക്ക് ചേര്‍ത്തത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരായ രാകേഷ് സിംഗും അതിഥി സിംഗും റിബലുകളായി ബിജെപിയെ സഹായിച്ചു.
ഇപ്പോള്‍ രോഗബാധിതയായ സോണിയാഗാന്ധിയ്ക്ക് പഴയതുപോലെ റായ്ബറേലിയില്‍ കൂടെക്കൂടെ എത്താനാകുന്നില്ലെന്ന പ്രശ്നമുണ്ട്. ഇതും ബിജെപിയ്ക്ക് അനുകൂലഘടകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: