കൊല്ലം: നഗരഹൃദയത്തില്‍ മാലിന്യം തള്ളാനുള്ള ചണ്ടി ഡിപ്പോയായി ആണ്ടാമുക്കത്തെ മാറ്റി കോര്പ്പറേഷന് ഭരണകൂടം. മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ ഡിവിഷനായ താമരക്കുളത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ വരുന്ന ചതുപ്പ് പ്രദേശത്താണിത്. മാലിന്യം കുമിഞ്ഞ് മലയോളം വലിപ്പത്തിലേക്ക് മാറുകയാണ്.
നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും ശുചീകരണ തൊഴിലാളികള്‍ ശേഖരിക്കുന്ന മാലിന്യവും ഇവിടെ തന്നെയാണ് നിക്ഷേപിക്കുന്നത്. കൂടാതെ അറവുമാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും വാഹനങ്ങളിലെത്തിച്ച് നിക്ഷേപിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. കോര്‍പ്പറേഷന്റെ ജെസിബി എത്തിച്ച് ചതുപ്പിനുള്ളില്‍ കുഴിയെടുത്ത് മാലിന്യമിട്ട് നികത്തി അതിനു മുകളില്‍ മണ്ണിട്ട് പോകുന്ന രീതിയാണ് തുടരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയാണ് ചതുപ്പില്‍ തള്ളുന്നത്. ഇത് പ്രദേശവാസികള്‍ക്കിടയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് ഉയര്‍ത്തുന്നത്.
ഇതുകാരണം ചിന്നക്കടയില്‍ നിന്നും വരുന്ന ഓടയും അടഞ്ഞ നിലയിലാണ്. ഓടയിലൂടെ ഒഴുകിയെത്തുന്ന മലിനജലം ചതുപ്പ് പ്രദേശത്ത് കെട്ടികിടക്കുകയും രൂക്ഷമായ ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു. സമീപത്തെ വീടുകളിലെ കിണറുകളും മലിനമാകുകയാണ്. കിണര്‍വെള്ളം ഉപയോഗിക്കാന്‍ പോലും പറ്റാത്തതായി.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതും പതിവാണ്. മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുമെന്ന് അവകാശപ്പെടുന്ന കോര്‍പ്പറേഷന്റെ മറ്റൊരു മുഖമാണ് ഇവിടെ വെളിപ്പെടുന്നത്. കൊല്ലം ഡവലപ്മെന്റ് അതോറിട്ടിയുടെ ഉടമസ്ഥതയിലാണ് നിലവില്‍ ഈ പ്രദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: