അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡോ. തോമസ് ഐസക് മത്സരിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിവരം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. പകരം ആലപ്പുഴയില്‍ മത്സരിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളും നിരന്നിട്ടുണ്ട്. അങ്ങിനെയെങ്കില്‍ ഡോ. തോമസ് ഐസക്കിന്റെ ഒടുക്കത്തെ ബജറ്റ് പ്രസംഗമാണ് വെള്ളിയാഴ്ച നിയമസഭയില്‍ ഉണ്ടായത്. അത് ദൈര്‍ഘ്യം കൊണ്ട് കെങ്കേമമായി. നിയമസഭയില്‍ ഇതിന് മുമ്പൊരിക്കലും ഇത്രയും നീണ്ട ബജറ്റ് പ്രസംഗം ഉണ്ടായിട്ടില്ല.
372 ഇനങ്ങള്‍ തിരിച്ച് 200 പേജുകളുള്ള ബജറ്റ് പ്രസംഗത്തിന്റെ പല പേജുകളും വായിക്കാതെ വിട്ടു. എന്നിട്ടും 3 മണിക്കൂര്‍ 18 മിനിട്ട് നീണ്ടു പ്രസംഗം. ഇടയ്ക്കിടയ്ക്ക് ‘ഇന്ന് വെള്ളിയാഴ്ച 12.30 പിരിയണം’ എന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്കിയില്ലായിരുന്നെങ്കില് പ്രസംഗത്തിന്റെ ദൈര്‍ഘ്യം ഇതിലും കൂടുമായിരുന്നു.
ബജറ്റ് പ്രസംഗം ചരിത്രസംഭവമാക്കാനായിരിക്കുമോ ഭാവനകള്‍ ചിറക് വിരിച്ച 15 യുവകവികളുടെ വരികള്‍ തോമസ് ഐസക് പ്രസംഗത്തിന്റെ ഭാഗമാക്കിയത്? സംശയം സ്വാഭാവികം. പാലക്കാട് കുഴല്‍മന്ദം ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസുകാരി കെ. സ്നേഹയുടെ കവിതയോടെയാണ് പ്രസംഗം തുടങ്ങുന്നത്. ‘സൂര്യന് സര്‍വ തേജസ്സോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും, വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും…’ എന്നാരംഭിക്കുന്നതാണ് ആദ്യ കവിതയെങ്കിലും ബജറ്റ് പ്രസംഗം അത്തരം പ്രതീക്ഷകളൊന്നും നല്‍കുന്നില്ല. വിദ്യാഭ്യാസമേഖലയും ഭവനപദ്ധതിയും ഈ സര്‍ക്കാര്‍ അഭിമാനിക്കുന്നത് ഇത് രണ്ടും ചൂണ്ടിക്കാട്ടിയാണ്. പ്രസംഗം തീര്‍ന്ന ഉടന്‍ കുഴല്‍മന്ദം സര്‍ക്കാര്‍ ഹൈസ്കൂളിന്റെ ദയനീയാവസ്ഥ ചില മാധ്യമങ്ങള്‍ തത്സമയം വെളിച്ചത്തുകൊണ്ടുവന്നു. സ്കൂളിന് സ്വന്തമായി കെട്ടിടമില്ല. നിലവിലുള്ള തകര്‍ന്നടിഞ്ഞ് നിലംപൊത്താന്‍ കാത്തുനില്ക്കുന്ന കെട്ടിടത്തില്‍ ഭയത്തോടെയാണ് മുന്നൂറിലധികം കുട്ടികള്‍ പഠിച്ചിരുന്നത്. ഭീതിയില്ലാതെ ഇരിക്കാന്‍ ക്ലാസ് മുറികള്‍ ഇല്ലെന്ന് മാത്രമല്ല കളിസ്ഥലം പോലുമില്ല. ബത്തേരി സ്കൂളില്‍ പാമ്പുകടിയേറ്റ് 10 വയസ്സുള്ള ഷഹ്ല ഷെറിന് മരിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണല്ലോ. സ്നേഹയെ പോലെ ഭാവനയും കാഴ്ചപ്പാടും ജന്മസിദ്ധമായ കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്ന അന്തരീക്ഷവും ആ സ്കൂളിലില്ല. സ്നേഹ കുറിച്ചുവച്ച ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കാന്‍ ഒരു വഴിയും കാണാത്ത അവസ്ഥ. സര്‍ക്കാര്‍ മേനിപറയുന്ന ഭവനപദ്ധതിയെ കൊഞ്ഞ
നം കുത്തുന്നതാണ് നിലംപൊത്താന്‍ കാത്തുനില്ക്കുന്ന പാര്‍പ്പിടവും.
‘മെല്ലെയെന്‍ സ്വപ്നങ്ങള്‍ക്ക്
ചിറകുകള് മുളയ്ക്കട്ടെ,
ഉയരട്ടെ അതിലൊരു മനോജ്ഞമാം
നവയുഗത്തിന്റെ പ്രഭാതശംഖൊലി.’
എന്ന കെ.പി. അമലിന്റെ വരികള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ഉപസംഹരിച്ചത്. നവയുഗത്തിന്റെ ശംഖൊലിയെ കുറിച്ച് വ്യക്തിപരമായ ധാരണയുടെ അഭാവം തന്നെയാകാം ഇടുക്കി കണ്ണംപടി ജിടിഎച്ച്എസിലെ അമലിന്റെ വരികള്‍ കടമെടുക്കേണ്ടിവന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
കണിയാംപറ്റ എച്ച്എസ്എസിലെ കെ.എച്ച് അളകനന്ദ അയ്യന്‍കോയിക്കല്‍ സ്കൂളിലെ കനിഹ, കോയിക്കല്‍ സ്കൂളില്‍ തന്നെയുള്ള അലക്സ് റോബിന് റോയി, വാളകം സെന്റ് സ്റ്റീഫന്‍സ് സ്കൂളിനെ അഞ്ജന സന്തോഷ്, മടവൂര്‍ ഹൈസ്കൂളിലെ ആര്.എസ്. കാര്‍ത്തിക, തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലെ എസ്.എസ്. ജാക്സണ്, തോട്ടട ടെക്നിക്കല്‍ സ്കൂളിലെ നവാലു റഹ്മാന്, മൊകേരിയിലെ വിദ്യാര്‍ഥി അരുന്ധതി ജയകുമാര്‍, പാച്ചേനിയിലെ വിദ്യാര്‍ഥി ഇനാര അലി, കണ്ണാടി പറമ്പ് സ്കൂളിലെ ഷിനാസ് അഷറഫ്, മഞ്ചേരി ജിയുപിഎസിലെ ദേവനന്ദ, കരിങ്കപ്പാറയിലെ മഫ്റ മറിയം, ഇടുക്കി ഇരട്ടയാറിലെ ആദിത്യ രവി എന്നിവരുടെ വരികളും ചേര്‍ത്താണ് ധനമന്ത്രി തന്റെ പ്രസംഗത്തിന് ദൈര്‍ഘ്യമേറ്റിയത്.
എല്ലാ വരികളും വായിക്കുമ്പോള്‍ അവര്‍ക്കൊക്കെ നല്ല ഭാവിയുണ്ട്. കവിതകള്‍ക്കൊക്കെ കാമ്പുമുണ്ട്. പക്ഷേ കേരള ബജറ്റും കുട്ടിക്കവിതകളും തമ്മിലെന്ത് ചേര്‍ച്ച എന്ന സംശയവും ബാക്കി.
കെ. കരുണാകരന് രണ്ടാമത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനം ഇന്നത്തെപ്പോലെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. അന്ന് ധനസമാഹരണത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് ജില്ലകള്‍ തോറും യേശുദാസിന്റെ ഗാനമേള. യേശുദാസ് ജില്ലകള്‍ തോറും കച്ചേരി നടത്തി. കരുണാകരന്റെ ഖജനാവ് നിറയുകയും ചെയ്തു. അന്ന് കേരളത്തിലൊരു മുദ്രാവാക്യമുയര്‍ന്നു. ”പാട്ടുപാടി ഭരിക്കാമെങ്കില്‍ യേശുദാസ് ഭരിച്ചാല്‍ പോരെ” എന്ന്. ബജറ്റ് പ്രസംഗത്തില്‍ 15 കുട്ടിക്കവിതകളും അതെഴുതിയ കവികളേയും ധനമന്ത്രി പ്രസംഗത്തിന് മികവേറ്റാന്‍ ഉപയോഗപ്പെടുത്തിയപ്പോഴും ഉയരുന്ന ചോദ്യം ‘കവികളങ്ങ് ഭരിച്ചാല്‍ പോരേ’ എന്നുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: