Categories: Social Trend

മുംബൈയ്‌ക്കെതിരേ വെടിക്കെട്ട് പ്രകടനം;ദല്‍ഹിക്കെതിരേ പൂജ്യത്തിനു പുറത്ത്;അസറുദ്ദീനെ പിണറായി അഭിനന്ദിച്ച സന്ദേശം വൈറല്‍; ട്രോളുമായി ശ്രീജിത് പണിക്കരും

Published by

തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമില്‍ വെടിക്കെട്ട് പ്രകടനമായിരുന്നു കേരള താരം മുഹമ്മദ് അസറുദ്ദീന്റേത്. മുഹമ്മദ് അസറുദ്ദീന്റെ കരിയറിലെ ആദ്യ സെഞ്ചുറിയാണ് അന്നു പിറന്നത്. 37 പന്തില്‍ നിന്നായിരുന്നു നേട്ടം. സെയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു കേരളതാരം നേടുന്ന ആദ്യ സെഞ്ചുറിയാണ് മുഹമ്മദ് അസറുദ്ദീന്‍ നേടിയത്.54 പന്തില്‍ നിന്ന് 9 ഫോറും 11 സിക്‌സറും ഉള്‍പ്പെടെ 137 റണ്‍സോടെ പുറത്താവാതെ നിന്നു. ട്വന്റി 20 കരിയറില്‍ അസറുദ്ദീന്റെ ഉയര്‍ന്ന സ്‌കോറാണിത്.

എന്നാല്‍, ഇന്നു ദല്‍ഹിക്കെതിരേ നടന്ന മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അസറുദ്ദീന്‍ പുറത്തായി. ഇഷാന്ത് ശര്‍മയുടെ പന്തില്‍ അനുജ് റാവത്തിനു ക്യാച്ച് നല്‍കിയാണ് അസര്‍ പുറത്തായത്. അസര്‍ പുറത്തായതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ അസറിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ച അഭിനന്ദന സന്ദേശം വൈറലാവുകയായിരുന്നു.  

സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ സന്ദേശം.  

അസറുദ്ദീന്‍ പുറത്തായതിനു പിന്നാലെ സംവാദകന്‍ ശ്രീജിത് പണിക്കരും ട്രോളുമായി രംഗത്തെത്തി. ജൂനിയര്‍ മാന്‍ഡ്രേക്ക് ചിത്രത്തില്‍ ജഗദീഷ് മാന്‍ഡ്രേക്കിന്റെ പ്രതിമയുമായി നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ട്രോള്‍. മുഹമ്മദ് അസ്ഹറുദ്ദീന്‍.ആദ്യ കളി: 37 പന്തില്‍ 100 റണ്‍സ്.അതാ വരുന്നു പ്രമുഖന്റെ ആശംസ.രണ്ടാമത്തെ കളി: ആദ്യ പന്തില്‍ ഡക്ക്. ഇതെങ്ങനെ സാധിക്കുന്നു അണ്ണാ എന്നായിരുന്നു പരോക്ഷമായി പിണറായി ലക്ഷ്യമിട്ടുള്ള ട്രോള്‍.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts