ശ്രീരാമജന്മഭൂമിയായ അയോധ്യയില്‍, നാലര നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനുശേഷം രാമക്ഷേത്രം പുനര്‍നിര്‍മിക്കപ്പെടുകയാണ്. ലോകമെമ്പാടുമുള്ള കോടാനുകോടി രാമഭക്തരും രാജ്യസ്നേഹികളും അഭിമാനകരമായി കാണുന്ന ഈ ദേശീയ ദൗത്യം യുഗദീര്‍ഘമായ ഭാരതത്തിന്റെ ചരിത്രത്തില്‍ സാംസ്കാരിക മുന്നേറ്റത്തിന്റെ ഐതിഹാസികമായ പുതിയൊരധ്യായം എഴുതിച്ചേര്‍ക്കുകയാണ്. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ അഞ്ചംഗ ബെഞ്ച്, ബന്ധപ്പെട്ട എല്ലാ വസ്തുതകളും പരിശോധിച്ച് അനുകൂലമായി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രൂപംകൊണ്ട ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് രാമക്ഷേത്രം ഉയരുന്നത്. ദളിത് വിഭാഗത്തില്‍പ്പെടുന്ന കാമേശ്വര് ചൗപാല്‍ 1989 ല്‍ ശിലാന്യാസം നടത്തിയ പുണ്യഭൂമിയില്‍ മൂന്നുപതിറ്റാണ്ടിനുശേഷമാണ് മഹന്ത് നിത്യഗോപാല്‍ ദാസ് അടക്കമുള്ള സംന്യാസിവര്യന്മാരുടെയും, വ്യത്യസ്ത ആധ്യാത്മിക സമ്പ്രദായങ്ങളുടെ ആചാര്യന്മാരുടെയും, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെയും മറ്റും മഹനീയ സാന്നിധ്യത്തില്‍ ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഭൂമിപൂജയോടെ മന്ദിരോദ്ഘാടനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇവിടെ ഉയരാന്‍ പോകുന്ന മഹാക്ഷേത്രം മുഴുവന്‍ മാനവരാശിയെയും പ്രചോദിപ്പിക്കുമെന്നും, ഓരോ ഹൃദയത്തിലും പ്രകാശം നിറയ്ക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവേശഭരിതമായാണ് ജനങ്ങള്‍ ഏറ്റുവാങ്ങിയത്.
ഭാരതത്തിന്റെ യശസ്സിനും മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ മഹത്വത്തിനും മാറ്റുകൂട്ടുകയും, രാമജന്മഭൂമിയില്‍ വീണ്ടും രാമക്ഷേത്രം ഉയര്‍ന്നു കാണാനുള്ള അഭിലാഷത്തില്‍ ജീവന് ബലിയര്‍പ്പിച്ച രാമഭക്തരുടെ ആത്മാക്കളോട് നീതിപുലര്‍ത്തുകയും ചെയ്യുന്ന ഭവ്യമായ മന്ദിരമാണ് അയോധ്യയില്‍ ഉയര്‍ന്നുവരുന്നത്. അന്‍പത്തിയേഴ് ഏക്കര്‍ വരുന്ന ക്ഷേത്രസമുച്ചയത്തില്‍ അന്‍പതിനായിരത്തിലേറെ ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കപ്പെടുന്ന ഈ മഹാക്ഷേത്രം മറ്റൊരു വാസ്തുവിദ്യാ വിസ്മയം കൂടിയായിരിക്കും. ഗുജറാത്തിലെ അക്ഷര്‍ധാം പോലുള്ള മഹാക്ഷേത്രങ്ങള്‍ രാജ്യത്തിനകത്തും പുറത്തും പടുത്തുയര്‍ത്തിയ, പരമ്പരാഗത വാസ്തുശില്‍പ്പിയായ ചന്ദ്രകാന്ത സോംപുര രൂപകല്‍പ്പന ചെയ്ത മാതൃകയിലാണ് ക്ഷേത്രം നിര്‍മിക്കുക. നൂറ്റാണ്ടുകളുടെ വൈദേശികാക്രമണത്തില്‍ നിന്ന് ഉണര്‍ന്നെണീറ്റ ഭാരതത്തിന്റെ ഉജ്ജ്വല പ്രതീകമായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം രൂപകല്‍പ്പന ചെയ്തത് ചന്ദ്രകാന്തിന്റെ മുത്തച്ഛന് സോംപുരയാണ്. നാഗര ശൈലിയില്‍ ഉയരുന്ന അയോധ്യയിലെ ക്ഷേത്രം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകും. ഗ്രന്ഥശാല, മ്യൂസിയം, ഗവേഷണ കേന്ദ്രം, അന്നദാന മണ്ഡപം, ധര്‍മശാല, എക്സിബിഷന് സെന്റര്‍, ഓഡിറ്റോറിയം തുടങ്ങിയവയും അനുബന്ധമായി നിര്‍മിക്കും. ക്ഷേത്രസമുച്ചയത്തിലെ സ്വര്‍ണ നിറമുള്ള നിര്മിതികളോരോന്നും രാമായണ കാലമായ ത്രേതായുഗത്തിന്റെ സ്മരണകള്‍ പ്രതിഫലിപ്പിക്കും.
ലോകചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റങ്ങളിലൊന്നായ രാമക്ഷേത്ര വിമോചനത്തിന്റെ ചാലകശക്തി രാമന് പ്രതിനിധാനം ചെയ്ത മൂല്യബോധവും സാംസ്കാരിക ബോധവും ആണെന്നത് അവിതര്‍ക്കിതമാണ്. ആധുനിക ഭാരതത്തില്‍ ഇതിനുവേണ്ടി നടന്ന അനവധിയായ പോരാട്ടങ്ങളിലുടനീളം അതിന്റെ ന്റെ പാദമുദ്രകള്‍ പതിഞ്ഞുകിടപ്പുണ്ട്. ഇപ്പോള്‍ നെടുനാളത്തെ അഭിലാഷ പൂര്‍ത്തീകരണത്തിന്റെ വേളയില്‍ രാഷ്ട്രീയ സ്വയംസേവക സംഘവും അതിന്റെ ചരിത്രപരമായ കടമ നിര്‍വഹിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളിലെ പത്ത് കോടി കുടുംബാംഗങ്ങളില്‍നിന്ന് സംഭാവന സ്വീകരിക്കാനാണ് തീരുമാനം. പത്ത് രൂപയാണ് ഏറ്റവും ചെറിയ തുക. സാമ്പത്തികശേഷിയുള്ളവര്‍ക്ക് എത്ര വലിയ തുകയും സംഭാവന ചെയ്യാം. ശ്രീരാമജന്മഭൂമിയില് പാവനമായ രാമക്ഷേത്രം നിര്‍മിക്കുന്നതോടൊപ്പം ഓരോ വ്യക്തിയുടെയും ഹൃദയമന്ദിരത്തിലും ധര്‍മത്തിന്റെ ആള്‍രൂപമായ രാമന് പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളുടെ പ്രതിഷ്ഠയും നടക്കണമെന്ന സാമൂഹ്യ ചിന്തയാണ് ഇത്തരമൊരു മഹാസമ്പര്‍ക്ക യജ്ഞത്തിന്റെ പ്രേരകശക്തി. എല്ലാവിധ ഭേദഭാവനകള്‍ക്കും അതീതമായി സാംസ്കാരിക ദേശീയതയുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുകയും, ദേശീയോദ്ഗ്രഥനത്തിന്റെ സുവര്‍ണ പാതയൊരുക്കുകയും ചെയ്യുന്ന ഈ ഉദ്യമത്തില്‍ രാജ്യസ്നേഹികളായ എല്ലാ പൗരന്മാരും പങ്കുചേരുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: