ഇരിട്ടി: വീരാജ്പേട്ട എംഎല്‍എ കെ.ജി. ബൊപ്പയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണ്ണാടകത്തിലെ ജനപ്രതിനിധികളുടെ സംഘം കൂട്ടുപുഴയില്‍ എത്തി പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. കര്‍ണാടക വനം വകുപ്പിന്റെ തടസ്സവാദങ്ങള്‍ മൂലം പാതിവഴിയില്‍ മൂന്ന് വര്‍ഷമായി മുടങ്ങിക്കിടന്ന കൂട്ടുപുഴ പാലം പണി അന്തിമാനുമതി ലഭിച്ചതോടെ കഴിഞ്ഞ ആഴ്ചയാണ് പുനരാരംഭിച്ചത്. വീരാജ്പേട്ട എംഎല്‍എയും മുന്‍ കര്‍ണ്ണാടക വിധാന്‍ സഭ സ്പീക്കറുമായ കെ.ജി. ബൊപ്പയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവ്യത്തി വിലയിരുത്താന്‍ സ്ഥലം സന്ദര്‍ശിച്ചത് .
പാലം പണി പുനരാരംഭിക്കുന്നതിന് കര്‍ണ്ണാടക വനം വകുപ്പ് കെ എസ്ടിപിക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇവയെല്ലാം പാലിച്ചു കൊണ്ടാണ് നിര്‍മ്മാണം നടക്കുന്നത്. നിര്‍മ്മാണ സാമഗ്രികളൊന്നും വനമേഖലയില്‍ ഇറക്കി വെക്കരുതെന്നും , പരിസ്ഥിതിക്ക കോട്ടം ഉണ്ടാക്കുന്ന പ്രവ്യത്തികളൊന്നും നടത്തരുതെന്നുമായിരുന്നു ഇവരുടെ നിര്‍ദ്ദേശം. ഇവരുടെ സന്ദര്‍ശനത്തോടെ പാലം നിര്‍മ്മാണത്തിന്റെ പേരിലും അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലും മൂന്ന് വര്‍ഷമായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പിരിമുറുക്കത്തിന് അയവുവരുത്താനായി എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞയാഴ്ച്ച പ്രവ്യത്തി ആരംഭിച്ചപ്പോള്‍ സണ്ണി ജോസഫ് എം എല്‍ എയുടെ നേതൃത്വത്തിലുള്ള ജന പ്രതിനിധി സംഘവും ഇവിടെ എത്തി പ്രവ്യത്തി വിലയിരുത്തിയിരുന്നു.
കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കേ 2017 ഡിസംബര്‍ 27 നാണ് കര്‍ണാടക വനം വകുപ്പ് കൂട്ടുപുഴ പാലം പണി തടസപ്പെടുത്തിയത്. പാലം ബന്ധിപ്പിക്കുന്ന മറുകരയിലെ സ്ഥലം കര്‍ണാടക വനഭൂമിയാണ് എന്ന വാദം ഉയര്‍ത്തിയായിരുന്നു പണി തടസ്സപ്പെടുത്തിയത് . തലശ്ശേരി – വളവുപാറ അന്തര്‍ സംസ്ഥാന റോഡ് നവീകരണ പദ്ധതിയില്‍പ്പെടുത്തിയാണ് കൂട്ടുപുഴ ഉള്‍പ്പെടെയുള്ള ഏഴ് പുതിയ പാലങ്ങളുടെയും 54ികിലോമീറ്റര് റോഡിന്റെയും നിര്‍മ്മാണം കെ എസ് ടി പി ആരംഭിച്ചത്. 2018 സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതിയുടെ കാലാവധി നാലു തവണ നീ്ട്ടി നല്‍കേണ്ടി വന്നു. റോഡുകളുടെയും പാലങ്ങളുടേയും നിര്‍മ്മാണത്തിനായി ആദ്യഘട്ടത്തില്‍ 366കോടി രൂപയാണ് അനുവദിച്ചത്. പുഴയുടെ ഗതിമാറ്റി പുഴയില്‍ നിന്നും കര്‍ണ്ണാടക വനമേഖലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ തൂണിന്റെയും സ്പാനിന്റെയും നിര്‍മ്മാണത്തിനുള്ള പ്രവ്യത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് . നാലുമാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുന്നത് .
കര്‍ണ്ണാടക സംഘത്തില്‍ എംഎല്‍എക്ക് പുറമെ കുടക് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അച്ചപ്പണ്ഡ മഹേഷ്, ശശി സുബ്രഹ്മണ്യം, താലൂക്ക് പഞ്ചായത്ത് അംഗം ഗണേഷ്, പഞ്ചായത്ത് അംഗം എം.എം. രാജ്, ബിജെപി കുടക് ജില്ലാ പ്രസിഡന്റ് രഘുനാണയ്യ, മാക്കൂട്ടം ഉള്‍പ്പെടുന്ന വാര്‍ഡ് മെമ്പര്‍ രഞ്ജിത്ത് , ശുപ്പനാഗരാജ്, ജോക്കി ഡ്രോഡസ് എന്നിവരും ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര്. സുരേഷ്, സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രന്, നിയോജക മണ്ഡലം സെക്രട്ടറി പ്രിജേഷ് അളോറ എന്നിവരും ഉണ്ടായിരുന്നു.
പാലം പണി പൂര്‍ത്തിയാകുന്നതോടൊപ്പം മാക്കൂട്ടം ചുരം റോഡിന്റെ നവീകരണവും പൂര്‍ത്തിയാക്കുമെന്ന് വീരാജ്പേട്ട എം എല്‍ എ കെ.ജി. ബൊപ്പയ്യ മാധ്യമങ്ങളോട് പറഞ്ഞു. . കാലവര്‍ഷത്തില്‍ ഉണ്ടായ നാശം പരിഹരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. 15 കോടിയോളം രൂപ ഇതിനായി ചിലവഴിച്ചു കഴിഞ്ഞു . തുടര്‍ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം പൂര്‍ത്തിയാക്കും. കുടക് ജില്ലയിലുള്ളവര്‍ക്ക് എള്ളുപ്പത്തില്‍ എത്താവുന്ന കണ്ണൂര്‍ വിമാനത്താവളം എന്ന നിലക്കും കര്‍ണ്ണാടകത്തില്‍ നിന്നുള്ള കാര്‍ഷിക വിളകളുമായി ധാരാളം കര്‍ഷകര്‍ എത്തുന്ന പ്രദേശം എന്ന നിലയിലും ചുരം പാതയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പാലം പണി യിലെ അനിശ്ചിതത്വം തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിനൊപ്പം കര്‍ണ്ണാടക സര്‍ക്കാറും മുന്‍കൈയെടുത്തത് ഇതിന്റെ ഭാഗമായാണെന്നും ബൊപ്പയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: